പരമ്പരാഗതമായി മധുരക്കിഴങ്ങ് കൃഷി ചെയ്യുകയും ആഹാരക്രമത്തില്‍ അത് ഭാഗമാക്കുകയും ചെയ്യുന്ന അട്ടപ്പാടിയിലെ തദ്ദേശീയ ജനവിഭാഗത്തിന്റെ കൃഷിയിടങ്ങളില്‍ ഇനി മുതല്‍ അത്യുത്പാദനശേഷിയുള്ള മധുരക്കിഴങ്ങ് വിളയും. കുടുംബശ്രീ കാര്‍ഷിക വിഭാഗമാണ് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ - കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രവുമായി (ഐ.സി.എ.ആര് - സി.ടി.സി.ആര്.ഐ) സംയോജിച്ചുള്ള ശ്രദ്ധേയ പദ്ധതിയായ 'പുനര്‍ജീവനം' കാര്‍ഷിക സംരംഭകത്വ പരിശീലന പരമ്പരയിലൂടെ ഈ സുവര്‍ണ്ണ അവസരം ഒരുക്കി നല്‍കിയത്.
പദ്ധതിയുടെ അട്ടപ്പാടിയിലെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി അഗളി, പുതൂര്‍, കുറുമ്പ, ഷോളയൂര്‍ എന്നീ പഞ്ചായത്ത് സമിതികളില്‍ നിന്ന് തെരഞ്ഞെടുത്ത 40 കുടുംബശ്രീ കര്‍ഷകര്‍ക്ക് വിത്തുകളും നടീല്‍ വസ്തുക്കളും വിതരണം ചെയ്തു കഴിഞ്ഞു.
നവംബര്‍ 29ന് അഗളിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സമ്പുഷ്ടീകരിച്ച അത്യുല്പാദനശേഷിയുള്ള മികച്ച മധുരക്കിഴങ്ങ് ഇനങ്ങളുടെ രണ്ട് ടണ്ണോളം കിഴങ്ങ്, രണ്ടര ലക്ഷത്തോളം നടീല്‍ വസ്തുക്കള്‍, വിപുലമായ രീതിയില്‍ കൃഷി ചെയ്യുന്നതിന് ആവശ്യമായ ജൈവവളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്നിവയാണ് വിതരണം ചെയ്തത്. ഓഗസ്റ്റില്‍ പുനര്‍ജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ ത്രിദിന പരിശീലന പരമ്പരയുടെ തുടര്‍ച്ചയായാണ് ഈ പ്രവര്‍ത്തനം.
സമ്പുഷ്ടീകരിച്ച മധുരക്കിഴങ്ങ് വിപുലമായി കൃഷി ചെയ്ത് അതിലധിഷ്ഠിതമായ ഒരു ഭക്ഷണക്രമം വികസിപ്പിക്കുന്നതിലൂടെ അട്ടപ്പാടിയിലെ തദ്ദേശീയ ജനവിഭാഗത്തിനിടയില്‍ പോഷകാഹാര കുറവ് പരിഹരിക്കാനും അധികമായി ഉത്പാദിപ്പിക്കുന്ന മധുരക്കിഴങ്ങിന്റെ മൂല്യ വര്‍ദ്ധനവിലൂടെ പുതിയ സംരംഭങ്ങള്‍ രൂപീകരിച്ചുകൊണ്ട് സാമ്പത്തികഭദ്രത ഉറപ്പുവരുത്തുവാനും കുടുംബശ്രീ ലക്ഷ്യമിടുന്നു.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന അട്ടപ്പാടി പ്രത്യേക പദ്ധതി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ബി.എസ്. മനോജ് അധ്യക്ഷനായ ചടങ്ങില്‍ കുടുംബശ്രീ ഫാം ലൈവ്ലിഹുഡ് പ്രോഗ്രാം ഓഫീസര്‍ ഡോ. എസ് ഷാനവാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. പ്രദീപിക, ഡോ. സംഗീത എന്നിവര്‍ മധുരക്കിഴങ്ങിന്റെ കൃഷി രീതികള്‍, ജൈവവളങ്ങള്‍ ജൈവ കീടനാശിനികള്‍ എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് പരിശീലനം നല്കി.
അനിത (പ്രസിഡന്റ, കുറുമ്പ പഞ്ചായത്ത് സമിതി), സെലീന (പ്രസിഡന്റ്, ഷോളയൂര്‍ പഞ്ചായത്ത് സമിതി), തുളസി (പ്രസിഡന്റ്, പുതൂര്‍ പഞ്ചായത്ത് സമിതി), രേസി (സെക്രട്ടറി, അഗളി പഞ്ചായത്ത് സമിതി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കര്‍ഷകര്‍ നടീല്‍ വസ്തുക്കളുള്പ്പെടെയുള്ളവ ഏറ്റുവാങ്ങി. അഖില്‍ സോമന് (ഫാം ലൈവ്ലിഹുഡ് കോര്‍ഡിനേറ്റര്‍, അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്റ്റ്) സ്വാഗതവും അലിയാര് (ഫാം ലൈവ്ലിഹുഡ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍) നന്ദിയും പറഞ്ഞു. കര്‍ഷകര്‍, അനിമേറ്റര്മാര്, കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സണ്‍മാര്‍, കുടുംബശ്രീ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
പുനര്‍ജീവനം പദ്ധതിയുടെ അടുത്തഘട്ടത്തിലൂടെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച പ്രത്യുല്പാദന ശേഷിയും പോഷക സമ്പുഷ്ടവുമായ മറ്റ് കിഴങ്ങു വിളകളുടെ നടീല്‍ വസ്തുക്കളും കാര്‍ഷിക ഉപകരണങ്ങളും യന്ത്രസാമഗ്രികളും വിതരണം ചെയ്യുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിട്ടിരിക്കുന്നത്.
- 10 views
Content highlight
Sweet potatoes enriched with sweetness now available in farms of Attappady: A grand start to the second phase of Punarjeevanam