കുടുംബശ്രീ ദേശീയ സരസ് മേള : സമ്മാനക്കൂപ്പൺ പ്രകാശനം ചെയ്തു

Posted on Monday, October 27, 2025

കുടുംബശ്രീയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംയുക്തമായി 2026 ജനുവരി രണ്ടു മുതൽ 11 വരെ പാലക്കാട് തൃത്താല ചാലിശ്ശേരിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ സമ്മാനക്കൂപ്പണിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഹാളിൽ തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടിക്ക് നൽകി നിർവഹിച്ചു.

അമ്പത് രൂപയാണ് സമ്മാനക്കൂപ്പണിന്റെ വില. ഒരാൾക്ക് എത്ര കൂപ്പണുകൾ വേണമെങ്കിലും വാങ്ങാം. വിജയികൾക്ക് ഒന്നാം സമ്മാനം സ്വിഫ്റ്റ് കാർ, രണ്ടാം സമ്മാനമായി ബൈക്ക്. മൂന്നാം സമ്മാനമായി എൽ.ഇ.ഡി ടി.വി, നാലാം സമ്മാനമായി ഫ്രിഡ്ജ് എന്നിവ ലഭിക്കും. ഇതു കൂടാതെ സ്വർണ നാണയങ്ങൾ ഉൾപ്പെടെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. സരസ് മേളയുടെ സമാപനത്തോടനുബന്ധിച്ചാണ് നറുക്കെടുപ്പ്.

സരസ് മേളയ്ക്കു വേണ്ടി ആദ്യ സംഭാവനയായി അഞ്ചു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി എം.ബി രാജേഷിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോൾ, സെക്രട്ടറി എം. രാമൻകുട്ടി എന്നിവർ ചേർന്നു കൈമാറി.

രണ്ടര കോടി രൂപയുടെ സമ്മാനക്കൂപ്പണുകൾ വിറ്റഴിക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.എസ് മനോജ്, അസിസ്റ്റന്റ് കോർഡിനേറ്റർ അനുരാധ എസ്, നവകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി.സെയ്തലവി, ജില്ലാ പ്രോഗ്രാം മാനേജർ സബിത മധു, കുടുംബശ്രീ ജില്ലാ മിഷൻ സ്റ്റാഫ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

Content highlight
kudumbashree national saras mela at palakkad ; fest gift coupon released