കേരളം സൃഷ്ടിച്ച കരുതലിൻ്റെ മാതൃകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങൾ: മന്ത്രി എം. ബി രാജേഷ്

Posted on Sunday, August 17, 2025

കേരളം സൃഷ്ടിച്ച  കരുതലിൻ്റെ മാതൃകയാണ് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങളെന്നു തദ്ദേശ സ്വയംഭരണ പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ് പറഞ്ഞു.  കുടുംബശ്രീ ബഡ്സ് ദിനാഘോഷം -സംസ്ഥാനതല ഉദ്ഘാടനം  പാലക്കാട് തൃത്താല ബഡ്സ് റിഹാബിലിറ്റേഷൻ സെന്റ്റിൽ    നിർവഹിച്ചു  സംസാരിക്കുകയായിരുന്നു.

സാമൂഹിക വികസന രംഗത്ത് കുടുംബശ്രീ മുഖേന നടപ്പാക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ്  ബഡ്‌സ് എന്ന് മന്ത്രി പറഞ്ഞു.   കുടുംബശ്രീ നടത്തി വരുന്ന ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽഅഭേദ്യമായ പ്രവർത്തനമാണ് ബഡ്‌സിൻ്റേത്. ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് കൊണ്ട് പ്രവർത്തനം ആരംഭിച്ച കുടുംബശ്രീക്ക് ലഭിച്ച  അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബഡ് സ് സ്ഥാപനങ്ങൾ ആരംഭിച്ചത്. ദരിദ്ര കുടുംബങ്ങളിൽ മാനസികവും ബൗദ്ധികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ളവ രോ ഉണ്ടെങ്കിൽ അവരെ പരിചരി ക്കുന്നതിനായി രക്ഷിതാക്കൾക്ക്   വീട്ടിൽ കഴിയേണ്ടി വരുന്നു.  തൊഴിൽ ചെയ്യാൻ പുറത്ത് പോകാൻ കഴിയാത്ത സാഹചര്യത്തിൽ  അത് ആ കുടുംബത്തെ കൂടുതൽ ദാരിദ്ര്യത്തിലാക്കുകയും ചെയ്യുന്നു എന്ന   തിരിച്ചറിവാണ്  ഈ സാമൂഹ്യ പ്രശ്നത്തിന് പരിഹാരമായി  കുടുംബശ്രീയുടെ നേതൃത്വത്തിൽ ബഡ്‌സ് സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത്.
  തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ടാണ്  കുടുംബശ്രീ ഈ  പദ്ധതി നടപ്പാക്കുന്നത്. ബഡ്സ്.  2004 ആഗസ്റ്റ് 16ന് തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് ആദ്യത്തെ ബഡ്സ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.   അതു കൊണ്ട് എല്ലാ വർഷവും ഈ ദിവസം കുടുംബശ്രീ ബഡ്സ് ദിനമായി ആഘോഷിച്ചു വരികയാണ്.  

  നിലവിൽ സംസ്ഥാനമൊട്ടാകെ  378 ബഡ്സ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.  ഇതിൽ  166 എണ്ണം ബഡ്സ് സ്പെഷൽ സ്കൂളുകളാണ്. 212 എണ്ണം പതിനെട്ടു വയസിന് മുകളിൽ പ്രായമുള്ള ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ പകൽ പരിപാലനത്തിനും തൊഴിൽ പരിശീലനത്തിനും പുനരധിവാസത്തിനുമായി പ്രവർത്തിക്കുന്ന ബഡ്സ് പുനരധിവാസകേന്ദ്രങ്ങളാണ്.   പദ്ധതിയുടെ ഭാഗമായി ബഡ്സ് സ്ഥാപനങ്ങളിലുള്ള  13081 പേർക്ക് അവരുടെ ദൈനംദിന ജീവിതം, പുനരധിവാസം. തൊഴിൽ പരിശീലനം എന്നിവയ്ക്ക് പിന്തുണ ലഭ്യമാകുന്നു.  

ബഡ്സ് സ്ഥാപനങ്ങളുടെ മികച്ച നടത്തിപ്പിനും പരിശീലനാർത്ഥികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കുമായി നിരവധി പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. ബഡ്സ് വിദ്യാർത്ഥികളുടെ യാത്രാക്ളേശം പരിഹരിക്കുന്നതിനായി സ്കൂളുകൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു നൽകി കൊണ്ടിരിക്കുകയാണ്.  ബഡ്സ് വിദ്യാർത്ഥികളുടെ ഉൽപന്നങ്ങൾ "ഇതൾ' എന്ന പേരിൽ ബ്രാൻഡ് ചെയ്തു.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ അതിഥി കളെ സ്വീകരിക്കാൻ    ബഡ്‌സ് വിദ്യാർഥികൾ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കണമെന്ന് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

സ്മാർട്ട് ക്ളാസ് റൂം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 182 ബഡ്സ് സ്ഥാപനങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം 3.64 കോടിരൂപയാണ് സർക്കാർ അനുവദിച്ചത്. കൂടാതെ പുതുതായി ആരംഭിക്കുന്ന ബഡ്സ് സ്ഥാപനങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനായി 25 ലക്ഷം രൂപ വീതം അനുവദിക്കുന്നതിനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

 
ബഡ്സ് സ്ഥാപനങ്ങളിലെ പരിശീലനാർത്ഥികളുടെ സർഗാത്മകത വളർത്തുന്നതിനായി എല്ലാ വർഷവും ബഡ്സ് കലോത്സവം സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ കായിക മികവ് പ്രകടിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ബഡ്സ് ഒളിമ്പിയയും സംഘടിപ്പിച്ചു. ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാനസികവും ബൗദ്ധികവുമായ വികാസത്തിനായി സഞ്ജീവനി അഗ്രി തെറാപ്പി പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇവരുടെ മാതാപിതാക്കൾക്ക് തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നു. ഇത് കൂടാതെ ബഡ്‌സ് ആയ മാർക്കും ടീച്ച ർമാർക്കും കുട്ടികളുടെ അമ്മമാർക്കും ഉള്ള പരിശീലനം ഈ വർഷം ആരംഭിക്കുമെന്നും ഇങ്ങനെ എല്ലാ അർത്ഥത്തിലും  സർക്കാർ  ബഡ്‌സ് വിദ്യാർത്ഥികൾക്ക് കരുതലൊരുക്കി അവരെ ചേർത്ത് നിർത്തുകയാണെന്നും
മന്ത്രി പറഞ്ഞു.  

തൃത്താല ബഡ്‌സ് സ്ഥാപനത്തിലെ കുട്ടികൾ നിർമ്മിച്ച  ഇതൾ ' നോട്ട്ബുക്കിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.
വേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച
തൃത്താല, തീരുമിട്ടക്കോട്, പട്ടിത്തറ  റീഹാബിൽറ്റേഷൻ സെൻ്റർ എന്നിവിടങ്ങളിലെ കുട്ടികളെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും രക്ഷിതാക്കളെയും
മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. തൃത്താല ബഡ്‌സ് സ്കൂളിലെ വിദ്യാർഥികളായ വിജിഷ, ജെസ്സ എന്നിവർ തയ്യാറാക്കിയ എംബോസ് പെയിൻ്റിംഗ്   മന്ത്രി എം. ബി രാജേഷിന്
സമ്മാനിച്ചു.

തൃത്താല, തിരുമിറ്റക്കോട്,പട്ടിത്തറ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്റർ എന്നിവടങ്ങളിലെ അധ്യാപകർക്ക്   മന്ത്രി എം. ബി. രാജേഷ്  മൊമെന്റോ നൽകി ആദരിച്ചു.

തൃത്താല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി. കെ ജയ സ്വാഗതം പറഞ്ഞു. തൃത്താല ബ്ളോക്ക് പഞ്ചായത് പ്രസിഡന്റ് അഡ്വ .വി. പി റജീന അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മാരായ  ടി. സുഹറ,ഷറഫുദ്ദീൻ കളത്തിൽ, തൃത്താല ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്പ്രസിഡന്റ്‌  പി. ആർ. കുഞ്ഞുണ്ണി,തൃത്താല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ. പി. ശ്രീനിവാസൻ, ജില്ലാപഞ്ചായത്ത്  അംഗങ്ങളായ  അനു വിനോദ്, ഷാനിബ,  കമ്മുക്കുട്ടി എടത്തോൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കുബ്റ ഷാജഹാൻ,തൃത്താല ഗ്രാമപഞ്ചായത്ത് വികസനകാര്യ അധ്യക്ഷ  പി. ദീപ, ക്ഷേമകാര്യ അധ്യക്ഷൻ ടി അരവിന്ദാക്ഷൻ, സിഡിഎസ് അധ്യക്ഷമാരായ    സുജിത ജയപ്രകാശ്, ബിന്ദു മുരളീധരൻ, സൗമ്യ സതീശൻ, സുജാത മനോഹരൻ, ലതാ സൽഗുണൻ, ലീന രവി, തൃത്താല ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അമ്പിളി എം എന്നിവർ ആശംസിച്ചു. കുടുംബശ്രീ ജില്ലാ മിഷൻകോർഡിനേറ്റർ അനുരാധ എസ് നന്ദി പറഞ്ഞു.

Content highlight
minister mb rajesh inaugurates kudumbashree buds day state level celebration