കുടുംബശ്രീ പോക്കറ്റ്മാർട്ട് ഉൽപന്ന വിപണനത്തിന് കരുത്തേകും: മന്ത്രി എം.ബി രാജേഷ്

Posted on Tuesday, August 5, 2025

കുടുംബശ്രീ പോക്കറ്റ്മാർട്ട് ഉൽപന്ന വിപണനത്തിന് കരുത്തേകുമെന്നും കുടുംബശ്രീ ഹോംഷോപ്പുകൾ പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമാകുമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്റ്റി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. സംറ കൺവെൻഷൻ സെന്റ്റിൽ കുടുംബശ്രീ ഹോംഷോപ്പ് സംസ്ഥാനതല സംഗമം, പോക്കറ്റ്മാർട്ട് ആപ്ളിക്കേഷൻ, ഒാണം ഗിഫ്റ്റ് ഹാമ്പർ ലോഞ്ചിങ്ങ് എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  
 
ഹോംഷോപ് സംവിധാനത്തെ ശക്തിപ്പെടുത്തുന്നതും പുതുതായി രൂപകൽപന ചെയ്ത പോക്കറ്റ് മാർട്ട് ആപ്ളിക്കേഷനുമായി ഒാൺലൈൻ വ്യാപാര രംഗത്ത് സജീവമാകുന്നതും കുടുംബശ്രീയുടെ ഉൽപന്ന വിപണന മേഖലയ്ക്ക് പുതിയ ദിശാബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു. ഹോംഷോപ്പ് സംവിധാനം വഴി ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഉൽപന്നങ്ങളാണ് ലഭ്യമാക്കുന്നത്. 19.5 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം ഹോംഷോപ് വഴി നേടിയ വരുമാനം. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദം പിന്നിടുമ്പോൾ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി പ്രവർത്തിക്കുന്ന വിവിധ ഹോംഷോപ്പുകൾ വഴി നേടിയ വരുമാനം 3.42 കോടി രൂപയാണ്. 2023--2024 സാമ്പത്തികവർഷം ബജറ്റിൽ പ്രഖ്യാപിച്ച കെ-ലിഫ്റ്റ് ഉപജീവന ക്യാമ്പയിൻ വഴി മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒാണ വിപണിയിൽ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിയുന്ന വിധം ഇതുവരെയില്ലാത്തെ പുതിയ ഇടപെടലാണ് കുടുംബശ്രീ നടത്തുന്നത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ ഉൽപന്നങ്ങളുടെ അയ്യായിരം ഒാണം ഗിഫ്റ്റ് ഹാമ്പറുകൾ പോക്കറ്റ്മാർട്ട് വഴി വിപണനം ചെയ്യും. ഇതുകൂടാതെ സി.ഡി.എസ്തലത്തിൽ അമ്പതിനായിരം ഗിഫ്റ്റ് ഹാമ്പറുകൾ കൂടി വിപണനം ചെയ്യും. ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ നാല് വരെ തൃശൂരിൽ സംസ്ഥാനതല ഒാണം വിപണന മേള സംഘടിപ്പിക്കും. കൂടാതെ പതിമൂന്ന് ജില്ലകളിലായി ഇരുപത്തിമൂന്ന് ജില്ലാതല ഒാണം വിപണന മേളകളും സി.ഡി.എസ്തലത്തിൽ രണ്ടായിരത്തിലേറെ വിപണന മേളകളും സംഘടിപ്പിക്കും. ഒാണ വിപണി ലക്ഷ്യമിട്ട് പച്ചക്കറി കൃഷിയും പൂക്കൃഷിയും ഉൾപ്പെടെ 25000 ഏക്കറിൽ  കുടുംബശ്രീ ആരംഭിച്ചുകഴിഞ്ഞു.  പുതിയ കാലത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുന്ന പ്രവർത്തനങ്ങളാണ് കുടുംബശ്രീ നടത്തി വരുന്നത്. കേരളത്തെ മധ്യവരുമാന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഒാണത്തിന് മുമ്പ് ഒരു ലക്ഷം വനിതകൾക്ക് തൊഴിൽ നൽകാനുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. കൂടാതെ വിജ്ഞാനകേരളവുമായി സഹകരിച്ച് ഒരുവർഷത്തിനുള്ളിൽ മൂന്നു ലക്ഷം പേർക്കും തൊഴിൽ ലഭ്യമാക്കും. തൊഴിൽദാതാവിന്റെ ആവശ്യമനുസരിച്ചുള്ള തൊഴിൽ നൈപുണ്യം സ്ത്രീകൾക്ക് ലഭ്യമാക്കുമെന്ന് പറഞ്ഞ മന്ത്രി  സ്ഥലം മാറി പോകുന്ന എറണാകുളം ജില്ലാ കലക്ടർ എൻ.എസ്.കെ ഉമേഷിന് കുടുംബശ്രീയുടെ ഉപഹാരവും ഒാണം ഗിഫ്റ്റ് ഹാമ്പറും സമ്മാനിച്ചു. പോക്കറ്റ്മാർട്ട് ആപ്ളിക്കേഷന്റെ പോസ്റ്റർ പ്രകാശനവും ഒാണം ഗിഫ്റ്റ് ഹാമ്പറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വീഡിയോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു.   
കുടുംബശ്രീ ഉൽപന്നങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് അവയുടെ ഏറ്റവും വലിയ നേട്ടമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. ഹോംഷോപ്പ് ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ഉൽപന്നങ്ങൾക്ക് കൂടുതൽ വിപണന സാധ്യതകളും സംരംഭകർക്കും ഹോംഷോപ്പ് ഒാണർമാർക്കും മെച്ചപ്പെട്ട വരുമാനലഭ്യതയും ഉറപ്പു വരുത്താനും  ഹോംഷോപ്പ് സംഗമം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.    

കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടർ എൻഎസ്.കെ ഉമേഷ്, കളമശേരി നഗരസഭാധ്യക്ഷ സീമ കണ്ണൻ, തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷയും കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗവുമായ രമ സന്തോഷ്, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, കളമശേരി നഗരസഭ ഉപാധ്യക്ഷ സൽമഅബൂബക്കർ, കളമശേരി ഈസ്റ്റ് സി.ഡി.എസ് അധ്യക്ഷ സുജാത വേലായുധൻ,  മികച്ച സംരംഭകരായ രോഹിണി സതീഷ്, ഗ്രേസി ജോർജ് എന്നിവർ ആശംസിച്ചു.

കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ശ്രീകാന്ത് എസ്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർമാരായ സന്തോഷ് എം.ഡി, അമ്പിളി തങ്കപ്പൻ, രജിത കെ.ആർ, അനുമോൾ കെ.സി, കുടുംബശ്രീ പബ്ളിക് റിലേഷൻസ് ഒാഫീസർ ഡോ.അഞ്ചൽ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. ജില്ലാ മിഷൻ കോർഡിനേറ്റർ രജീന ടി.എം നന്ദി പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ ഹോംഷോപ്പ് ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ  അവതരിപ്പിച്ചു. തുടർന്ന് ഹോംഷോപ്പ് ഒാണർമാർ വിജയാനുഭവങ്ങൾ അവതരിപ്പിച്ചു. "ഡിജിറ്റൽ മാർക്കറ്റിങ്ങ്-കാഴ്ചപ്പാടുകളും നൈപുണ്യവും വിപണി വിജയത്തിന്' എന്ന വിഷയത്തിൽ ജീവൻ ഉത്തമൻ ക്ളാസ് നയിച്ചു.  

Content highlight
Kudumbashree Pocket Mart will strengthen product marketing: Minister M.B. Rajesh