കുടുംബശ്രീ ഒാക്സെല്ലോ ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് ഒാക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ സംസ്ഥാനതല സംഗമം "ജെൻനെക്സ്റ്റ് സമ്മിറ്റ് 2025' 29ന് തിരുവനന്തപുരം നിശാഗന്ധി ഒാഡിറ്റോറിയത്തിൽ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് രാവിലെ 11-ന് ജെൻനെക്സ്റ്റ് സമ്മിറ്റ് ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ 1070 കുടുംബശ്രീ സി.ഡി.എസുകളിലും പ്രവർത്തിക്കുന്ന ഒാക്സിലറി ഗ്രൂപ്പുകളിൽ നിന്നും ഒാരോ അംഗവും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായി അറുനൂറോളം അംഗങ്ങളും ഉൾപ്പെടെ രണ്ടായിരത്തോളം അംഗങ്ങൾ സമ്മിറ്റിൽ പങ്കെടുക്കും. വയനാട് ജില്ലയിൽ നിന്നുളള കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പ് അംഗവും സിനിമാ പിന്നണി ഗായികയുമായ ശ്രുതി കെ.എസ് മുഖ്യാതിഥിയാകും.
ഉദ്ഘാടന സമ്മേളനത്തിന് ശേഷം 2.15-ന് നടക്കുന്ന ഒാപ്പൺ ഫോറത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, പ്ളാനിങ്ങ് ബോർഡ് അംഗം ജിജു പി.അലക്സ്, സ്റ്റാർട്ടപ് മിഷൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ അനൂപ് അംബിക, യുവ സംരംഭകരായ അനു അശോക്, ഷാന നസ്റിൻ എന്നിവർ പങ്കെടുക്കും. കുടംബശ്രീ മുഖേന നടത്തി വരുന്ന കുടുംബശ്രീ ടെക്നോളജി അഡ്വാൻസ്മെന്റ് പ്രോഗ്രാം-കെ-ടാപ് പദ്ധതി സംബന്ധിച്ച് പ്രോഗ്രാം ഒാഫീസർ ഡോ.എസ് ഷാനവാസ് അവതരണം നടത്തും. ഒാക്സിലറി ഗ്രൂപ്പുകൾ നടത്തി വരുന്ന മികച്ച പ്രവർത്തനങ്ങളും സമ്മിറ്റിൽ അവതരിപ്പിക്കും.
കുടുംബശ്രീ ഒാക്സിലറി ഗ്രൂപ്പുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ടുകൊണ്ട് ആരംഭിച്ച "ഒാക്സെല്ലോ' ക്യാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജെൻനെക്സ്റ്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി നേരത്തെ സംസ്ഥാനത്ത് 19470 വാർഡുകളിലും ഒാക്സെല്ലോ ഫെസ്റ്റും തുടർന്ന് സി.ഡി.എസ് തലത്തിൽ ജെൻസിങ്ക് മീറ്റ് @ 25 സി.ഡി.എസ് മീറ്റും സംഘടിപ്പിച്ചിരുന്നു. ഇതുവഴി ഒമ്പതിനായിരത്തിലേറെ പുതിയ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഒരു ലക്ഷത്തിലേറെ വനിതകൾ പുതുതായി അംഗത്വമെടുക്കുകയും ചെയ്തിട്ടുണ്ട്. ഇവർക്ക് മികച്ച ഉപജീവന സാധ്യതകൾ തുറന്നു കൊടുക്കുക എന്നതും ക്യാമ്പയിന്റെ ലക്ഷ്യമാണ്.
- 101 views



