കുടുംബശ്രീ മുഖേന നഗരങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് ഉപജീവന മാര്‍ഗം കണ്ടെത്തുന്നതിനായി കേന്ദ്ര ഭവന നഗരകാര്യമന്ത്രാലയം നടപ്പാക്കുന്ന പി.എം.സ്വാനിധി പദ്ധതി വഴി 100594 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി. സംസ്ഥാനത്തെ എല്ലാ ബാങ്കുകളുമായി സഹകരിച്ചാണ് പദ്ധതി നടത്തിപ്പ്. ഇതില്‍ 46553 വായ്പകള്‍ നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും 20127 വായ്പകള്‍ നല്‍കി കാനറാ ബാങ്കും 7827 വായ്പകള്‍ നല്‍കി ഇന്‍ഡ്യന്‍ ബാങ്കുമാണ് മുന്നില്‍. കൂടാതെ 11691 അപേക്ഷകള്‍ സംസ്ഥാനത്ത് വിവിധ ബാങ്കുകളുടെ പരിഗണനയിലുമാണ്. ഇതു കൂടി ചേരുമ്പോള്‍ പദ്ധതി വഴി അനുവദിച്ച വായ്പകളുടെ എണ്ണം 112285 ആകും.
ഒരാള്‍ക്ക് വായ്പ ലഭിക്കാന്‍ തെരുവു കച്ചവടക്കാരനാണെന്നു സാക്ഷ്യപ്പെടുത്തുന്ന നഗരസഭയുടെ കത്ത്, വെന്‍ഡിങ്ങ് സര്‍ട്ടിഫിക്കറ്റ് ഇവയില്‍ ഏതെങ്കിലും ഒന്നും ആധാര്‍ കാര്‍ഡും മാത്രം നല്‍കിയാല്‍ മതിയാകും. വായ്പ ലഭിക്കുന്നതിന് പ്രത്യേകം ഈട് നല്‍കേണ്ട ആവശ്യമില്ല എന്നതും തെരുവുകച്ചവടക്കാര്‍ക്ക് ഏറെ ആശ്വാസകരമാണ്. നിലവില്‍ കുടുംബശ്രീ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലും നടപ്പാക്കുന്ന പദ്ധതി അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന തെരുവു കച്ചവടക്കാര്‍ക്ക് മെച്ചപ്പെട്ട തൊഴിലും വരുമാനലഭ്യതയും ഉറപ്പു വരുത്താന്‍ സഹായകരമാകുന്നുണ്ട്. നഗരസഭകളുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഭാഗമായാണ് പി.എം സ്വാനിധിയുടെ നടത്തിപ്പ്.
- 108 views