സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മികച്ച പോഷകാഹാര ലഭ്യതയും ആരോഗ്യവും ശുചിത്വവും കുടിവെളളവും ഉറപ്പാക്കുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എഫ്.എന്‍.എച്ച്.ഡബ്ലിയു പദ്ധതി സംസ്ഥാനത്ത് ശ്രദ്ധേയമാകുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 48 ലക്ഷം അംഗങ്ങള്‍ക്കും ഇതു സംബന്ധിച്ച ബോധവല്‍ക്കരണം നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 42 ലക്ഷത്തിലേറെ അയല്‍ക്കൂട്ട അംഗങ്ങളില്‍ ആര്‍ത്തവ ശുചിത്വം, സ്ത്രീകള്‍ക്ക് പോഷകാഹാരത്തിന്റെ അനിവാര്യത എന്നിവയുമായി ബന്ധപ്പെട്ട് അവബോധ പരിശീലനങ്ങള്‍ ലഭ്യമാക്കി. 2678 ഭവനങ്ങള്‍ സന്ദര്‍ശിച്ച് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്കും അവബോധം നല്കി.
2015-ല്‍ അട്ടപ്പാടിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. അയല്‍ക്കൂട്ട അംഗങ്ങള്‍, കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചു കൊണ്ട് കുടുംബശ്രീ സി.ഡി.എസുകളിലും എ.ഡി.എസുകളിലുമാണ് പ്രവര്‍ത്തനങ്ങള്‍. ഇതിനകം 791 ഭക്ഷ്യമേളകള്‍, 27 മെഡിക്കല്‍ ക്യാമ്പുകള്‍, കൂടാതെ പോഷകാഹാര അവബോധം നല്‍കുന്നതിന്റെ ഭാഗമായി 1112 പോഷകാഹാര മേളകള്‍, മൈക്രോ ഗ്രീന്‍ കൃഷി എന്നിവയും സംഘടിപ്പിച്ചു.
പട്ടികവര്‍ഗ മേഖലയില്‍ പദ്ധതി നടത്തിപ്പിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിന്റെ ഭാഗമായി 'ഒസ്റ' ബോധവല്‍ക്കരണ ക്യാമ്പയിനും സംഘടിപ്പിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ളോക്കുകളില്‍ സംഘടിപ്പിച്ച 'ശ്രദ്ധ' കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന് വഴി 2243 കുടുംബശ്രീ അംഗങ്ങള്‍ക്ക് പ്രാഥമിക പരിശോധനയും ബോധവല്‍ക്കരണ ക്യാമ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് വിവിധ വകുപ്പുകളുടെയും രാജ്യാന്തര സംഘടനകളുടെയും സഹകരണവും കുടുംബശ്രീ ഉറപ്പുവരുത്തുന്നു. ഇതിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്നു കൊണ്ട് 387 സി.ഡി.എസുകളില്‍ 'പോഷന്‍ മാ' ക്യാമ്പയിന്, യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമുമായി ചേര്‍ന്നുകൊണ്ട് എഫ്.എന്‍.എച്ച്.ഡബ്ളിയു പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത 1732 റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനവും സംഘടിപ്പിച്ചു.
കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുന്നതിനായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 154 മോഡല്‍ സി.ഡി.എസുകളില്‍ ഹാപ്പി കേരളം പദ്ധതിയും നടപ്പാക്കുന്നു.
- 385 views