കുടുംബശ്രീ അഗ്രി ബിസ്നെസ്റ്റ് മലപ്പുറത്തും

Posted on Tuesday, October 21, 2025

കുടുംബശ്രീയുടെ കാര്‍ഷിക സംരംഭക പ്രവര്‍ത്തനങ്ങള്‍ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതും കാര്‍ഷിക സംരംഭക മേഖലയിലെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും കുടുംബശ്രീ അംഗങ്ങള്‍ക്ക് മനസ്സിലാക്കി നല്‍കുന്നതും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന കുടുംബശ്രീ അഗ്രി ബിസിനസ് നെറ്റ്‌വര്‍ക്കിങ് (കെഎ ബിസ്‌നെസ്റ്റ്- KA BIZNEST) പദ്ധതി മലപ്പുറത്തും. കുടുംബശ്രീ കാര്‍ഷിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലെയും കോളേജുകളുമായി സഹകരിച്ച് നടത്തുന്ന ഈ കൂട്ടായ്മ മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജില്‍ സംഘടിപ്പിച്ചു. സംരംഭക മീറ്റും ഉത്പന്ന പ്രദര്‍ശന വിപണന മേളയും ഉള്‍പ്പെടുന്ന ബിസ്‌നെസ്റ്റിന്റെ ഉദ്ഘാടനം കായിക, വഖഫ്, ഹജ്ജ്, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി ശ്രീ. വി. അബ്ദുറഹിമാന്‍ നിർവഹിച്ചു.

ജില്ലയിലെ ഏറ്റവും മികച്ച 32 കുടുംബശ്രീ സംരംഭകരുടെ വിവിധതരത്തിലുള്ള കാര്‍ഷിക മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ ശനം, വിപണനം എന്നിവയ്ക്കൊപ്പം സംരംഭ വികസന സെമിനാറും ബിസ്‌നെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചു. കൂടാതെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ച് കുടുംബശ്രീ സംരംഭകര്‍ക്കും കോളേജ് വിദ്യാര്‍ഥികള്‍ക്കും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സീനിയര്‍ ടെക്‌നോളജി ഫെല്ലോ റോണി കെ.റോയ് ക്ലാസ് നയിച്ചു. സംരംഭകര്‍ക്ക് അവരുടെ സംരംഭക യാത്രയിലെ അനുഭവങ്ങളും, പാഠങ്ങളും പങ്കുവെക്കാനുള്ള വേദിയും പരിപാടിയിലൊരുക്കിയിരുന്നു.

ഉദ്ഘാടന ചടങ്ങില്‍ കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റഹ്‌മത്തുന്‍സാ. ഐ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ് മുഖ്യാതിഥിയായി. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ. എസ്. ഷാനവാസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ രമ്യ രാജപ്പൻ, കുടുംബശ്രീ മലപ്പുറം അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരായ രഗീഷ്.ആര്‍, പ്രസാദ് ടി.വി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, കോളേജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് കുമാര്‍.ബി സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജര്‍ മന്‍ഷൂബ പി.എം നന്ദിയും പറഞ്ഞു. കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും അഗ്രി ബിസ്നെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അതാത് ജില്ലകളിലെ കോളേജുകളുമായി സഹകരിച്ച് കുടുംബശ്രീ സംഘടിപ്പിച്ചിരുന്നു.

Content highlight
kabiznest