വയനാട് മൈക്രോപ്ലാന്‍ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ശ്രീ. എം.ബി. രാജേഷ് നിര്‍വഹിച്ചു

Posted on Monday, December 16, 2024

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസം വേഗത്തില്‍ നടപ്പാക്കുമെന്നും ആശങ്ക വേണ്ടെന്നും തദ്ദേശ സ്വയംഭരണ, എക്‌സൈസ്, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി ശ്രീ. എം.ബി.രാജേഷ്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുടുബശ്രീ തയ്യാറാക്കിയ മൈക്രോ പ്ലാനിന്റെ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 12ന്‌ മേപ്പാടി എം.എസ്.എ ഹാളില്‍ അദ്ദേഹം നിര്‍വഹിച്ചു.

ദുരന്തബാധിതരുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ച് സമഗ്രമായി തയ്യാറാക്കിയ മൈക്രോ പ്ളാന്‍ അതിജീവനത്തിന്റെ സുപ്രധാന മുന്നേറ്റമാണെന്നും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനായി കര്‍മ്മ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കുടുംബശ്രീക്ക് സമയബന്ധിതമായി ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നതിലും നേട്ടം കൈവരിക്കാനായെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ഇടപെടലുകളുടെ മുഖമുദ്രയായ തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീയും ജനകീയ പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അണിനിരന്നാണ് മൈക്രോ പ്ലാനുകള്‍ ഏകോപിപ്പിച്ചത്. വ്യവസായ വകുപ്പ് എം.എം.ജി, പി.എം.ഇ.ജി.പി ധനസഹായ വിതരണവും മന്ത്രി നിര്‍വ്വഹിച്ചു.

പട്ടികജാതി, പട്ടിക വര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കുടുബശ്രീ പ്രത്യാശ ആര്‍.എഫ് ധനസഹായ വിതരണം അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ സാമൂഹ്യ നീതി വകുപ്പ് സ്വാശ്രയ ധനസഹായം വിതരണം ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി.വി.അനുപമ ഐ.എ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ കര്‍മ്മ പദ്ധതി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ്. സീറാം സാംബശിവറാവു ഐ.എ.എസ്, കുടുംബശ്രീ ആക്ഷന്‍ പ്ലാന്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍ ഐ.എ.എസ് എന്നിവര്‍ അവതരിപ്പിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനം മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു നിര്‍വ്വഹിച്ചു. ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു, മേപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബി. നാസര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ രാജു ഹെജമാഡി, ബ്ലോക്ക് പഞ്ചായത്തംഗം സി.രാഘവന്‍, കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.കെ.ബാലസുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മൈക്രോ പ്ലാന്‍

ദുരന്തത്തിനിരയായ 1084 കുടുംബങ്ങളിലെ 4636 പേരെയും ഉള്‍പ്പെടുത്തി ഇവരുടെ ആവശ്യങ്ങളെ സമഗ്രമായി വിലയിരുത്തി പരിഹാരം കണ്ടെത്താനുതകുന്ന രീതിയിലാണ് ആറ് മേഖലകള്‍ കേന്ദ്രീകരിച്ചുള്ള മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയിട്ടുളളത്. ജില്ലാ ആസൂത്രണ സമിതിയുടെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും അംഗീകാരം ലഭിച്ച മൈക്രോ പ്ളാന്‍ തുടര്‍പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരന്തബാധിത കുടുംബങ്ങള്‍ നിലവില്‍ അധിവസിക്കുന്ന പ്രദേശത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന് മൈക്രോ പ്ളാനിലെ വിവരങ്ങളും ഭാവി പരിപാടികളും വിശദീകരിക്കും. അതിജീവിതര്‍ക്ക് എത്രയും വേഗം ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അടിയന്തര പ്രാധാന്യം നല്‍കുന്നത്. ഇതിനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നിലവിലുള്ള ഹ്രസ്വകാല പദ്ധതികള്‍ പ്രയോജനപ്പെടുത്തും. ആവശ്യമെങ്കില്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദേശവും നല്‍കും. സമയബന്ധിതമായി പദ്ധതി നടത്തിപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും പദ്ധതി നിര്‍വ്വഹണ യൂണിറ്റും തുടങ്ങും.

അയല്‍ക്കൂട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സമഗ്ര കര്‍മ്മ പദ്ധതിയും

ഇത് കൂടാതെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയിലെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ കുടുംബശ്രീ സമഗ്ര കര്‍മ്മ പദ്ധതിയും തയാറാക്കിയിട്ടുണ്ട്. ടൗണ്‍ഷിപ്പ് പൂര്‍ത്തിയാകുന്നത് വരെ ഓണ്‍ലൈനായും ഓഫ് ലൈനായും അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരും. എല്ലാ മാസത്തിലും എ.ഡി.എസ് തലത്തില്‍ ക്ലസ്റ്റര്‍ സംഗമം നടത്തും. മുഴുവന്‍ അംഗങ്ങളെയും അയല്‍ക്കൂട്ടത്തില്‍ ചേര്‍ക്കും. സാമൂഹിക മാനസിക കൗണ്‍സിലിങ്ങ് ജെന്‍ഡര്‍ ടീം സഹായത്തോടെ തുടരും. അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതി ഏര്‍പ്പെടുത്തും. ജീവന്‍ ദീപം, ഒരുമ ഇന്‍ഷൂറന്‍സ് അനുവദിച്ച് നല്‍കല്‍, മുണ്ടക്കൈ വാര്‍ഡിലെ അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ ദുരന്തലഘൂകരണ ഫണ്ട് നല്‍കല്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചാണ് കുടുംബശ്രീ ദുരന്തബാധിതര്‍ക്കായി കര്‍മ്മ പദ്ധതി തയ്യാറാക്കിയത്.

ബാങ്ക് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ബാങ്കിങ്ങ് സഖിമാരെ നിയോഗിക്കും. 

കാര്‍ഷികാനുബന്ധപദ്ധതികള്‍, കാര്‍ഷിക യന്ത്രത്തിനുള്ള ധനസസഹായം, കാര്‍ഷിക അനുബന്ധ കച്ചവടസ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ധനസഹായം, വിവിധ കൃഷിയിലുള്ള പരിശീലനം, മൃഗ സംരക്ഷണമേഖലയിലുള്ള പദ്ധതികള്‍ ധനസഹായങ്ങള്‍ എന്നിവയെല്ലാം കര്‍മ്മ പദ്ധതിയിലുണ്ട്. സൂക്ഷ്മസംരംഭ മേഖലയില്‍ തൊഴില്‍ ആവശ്യമുള്ള 568 പേരെ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇവര്‍ക്കെല്ലാം പ്രാപ്യമായ പദ്ധതികളും പരിഗണനയിലുണ്ട്. വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍, അപ്പാരല്‍ പാര്‍ക്ക് തുടങ്ങിയവയെല്ലാം ദുരന്തബാധിതരുടെ അതിജീവനത്തിനും ഉപജീവനത്തിനുമായി കുടുംബശ്രീ തയ്യാറാക്കിയ കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

asd

 

Content highlight
Wayanad Micro Plan Inaugurated sd