കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കാസര്‍ഗോഡ് കുടുംബശ്രീ ജില്ലാ മിഷന്‍ നടപ്പിലാക്കുന്ന ‘ബാക്ക് ടു ഫാമിലി 2025′ അയല്‍ക്കൂട്ടങ്ങളിലൂടെ കുടുംബങ്ങളിലേക്ക്’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സ്ത്രീ ശാക്തീകരണം, സുരക്ഷിത ബാല്യം, മികവാര്‍ന്ന രക്ഷാകര്‍തൃത്വം, കുടുംബാരോഗ്യം, കുട്ടിയും അവകാശവും എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി പൗരബോധമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതും കുട്ടികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തെ മികച്ച രക്ഷാകര്‍തൃത്വത്തിലൂടെ പരിപോഷിപ്പിക്കുന്നതും സ്ത്രീ ശാക്തീകരണത്തിലൂന്നിയ ശേഷിയിലേക്ക് കുടുംബങ്ങളെ നയിക്കുന്നതും ആരോഗ്യ സാക്ഷരതയുള്ള കുടുംബം എന്ന നേട്ടം കൈവരിക്കുന്നതുമാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
ബാക് ടു ഫാമിലിയുടെ ജില്ലാതല ഉദ്ഘാടനം മടിക്കൈ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഗീതനാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഴുത്തുകാരന്‍ സുറാബ് മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ രതീഷ് പിലിക്കോട് പദ്ധതി വിശദീകരണം നടത്തി.
ഒക്ടോബര്‍ 30ന് ഔദ്യോഗികമായി സമാപിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് വീതം ജനപ്രതിനിധികളെ റിസോഴ്‌സ് പേഴ്‌സ്സണ്‍മാരായി പങ്കെടുപ്പിച്ച് ബാക് ടു ഫാമിലി പരിശീലനങ്ങള്‍ നല്‍കിവരികയാണ്. വരുന്ന അവധി ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കും ഇവര്‍ മുഖേന പരിശീലനങ്ങള്‍ നല്‍കുകയും ഈ പരിശീലനം സിദ്ധിച്ച അയല്‍ക്കൂട്ടാംഗങ്ങളിലൂടെ ജില്ലയിലെ 1,88,900 അയല്‍ക്കൂട്ട കുടുംബങ്ങളിലേക്ക് ബാക്ക് ടു ഫാമിലി ലക്ഷ്യങ്ങള്‍ എത്തിക്കുകയും ചെയ്യും. ഓരോ കുടുംബത്തിന്റെയും ആര്‍ജ്ജിച്ചെടുക്കേണ്ട ആരോഗ്യ അറിവും, പരിരക്ഷയും സംബന്ധിച്ച അയല്‍ക്കൂട്ടതല പ്ലാനുകള്‍ തയ്യാറാക്കി കൂട്ടായി നേടിയെടുക്കുന്നതിനുള്ള ശ്രമങ്ങളും നടത്തും.
ഉദ്ഘാടന ചടങ്ങില്‍ ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
- 6 views



