മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കന്‍: ഉദ്ഘാടനം നാളെ മന്ത്രി ശ്രീ. എം.ബി രാജേഷ് നിര്‍വഹിക്കും

Posted on Monday, December 9, 2024

ന്യായവിലയ്ക്ക് സംശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കിക്കൊണ്ട് 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന കുടുംബശ്രീ കേരള ചിക്കന്‍റെ ഫ്രോസണ്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലേക്ക്. 'കുടുംബശ്രീ കേരള ചിക്കന്‍' എന്ന ബ്രാന്‍ഡില്‍ ചിക്കന്‍ ഡ്രം സ്റ്റിക്സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കന്‍ ബിരിയാണി കട്ട്, ചിക്കന്‍ കറി കട്ട്, ഫുള്‍ ചിക്കന്‍ എന്നിങ്ങനെ വിവിധ ഉല്‍പന്നങ്ങളാണ് വിപണിയിലിറക്കുക.

തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് നാളെ സെക്രട്ടേറിയറ്റ് അനക്സ് 2-ല്‍ ഏഴാം നിലയിലെ നവകൈരളി ഹാളില്‍  വൈകുന്നേരം നാല് മണിക്ക് ഉല്‍പന്നങ്ങളുടെ ലോഞ്ചിങ്ങ് നിര്‍വഹിക്കും. കുടുംബശ്രീ ഭരണ നിര്‍വഹണ സമിതി അംഗങ്ങള്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്.ദിനേശന്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യഘട്ടത്തില്‍ തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉല്‍പന്നങ്ങള്‍ ലഭിക്കുക.  

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ആഭ്യന്തര വിപണിയില്‍ ആവശ്യമായതിന്‍റെ പകുതിയെങ്കിലും ഉല്‍പാദിപ്പിക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് വരുമാനവര്‍ധനവും ലക്ഷ്യമിടുന്നു. ഇതിന്‍റെ ഭാഗമായാണ് ചിക്കന്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്. നിലവില്‍ 11 ജില്ലകളിലായി 431 ബ്രോയ്ലര്‍ ഫാമുകളും 139 ഔട്ട്ലെറ്റുകളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.

Content highlight
Kudumbashree kerala chicken frozen value added products will be launched tomorrow