കുടുംബശ്രീ 'ശ്രദ്ധ' സംസ്ഥാനതല ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന് തുടക്കം

Posted on Saturday, July 27, 2024
കാൻസർ എന്ന ജനകീയ പ്രശ്നത്തെ അഭിസംബോധന ചെയ്യാനുള്ള ശക്തിയാണ് കുടുംബശ്രീയെന്നും കാന്‍സറിനെ വലിയ അളവില്‍ പ്രതിരോധിക്കാന്‍ കൃഷി-ആരോഗ്യ മേഖലകള്‍ താഴെ തട്ടുമുതല്‍ പരസ്പരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കണമെന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. കുടുംബശ്രീയും മെഡിക്കോണ്‍-മെഡിക്കല്‍ സ്റ്റുഡന്‍റ്സ് കളക്ടീവ്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും   സംയുക്തമായി സംഘടിപ്പിക്കുന്ന 'ശ്രദ്ധ' കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനവും പദ്ധതിയുടെ ലോഗോ പ്രകാശനവും ആലപ്പുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളില്‍ നിന്നു മലയാളികള്‍ മാറിയിട്ടുണ്ട്. രുചിയോടെ കഴിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളും മാരകമായ പല രോഗങ്ങളിലേക്കും നമ്മെ നയിക്കുന്നു. ഇതിന്‍റെ ഉത്തരവാദിത്വം നമുക്കു തന്നെയാണ്. ആരോഗ്യത്തിന് സഹായകമാകുന്ന ഭക്ഷണമാണ് നാം കഴിക്കേണ്ടത്. ബാഹ്യമായ സൗന്ദര്യ സംരക്ഷണത്തില്‍ പുലര്‍ത്തുന്ന ശ്രദ്ധയും താല്‍പര്യവും ആരോഗ്യം ഉള്‍പ്പെടുന്ന ആന്തരിക സംരക്ഷണത്തിലും പുലര്‍ത്തണം. ജലാശയങ്ങളും നെല്‍വയലുകളും വനങ്ങളും ഉള്‍പ്പെടുന്ന പരിസ്ഥിതി സംരക്ഷണം അനിവാര്യമാണ്.  വ്യക്തിശുചിത്വം, സ്ത്രീശാക്തീകരണം എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം കാന്‍സറിന്‍റെ തലസ്ഥാനമായി മാറുന്ന പ്രവണതകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടതാണ്. രോഗം വരാതിരിക്കാനും അതിനെ പ്രതിരോധിക്കാനുമാണ് നാം ശ്രമിക്കേണ്ടത്. ഭക്ഷണത്തില്‍ വിഷം കടന്നു വരുന്ന സാഹചര്യം തിരുത്തപ്പെടണം. അതിന് കൃഷിയിലേക്ക് മാറിക്കൊണ്ട് വിഷരഹിത ഭക്ഷ്യോല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനും ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കിയുളള ജീവിതശൈലി തുടരാനും കഴിയണം. കുടുംബത്തിലെ ആര്‍ക്ക് കാന്‍സര്‍ ബാധിച്ചാലും അതിന്‍റെ പ്രത്യാഘാതങ്ങള്‍ ഏറ്റവുമധികം ബാധിക്കുക സ്ത്രീകളെയാണ്. ഈ ജനകീയ പ്രശ്നത്തെ അഭിസംബോധന ചെയ്യാന്‍ ലോകത്തെ ഏറ്റവും വലിയ സംഘശക്തിയായ കുടുംബശ്രീ മുന്നോട്ടു വന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിവകുപ്പിന്‍റെ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്നും പറഞ്ഞു.  

കാലത്തിനനുസരിച്ച് സഞ്ചരിക്കുന്ന പരിപാടിയാണ് കുടുംബശ്രീയും മെഡിക്കോണും സംയുക്തമായി സംഘടിപ്പിക്കുന്ന 'ശ്രദ്ധ' സംസ്ഥാനതല കാന്‍സര്‍ ബോധവല്‍ക്കരണ ക്യാമ്പയിന്‍ എന്ന് അധ്യക്ഷപ്രസംഗത്തില്‍ മുനിലിപ്പല്‍ കൗണ്‍സിലര്‍ റീഗോ രാജു പറഞ്ഞു. ദൈനംദിന ഗാര്‍ഹിക ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനിടെ തങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിയാതെ പോകുന്ന സ്ത്രീകള്‍ക്ക് ഏറെ സഹായകമാകുന്നതാണ് ക്യാമ്പയിന്‍ എന്നും അദ്ദേഹം വ്യക്തമാക്കി.

കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ഡോ.ബി ശ്രീജിത്ത് പദ്ധതി വിശദീകരണവും'ധീരം' കരാട്ടെ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വനിതകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിച്ചു.    

ജില്ലാ മിഷന്‍ അസിസ്റ്റന്‍റ് കോ-ഓര്‍ഡിനേറ്റര്‍ എം.ജി സുരേഷ് സ്വാഗതം പറഞ്ഞു. ആലപ്പുഴ നോര്‍ത്ത് സി.ഡി.എസ് അധ്യക്ഷ സോഫി അഗസ്റ്റിന്‍, മെഡിക്കോണ്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ്, സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ആന്‍സി മോത്തിസ് എന്നിവര്‍ ആശംസിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ സുനിത .പി നന്ദി പറഞ്ഞു.
 
'ശ്രദ്ധ'ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍

കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ എഫ്.എന്‍.എച്ച്.ഡബ്ളിയു(ഫുഡ് ന്യൂട്രീഷന്‍ ഹെല്‍ത്ത് വാട്ടര്‍ ആന്‍ഡ് സാനിട്ടേഷന്‍) പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 'ശ്രദ്ധ' ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സ്തനാര്‍ബുദം, ഗര്‍ഭാശയഗള അര്‍ബുദം എന്നിവ സംബന്ധിച്ച് സ്ത്രീകള്‍ക്ക് ആവശ്യമായ അവബോധം നല്‍കുകയും ക്യാന്‍സര്‍ രോഗനിര്‍ണയത്തിനും വിദഗ്ധ ചികിത്സയ്ക്കും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുക എന്നതുമാണ് ക്യാമ്പയിന്‍റെ ലക്ഷ്യം.

ആദ്യഘട്ടത്തില്‍ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ആര്യാട് ബ്ളോക്കുകളിലെ എല്ലാ വാര്‍ഡുകളിലുമുള്ള മുഴുവന്‍ അയല്‍ക്കൂട്ട അംഗങ്ങളെയും ബോധവല്‍ക്കരണ ക്യാമ്പയിന്‍റെ ഭാഗമാക്കും. മെഡിക്കോണ്‍ റിസോഴ്സ് പേഴ്സണ്‍, അയല്‍ക്കൂട്ടത്തിലെ ജെന്‍ഡര്‍ പോയിന്‍റ് പേഴ്സണ്‍, തെരഞ്ഞെടുത്ത അയല്‍ക്കൂട്ട അംഗം എന്നിവരുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് കാന്‍സര്‍ അവബോധ ക്ളാസ് നല്‍കും. ഇതോടൊപ്പം പ്രാഥമിക സ്ക്രീനിങ്ങും നടത്തും. ഇതു രണ്ടും എല്ലാ വാര്‍ഡുകളിലും പൂര്‍ത്തിയാകുന്ന മുറയ്ക്ക് മെഡിക്കോണുമായി സഹകരിച്ച് ബ്ളോക്ക്തലത്തില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. പ്രാഥമിക സ്കീനിങ്ങ്, മെഡിക്കല്‍ ക്യാമ്പുകള്‍ വഴി രോഗം സ്ഥിരീകരിച്ചവര്‍ക്ക് പ്രാദേശിക ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടര്‍ചികിത്സയ്ക്കുള്ള പിന്തുണ ലഭ്യമാക്കും. കുടുംബശ്രീ സ്നേഹിത, ജെന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ എന്നിവ മുഖേന ആവശ്യമായ മാനസിക സാമൂഹിക പിന്തുണയും കൗണ്‍സലിങ്ങും നല്‍കും. രോഗനിര്‍ണയം നടത്തിയ അംഗങ്ങള്‍ക്ക് തുടര്‍ ചികിത്സയ്ക്കുള്ള നിര്‍ദേശങ്ങളും റഫറല്‍ കത്തും മെഡിക്കോണ്‍ ടീമിന്‍റെ സഹായത്തോടെ ലഭ്യമാക്കും.  

  ജില്ല, സി.ഡി.എസ്, എ.ഡി.എസ്, എഫ്.എന്‍.എച്ച്.ഡബ്ളിയു റിസോഴ്സ് പേഴ്സണ്‍മാര്‍ രോഗം സ്ഥിരീകരിച്ച അംഗങ്ങളുടെ വീടുകള്‍ മാസത്തിലൊരിക്കല്‍ സന്ദര്‍ശിക്കും. കൂടാതെ കുടുംബാരോഗ്യകേന്ദ്രങ്ങളുമായി ചേര്‍ന്നു കൊണ്ട് ആശാവര്‍ക്കര്‍മാര്‍ മുഖേന ഇവരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയും ആവശ്യമായ പിന്തുണകള്‍ ലഭ്യമാക്കുകയും ചെയ്യും.  ആര്‍ത്തവ ശുചിത്വം, ശാരീരിക മാനസിക ആരോഗ്യം, കുടുംബാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ജീവിത ശൈലീ രോഗ പ്രതിരോധം എന്നിവയെ കുറിച്ചും സ്ത്രീകള്‍ക്ക് അവബോധം നല്‍കും.
 
c

 

Content highlight
Agriculture Minister inaugurates Kudumbashree 'Sraddha' State Level Cancer Awareness Campaign