തള്ത്ത തളിറ് - പോസ്റ്റര്‍ പ്രകാശനം ചെയ്തു

Posted on Tuesday, October 14, 2025

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടിയുടെ സാമൂഹിക, സാംസ്‌ക്കാരിക പശ്ചാത്തലത്തില്‍ തദ്ദേശീയ മേഖലകളിലെ വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ബാലാവകാശം, ലഹരി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹ്രസ്വ ചിത്രം തള്ത്ത തളിറ്-ന്റെ പോസ്റ്റര്‍ പ്രകാശനം തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു. പാലക്കാട് ഇന്ന് സംഘടിപ്പിച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വിഷന്‍ 2031 സെമിനാറിലായിരുന്നു പോസ്റ്റര്‍ പ്രകാശനം.

തദ്ദേശീയ മേഖലയിലെ കുട്ടികള്‍ക്കായി കുടുംബശ്രീ സംഘടിപ്പിച്ച കനസ് ജാഗ ഫിലിം ഫെസ്റ്റിവലിനായി തയാറാക്കിയ ഹ്രസ്വ ചലച്ചിത്രങ്ങളില്‍ കഥ,അഭിനയം,സംവിധാനം എന്നിവ നിര്‍വഹിച്ച കുട്ടികളും അട്ടപ്പാടിയിലെ അയൽക്കൂട്ട അംഗങ്ങളും ഈ ചിത്രത്തിന്റെ ഭാഗമായി. കനസ് ജാഗ റിസോഴ്‌സ് പേഴ്‌സണും അട്ടപ്പാടി സ്‌പെഷ്യല്‍ പ്രോജക്ട് യൂത്ത് കോര്‍ഡിനേറ്ററുമായ സുരേഷ് ശ്രീ എറിക് ആണ് തള്ത്ത തളിറ്-ന്റെ കഥ എഴുതി സംവിധാനം ചെയ്തിട്ടുള്ളത്. സിനിമ അടുത്ത മാസം റിലീസ് ചെയ്യും.

  ചടങ്ങില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍ ഡോ. ബി. ശ്രീജിത്ത്, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ്, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ജസ്റ്റിന്‍ മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ജിഷ്ണു ഗോപൻ, അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജോമോന്‍ കെ.ജെ എന്നിവര്‍ പങ്കെടുത്തു. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അഗളി, ഷോളയൂര്‍, പുതൂര്‍, കുറുമ്പ പഞ്ചായത്ത് സമിതികള്‍ എന്നിവര്‍ ചിത്ര നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

Content highlight
thaltha thalir poster released