2026 ജനുവരി രണ്ടു മുതൽ പതിനൊന്ന് വരെ പാലക്കാട് ജില്ലയിലെ തൃത്താല ചാലിശ്ശേരിയിൽ സംഘടിപ്പിക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയുടെ ഭാഗമായി സംഘാടക സമിതി ഒാഫീസ് തുറന്നു. ചാലിശ്ശേരിയിൽ സംഘാടക സമിതി ഒാഫീസിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ശ്രീഭദ്ര അയൽക്കൂട്ടത്തിലെ മുതിർന്ന കുടുംബശ്രീ അംഗമായ സരോജിനി എന്നിവർ സംയുക്തമായി നിർവഹിച്ചു. പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇതോടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകരും രുചിവൈവിധ്യങ്ങളും വിരുന്നെത്തുന്ന ദേശീയ സരസ്മേളയ്ക്കുള്ള ഒരുക്കങ്ങൾ തൃത്താലയിൽ സജീവമായി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ലഭിക്കുന്ന 250-ലേറെ ഉൽപന്ന വിപണന സ്റ്റാളുകൾ മേളയോടനുബന്ധിച്ച് സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്ന 25-ലേറെ സ്റ്റാളുകൾ അടങ്ങുന്ന ഫുഡ് കോർട്ട്, കലാ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ പങ്കെടുക്കുന്ന കലാപരിപാടികൾ, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ എന്നിവയെല്ലാം ദിവസേന ഉണ്ടാകും. മേളയുടെ വിജയകരമായ നടത്തിപ്പിനായി പതിനേഴ് ഉപസമിതികളും രൂപീകരിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ (ഇൻ ചാർജ്) ബി.എസ് മനോജ് സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ ടി.പി കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാനിബ ടീച്ചർ, തൃത്താല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി, വാർഡ് മെമ്പർമാരായ ശിവാസ്, ആനി വിനു, തൃത്താല മണ്ഡത്തിലെ വിവിധ സി.ഡി.എസുകളിലെ സി.ഡി.എസ് അധ്യക്ഷമാർ, പഞ്ചായത്ത് മെമ്പർമാർ, കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്യാംകുമാർ കെ.യു, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ അനുരാധ എസ്, സുഭാഷ് പി.ബി, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ മുഹമ്മദ് ഷാൻ എസ്.എസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ളോക്ക് കോർഡിനേറ്റർമാർ, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
- 64 views



