ഹരിതകര്‍മ സേനാംഗങ്ങളുടെ ആരോഗ്യ സുരക്ഷ: 'ഇന്‍സ്പയര്‍' പദ്ധതി വഴി 26223 പേര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

Posted on Wednesday, March 26, 2025

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി  കുടുംബശ്രീയും യൂണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന  'ഇന്‍സ്പയര്‍' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഈ വര്‍ഷം അംഗങ്ങളായത് 26223 പേര്‍. ഹരിത കര്‍മസേനയിലെ അംഗങ്ങളുടെ ആരോഗ്യ സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.

പതിനെട്ടു മുതല്‍ എഴുപത്തഞ്ച് വയസ് വരെയുള്ളവര്‍ക്ക് അതത് സി.ഡി.എസുകള്‍ മുഖേന ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരാനാകും. 1384 രൂപയാണ് വാര്‍ഷിക പ്രീമിയം. ഇതില്‍ അമ്പത് ശതമാനം കുടുംബശ്രീയും അമ്പത് ശതമാനം ഹരിതകര്‍മസേനാ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് നല്‍കുക. ഇതു പ്രകാരം ഓരോ അംഗവും 692 രൂപ വീതം അടച്ചാല്‍ മതിയാകും. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് ആകെ രണ്ടു ലക്ഷം രൂപയാണ് ചികിത്സാ ആനുകൂല്യമായി ലഭിക്കുക. നിലവിലുളള അസുഖങ്ങള്‍ക്കും 50,000 രൂപ വരെ ചികിത്സാ ആനുകൂല്യം ലഭിക്കും. ഇതുകൂടി ചേര്‍ത്താണ് രണ്ടു ലക്ഷം രൂപ പോളിസി ഉടമയ്ക്ക് ലഭിക്കുക. കഴിഞ്ഞ വര്‍ഷം വരെ ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി വഴി ലഭിച്ചിരുന്ന ചികിത്സാ ആനുകൂല്യം.  

രണ്ടു ലക്ഷം രൂപ ചികിത്സാ ആനുകൂല്യം ലഭിക്കുന്ന വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ നിലവില്‍ 5000 മുതല്‍ 6000 രൂപ വരെയാണ് വാര്‍ഷിക പ്രീമിയമായി നല്‍കേണ്ടത്. എന്നാല്‍ കുടുംബശ്രീ 'ഇന്‍സ്പയര്‍' ഇന്‍ഷുറന്‍സ് പദ്ധതി വഴി 692 രൂപ വാര്‍ഷിക പ്രീമിയം നിരക്കില്‍  രണ്ടു ലക്ഷം രൂപയുടെ ആനുകൂല്യമാണ് ഇവര്‍ക്ക് ലഭിക്കുക. കൂടാതെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് എഴുപത്തഞ്ച് വയസു വരെ പദ്ധതിയില്‍ ചേര്‍ന്ന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നു എന്നതും നേട്ടമാണ്.

Content highlight
Health security of Haritha Karma Sena members: 26223 people get insurance coverage through 'Inspire' scheme