വയോജന രോഗീ പരിചരണ മേഖലയില്‍ വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി കുടുംബശ്രീയുടെ കെ ഫോര്‍ കെയര്‍ പദ്ധതി സംസ്ഥാനത്ത് ഊര്‍ജിതമാക്കി. ഇതിന്‍റെ ഭാഗമായി വിദഗ്ധ പരിശീലനം ലഭിച്ച വനിതകള്‍ കെ 4 കെയര്‍ എക്സിക്യൂട്ടീവുകള്‍ എന്ന പേരില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തനം ആരംഭിച്ചു. പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍, കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, നവജാത ശിശുക്കള്‍ എന്നിവരുടെ പരിചരണം, പ്രസവാനന്തര പരിചരണം തുടങ്ങി വിവിധ മേഖലകളിലാണ് ഇവരുടെ സേവനം ലഭ്യമാകുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാനതല കോള്‍ സെന്‍റര്‍ സംവിധാനവും പ്രവര്‍ത്തിക്കുന്നുണ്ട്. 91889 25597 എന്ന നമ്പറില്‍ വിളിച്ച് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനാകും.
കിടപ്പു രോഗികള്‍, വയോജനങ്ങള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന വ്യക്തികളും കുഞ്ഞുങ്ങളുമുളള കുടുംബങ്ങള്‍ക്കാവശ്യമായ പ്രഫഷണല്‍ സേവനങ്ങളാണ് കെയര്‍ എക്സിക്യൂട്ടീവുകള്‍ വഴി ലഭ്യമാവുക. ഇവര്‍ക്കാവശ്യമായ സഹായ പരിചരണങ്ങള്‍ ഒരു മണിക്കൂര്‍ മുതല്‍ ദിവസ, മാസ അടിസ്ഥാനത്തില്‍ ലഭിക്കും. വയോജനങ്ങളെ ആശുപത്രിയില്‍ എത്തിക്കുക, കുട്ടികളെ സ്കൂളില്‍ നിന്നും കൊണ്ടുവരിക എന്നിങ്ങനെയുള്ള കാര്യങ്ങളിലും ഇവരുടെ സേവനം പ്രയോജനപ്പെടുത്താനാകും. ഉപഭോക്താവ് ആവശ്യപ്പെടുന്ന സമയത്ത് ജില്ലയില്‍ കെയര്‍ എക്സിക്യൂട്ടീവ് ലഭ്യമല്ലെങ്കില്‍ അടുത്ത ജില്ലയില്‍ നിന്നും കണ്ടെത്തി നല്‍കും. ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി മികച്ച പരിശീലനം ലഭിച്ച അഞ്ഞൂറ് വനിതകളില്‍ മുന്നൂറോളം പേര്‍ക്ക് ഇതിനകം ഈ രംഗത്ത് ആകര്‍ഷകമായ വരുമാനത്തോടെ തൊഴില്‍ ലഭ്യമായിട്ടുണ്ട്.
കൂടുതല്‍ തൊഴില്‍ അവസരങ്ങളൊരുക്കുന്നതിന്‍റെ ഭാഗമായി പരിശീലനം ലഭിച്ച കെയര്‍ എക്സിക്യൂട്ടീവുകളെ ഉള്‍പ്പെടുത്തി എല്ലാ ജില്ലകളിലും ജില്ലാതല കണ്‍സോര്‍ഷ്യവും രൂപീകരിച്ചിട്ടുണ്ട്. കെയര്‍ എക്സിക്യൂട്ടീവുകളുടെ സുരക്ഷ പരിഗണിച്ച് ഇവര്‍ ജോലി ചെയ്യുന്ന വീടുകളെ സംബന്ധിച്ച വിവരങ്ങള്‍ അതത് കുടുംബശ്രീ സി.ഡി.എസുകള്‍ വഴി ശേഖരിക്കും. കൂടാതെ ഇവരെ ജോലിക്കായി നിയോഗിക്കുന്ന വിവരം സി.ഡി.എസുകളെ അറിയിക്കുകയും ചെയ്യും.
2025 മാര്‍ച്ചിനുള്ളില്‍ ആയിരം പേര്‍ക്ക് പരിശീലനം നല്‍കി ഈ രംഗത്ത് തൊഴില്‍ ലഭ്യമാക്കുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിനായി പരിശീലന പരിപാടിയും ഊര്‍ജിതമാണ്. നിലവില്‍ എല്ലാ ജില്ലകളിലുമായി വിദഗ്ധ പരിശീലനം നേടിയ അഞ്ഞൂറിലേറെ കെയര്‍ എക്സിക്യൂട്ടീവുകള്‍ പ്രവര്‍ത്തന സജ്ജമാണ്.
- 79 views