കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന സൂക്ഷ്മസംരംഭ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ തിരഞ്ഞെടുത്ത ബ്ളോക്കുകളില്‍ വണ്‍ സ്റ്റോപ് ഫെസിലിറ്റി സെന്റര്‍-ഓ.എസ്.എഫ് പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ പാറശാല, പെരുങ്കടവിള, ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്, അമ്പലപ്പുഴ ബ്ളോക്കുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷം കേന്ദ്രാനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്. സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭകര്‍ക്ക് തങ്ങളുടെ തൊഴില്‍ മേഖല വിപുലീകരിക്കാനും വരുമാനം വര്‍ധിപ്പിക്കാനും പദ്ധതി സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറു ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് ഇതു നടപ്പാക്കുക.
നിലവിലെ സംരംഭങ്ങള്‍ക്കുള്ള വികസന സേവനങ്ങള്‍, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള ആശയരൂപീകരണവും പിന്തുണയും, സംരംഭങ്ങള്‍ സജ്ജീകരിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായ സംവിധാനം, സംരംഭകര്‍ക്കാവശ്യമായ വിവിധ പരിശീലനങ്ങള്‍, മാര്‍ക്കറ്റിങ്ങിനും വായ്പാ ലഭ്യതയ്ക്കുമുളള പിന്തുണകള്‍ എന്നിവ പദ്ധതി വഴി ലഭ്യമാക്കും.
ഒരു ജില്ലയിലെ രണ്ടു ബ്ളോക്കുകള്‍ ചേരുന്നതാണ് ഒരു വണ്‍ സ്റ്റോപ് ഫെസിലിറ്റി സെന്റര്‍- ഓ.എസ്.എഫ്. ഓരോ സെന്ററിനും 5.53 കോടി രൂപ വീതം ആകെ 11.06 കോടി രൂപ പദ്ധതി നടത്തിപ്പിനായി അനുവദിച്ചിട്ടുണ്ട്. ഇതില്‍ 6.64 കോടി രൂപ കേന്ദ്ര വിഹിതവും 4.42 കോടി രൂപ സംസ്ഥാന വിഹിതവുമാണ്. മൂന്നു വര്‍ഷമാണ് ഒരു ഓ.എസ്.എഫ് പദ്ധതിയുടെ കാലാവധി. ഓരോ ഓ.എസ്.എഫ് സെന്റര്‍ വഴിയും ഈ കാലയളവില്‍ 150 സംരംഭ യൂണിറ്റുകള്‍ക്ക് പിന്തുണ നല്‍കും. ഇപ്രകാരം രണ്ട് ഓ.എഫ്.എസ് സെന്ററുകള്‍ വഴി മൂന്നു വര്‍ഷത്തിനുള്ളില്‍ ആകെ 600 സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കും.
കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീന ദൗത്യം-പദ്ധതിയുടെ ഭാഗമായാണ് ഓ.എസ്.എഫ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്. നിലവിലുള്ള സംരംഭങ്ങള്‍ക്ക് ബിസിനസ് സേവനങ്ങള്‍ നല്‍കുന്നതിന് ബ്ളോക്ക്തലത്തില് ആരംഭിക്കുന്ന ബിസിനസ്-കം-ഇന്‍കുബേഷന്‍ സെന്ററുകള്‍ എന്ന നിലയ്ക്കാണ് ഇവയുടെ പ്രവര്‍ത്തനം.