കുടുംബശ്രീ 'ഫ്രെഷ് ബൈറ്റ്‌സ്' പദ്ധതിക്ക് തുടക്കം

Posted on Tuesday, August 27, 2024

കുടുംബശ്രീ മുഖേന നടപ്പാക്കുന്ന 'ഫ്രെഷ് ബൈറ്റ്‌സ്' പദ്ധതി അയല്‍ക്കൂട്ട വനിതകള്‍ക്ക് സാമ്പത്തികാഭിവൃദ്ധി നേടാന്‍  സഹായകമാകുമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.  തൃശൂരില്‍ കുടുംബശ്രീ ഫ്രഷ് ബൈറ്റ്‌സ് -പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും പ്രോഡക്ട് ലോഞ്ചും ഓഗസ്റ്റ് 26ന് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ അധ്യക്ഷത വഹിച്ചു.

 കൈപ്പുണ്യമാണ് കുടുംബശ്രീയുടെ കരുത്ത്. ജനകീയ ഹോട്ടല്‍, പ്രീമിയം കഫേ. ലഞ്ച്‌ബെല്‍ തുടങ്ങി നിരവധി പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. ഇത്തവണ ഓണത്തിന് കേരളത്തില്‍ എല്ലായിടത്തും കുടുംബശ്രീയുടെ ഫ്രെഷ് ബൈറ്റ്‌സ് എന്ന ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ചിപ്‌സും ശര്‍ക്കരവരട്ടിയും എത്തും. ഏതൊരു കോര്‍പ്പറേറ്റിനോടും കിടപിടിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബ്രാന്‍ഡിംഗും മിതമായ വിലയുമാണ് ഉല്‍പന്നത്തിനുളളത്. ഓണവിപണി ലക്ഷ്യമിട്ട് 12000 ഏക്കറില്‍ പച്ചക്കറി കൃഷി നടത്തുന്നു. ഇതിലൂടെ മൂന്നു ലക്ഷത്തിലധികം വനിതാ കര്‍ഷകര്‍ക്ക് ഉപജീവനം ലഭിക്കുന്നുണ്ട്. കൂടാതെ 1500 ഹെക്ടറില്‍ പൂക്കൃഷിയും നടത്തുന്നു. ജനകീയ ഹോട്ടലുകള്‍ നടത്തുന്ന സംരംഭകര്‍ക്ക് സബ്‌സിഡി നിരക്കില്‍ അരി, കൂടാതെ വെള്ളം, വൈദ്യുതി, കെട്ടിടം എന്നിവ ലഭ്യമാക്കുന്നത് കൂടാതെ ഓരോ ജനകീയ ഹോട്ടലിനും ശരാശരി 16 ലക്ഷം രൂപ സബ്‌സിഡിയും നല്‍കാന്‍ കഴിഞ്ഞു. സംരംഭരെ സഹായിക്കുന്നതിനായി വളരെ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തുന്നത്. വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി കെ-ലിഫ്റ്റ് (കുടുംബശ്രീ ലൈവ്‌ലിഹുഡ് ഇനിഷ്യേറ്റീവ് ഫോര്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍)  പദ്ധതി വഴി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നു ലക്ഷം പേര്‍ക്ക് ഉപജീവന മാര്‍ഗം ലഭ്യമാക്കും. ഇതില്‍ 70,000 പേര്‍ക്ക് തൊഴില്‍ ലഭ്യമായി കഴിഞ്ഞു. സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും നേടാന്‍ അവസരമൊരുക്കി അവരെ സ്വന്തം കാലില്‍ നില്‍ക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവസരം തുറന്നു കൊടുത്തത് കുടുംബശ്രീയാണ്.

വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ കുടുംബത്തിനും ആവശ്യമായ മൈക്രോ പ്‌ളാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നുണ്ട്. കൂടാതെ സംസ്ഥാനമൊട്ടാകെയുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്നു സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 29ന് കൈമാറും. സമ്പൂര്‍ണ പുനരധിവാസത്തിന് ലോകത്തിന് മാതൃകയായി കേരളം മാറുമ്പോള്‍ അതിലും കുടുംബശ്രീയുടെ മുദ്രയുണ്ടായിരിക്കുമെന്നു പറഞ്ഞ മന്ത്രി കേരളത്തിലെ സ്ത്രീജീവിതങ്ങളുടെ വിധിവാക്യങ്ങള്‍ തിരുത്തിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്നും വ്യക്തമാക്കി. 

 ഓണത്തിന് എല്ലാ കുടുംബങ്ങളിലേക്കും കുടുംബശ്രീയുടെ ബ്രാന്‍ഡഡ് ചിപ്‌സും ചിപ്‌സും ശര്‍ക്കരവരട്ടിയും  അതത് ക്‌ളസ്റ്ററുകള്‍ വഴി എത്തുമെന്നത് ഏറെ സന്തോഷകരമാണെന്നും അതിലൂടെ നിരവധി വനിതകള്‍ക്ക് തൊഴില്‍ ലഭിക്കുമെന്നതില്‍ അഭിമാനമുണ്ടെന്നും റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി അഡ്വ.അഡ്വ. കെ.രാജന്‍ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ നഗരസഭയുടെ സംഭാവനയായി 25 ലക്ഷം രൂപ ഗുരുവായൂര്‍ നഗരസഭാധ്യക്ഷനും മുനിസിപ്പല്‍ ചേമ്പര്‍ അസോസിയേഷന്‍ അധ്യക്ഷനുമായ  എം. കൃഷ്ണദാസ് മന്ത്രി എം.ബി രാജേഷിന് കൈമാറി. ഫ്രഷ് ബൈറ്റ്‌സ് കവര്‍ ഡിസൈന്‍ ചെയ്ത ടീം ബ്രാന്‍ഡിസം സഹ സ്ഥാപകന്‍ സിജു രാജനെ മന്ത്രി ആദരിച്ചു. 


ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ റെജീന ടി.എം സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ശ്രീകാന്ത് എ.എസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ് മുഖ്യാതിഥിയായി.  ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബസന്ത് ലാല്‍ എസ്, തൃശൂര്‍ കോര്‍പ്പറേഷന്‍ ഒന്ന്, രണ്ട് സി.ഡി.എസ് അധ്യക്ഷമാരായ സത്യഭാമ വിജയന്‍, റെജുലകൃഷ്ണകുമാര്‍, കറി പൗഡര്‍ കണ്‍സോര്‍ഷ്യം പ്രസിഡന്റ് ഓമന കെ.എന്‍, കുടുംബശ്രീ ഫുഡ് പ്രോസസിങ്ങ് ആന്‍ഡ് മാര്‍ക്കറ്റിങ്ങ് ക്‌ളസറ്റര്‍ പ്രസിഡന്റ് സ്മിത സത്യദേവ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ഡോ.ഷാനവാസ് നന്ദി പറഞ്ഞു. കുടുംബശ്രീ ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, ബ്‌ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്മാര്‍ എന്നിവര്‍ പങ്കെടുത്തു. 

 

sda

 

Content highlight
kudumbashree fresh bites projet inaguration