കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് പുതിയ പദ്ധതികൾക്ക് കുടുംബശ്രീ തുടക്കമിടുന്നു. "സാന്ത്വന മിത്രം', "സ്കിൽ @കോൾ' , ഷോപ് @ഡോർ എന്നീ പദ്ധതികളാണ് കുടുംബശ്രീ മുഖേന നടപ്പാക്കുക. കുടുംബശ്രീ തൊഴിൽ ക്യാമ്പയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്നതാണ് പദ്ധതി നടത്തിപ്പിന്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പദ്ധതി ആരംഭിക്കും.
തിരുവനന്തപുരത്ത് പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്ദിനേശൻ നിർവഹിച്ചു. വിജ്ഞാന കേരളം പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായി.
സംസ്ഥാനത്ത് 50000 കുടുംബശ്രീ അംഗങ്ങൾക്ക് രോഗീപരിചരണ മേഖലയിൽ പരിശീലനം നൽകി പ്രാദേശികമായി തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയാണ് "സാന്ത്വന മിത്രം'. പദ്ധതിയുടെ ഭാഗമായി ഒാരോ തദ്ദേശ സ്ഥാപനത്തിലുമുള്ള കുടുംബങ്ങളിൽ നിന്നും കിടപ്പു രോഗികളുടെയും പരിചരണം ആവശ്യമുള്ളവരുടെയും വിവരങ്ങൾ ശേഖരിക്കും. സേവനം ആവശ്യമുള്ള കുടുംബങ്ങളുടെ സമീപത്തുള്ള സേവനദാതാക്കൾക്കായിരിക്കും മുൻഗണന നൽകുക. രോഗീ പരിചരണത്തിന് വലിയ തുക നൽകാൻ കഴിവില്ലാത്ത സാധാരണക്കാരായ ആളുകൾക്ക് മിതമായ വേതനം നൽകി ഇവരുടെ സേവനം ലഭ്യമാക്കാനാകും. പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ നിന്നും തിരഞ്ഞെടുക്കുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകി ഒാരോ വാർഡിലും വിന്യസിക്കും.
പ്ളംബിങ്ങ്, ഇലക്ട്രിക്കൽ റിപ്പയറിങ്ങ് തുടങ്ങിയ മേഖലകളിൽ നൈപുണ്യ പരിശീലനം നൽകി ബ്ളോക്ക്തലത്തിൽ മൾട്ടി ടാസ്കിങ്ങ് ടീം രൂപീകരിക്കുന്നതിനാണ് സ്കിൽ @കോൾ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഇതിനായി അയൽക്കൂട്ട, ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് കഴിവും താൽപര്യവുമുള്ള തൊഴിലനേ്വഷകരെ കണ്ടെത്തും. നിലവിൽ സി.ഡി.എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ അനേ്വഷകരെയും പുതുതായി എത്തുന്നവരെയും പദ്ധതിയുടെ ഭാഗമാക്കും. സേവന മേഖലയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും.
അഭ്യസ്തവിദ്യരായ വനിതകളെ നിർമാണ മേഖലയിലും ഡോർ ടു ഡോർ ഡെലിവറി സംവിധാനത്തിലും പ്രാപ്രാക്കുന്നതിനായി ആവിഷ്ക്കരിച്ച പദ്ധതിയാണ് ഷോപ് @ഡോർ. വാതിൽപ്പടി സേവനങ്ങൾ പ്രാദേശികമായി ലഭ്യമാക്കുന്നതു വഴി തൊഴിലും വരുമാനവും നേടാൻ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൈപുണ്യ വികസനം നൽകുന്നതിനൊപ്പം തൊഴിൽ സൗകര്യത്തിനായി ഇരുചക്രവാഹനം വാങ്ങുന്നതുൾപ്പെടെ വായ്പയും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
മൂന്നു പദ്ധതികൾ വഴിയും ആവശ്യാനുസരണം സേവനങ്ങൾ ലഭ്യമാക്കൽ, സേവനങ്ങളുടെ ഗുണനിലവാരം, സേവനദാതാക്കളുടെ സുരക്ഷ, കൃത്യമായ വേതനം എന്നിവ സി.ഡി.എസ് തൊഴിൽ കേന്ദ്രം വഴി ഉറപ്പു വരുത്തും. കൂടാതെ ഒാരോ അംഗത്തിനും ലഭ്യമാകുന്ന തൊഴിൽ സാഹചര്യം, പ്രവർത്തന വിലയിരുത്തൽ എന്നിവയും തൊഴിൽ കേന്ദ്രങ്ങൾ മുഖേന നടത്തും. വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ കണ്ടെത്തിയ തൊഴിൽ അനേ്വഷകരെ കൂടി ഉൾപ്പെടുത്തിയാകും രണ്ടാം ഘട്ട തൊഴിൽ പരിശീലനങ്ങൾ ആരംഭിക്കുക. ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനായി കുടുംബശ്രീയും വിജ്ഞാന കേരളവും സംയുക്തമായി വിപുലമായ കർമപദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും പദ്ധതി പ്രവർത്തനങ്ങൾ.
വിജ്ഞാന കേരളം ജില്ലാ മിഷൻ കോർഡിനേറ്റർ ജിൻരാജ് വി.പി സ്വാഗതം പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി അധ്യക്ഷനായി. അസിസ്റ്റന്റ് കോർഡിനേറ്റർ ഷീന എ നന്ദി പറഞ്ഞു.
- 74 views



