കരുതലിന്‍ കരങ്ങളാണ് കുടുംബശ്രീ, കണ്ണൂരിലുയര്‍ന്ന ഈ വീടുകള്‍ സാക്ഷി!

Posted on Monday, June 26, 2023
ഏവരേയും കരുതലോടെ ഒപ്പം ചേര്ക്കുന്ന കരങ്ങള്. അതാണ് 46 ലക്ഷം അംഗങ്ങള് കരുത്തുപകരുന്ന കുടുംബശ്രീ പ്രസ്ഥാനം. വീണ് കിടക്കുന്നവന് ഉയര്ത്തെഴുന്നേല്ക്കാന് കരുതലിന്റെ കരങ്ങള് നീട്ടാന് ഒരിക്കലും കുടുംബശ്രീ മറക്കാറില്ല. അതിന് മികച്ച ഉദാഹരണങ്ങളായി മാറുകയാണ് കണ്ണൂര് ജില്ലയിലെ ആറളത്തും പയ്യാവൂരും ഉയര്ന്ന വീടുകള്.
 
ആറളം പട്ടികവര്ഗ്ഗ പുനരധിവാസ മേഖലയില് അധിവസിക്കപ്പെട്ട ആദിവാസി ജനസമൂഹത്തിനായുള്ള ഭവന നിര്മ്മാണ പദ്ധതിയില് രണ്ട് വര്ഷം മുമ്പാണ് കുടുംബശ്രീ കണ്ണൂര് ജില്ലാ മിഷന് ഇടപെട്ടത്. സര്ക്കാര് വകുപ്പുകള് പട്ടികവര്ഗ്ഗ കുടുംബങ്ങള്ക്ക് അനുവദിച്ച ഭവന പദ്ധതികളുടെ നിര്മ്മാണ ചുമതല കുടുംബശ്രീ വനിതാ നിര്മ്മാണ ഗ്രൂപ്പുകള് ഏറ്റെടുക്കുകയായിരുന്നു.
ആദ്യ ഘട്ടത്തില് 10 വീടുകളുടെ നിര്മ്മാണമാണ് കുടുംബശ്രീ നിര്മ്മാണ സംഘം ഏറ്റെടുത്തത്. ഈ വീടുകളില് നാലെണ്ണം പൂര്ത്തീകരിച്ച് 2022 ല് തന്നെ അവകാശികള്ക്ക് കൈമാറി. ശേഷിച്ച ആറ് വീടുകളുടെ താക്കോല് ഏപ്രില് മാസത്തിലും കൈമാറി. ഈ പ്രവര്ത്തനങ്ങള്ക്ക് ചുക്കാന് പിടിച്ചത് ജ്വാല, കനല് എന്നീ ആറളത്തെ രണ്ട് കുടുംബശ്രീ വനിതാ നിര്മ്മാണ സംഘമായിരുന്നു.
 
കുടുംബശ്രീ കാസ് ഓഡിറ്റ് ടീമംഗമായിരിക്കുമ്പോള് 2021 ഡിസംബര് പത്തിന് മരണമടഞ്ഞ പയ്യാവൂരിലെ പൈസക്കരിയിലെ ധന്യ എം.ജിയുടെ കുടുംബത്തിനാണ് മറ്റൊരു ഇടപെടലിലൂടെ കുടുംബശ്രീ കരുതലേകിയത്. ധന്യയുടെ മക്കളായ ഉണ്ണിക്കുട്ടനും റോസ്‌മേരിയ്ക്കും വേണ്ടി കുടുംബശ്രീ 13 സെന്റ് ഭൂമി വിലയ്ക്ക് വാങ്ങുകയും അതില് ഒരു വര്ഷം കൊണ്ട് തന്നെ പുതിയൊരു വീട് പണിതുയര്ത്തുകയുമായിരുന്നു. 31 ലക്ഷം രൂപയാണ് ജില്ലയിലെ കുടുംബശ്രീ അംഗങ്ങളില് നിന്ന് പിരിച്ചെടുത്തത്. മക്കളുടെ തുടര്വിദ്യാഭ്യാസത്തിന് വേണ്ടി 8.5 ലക്ഷം രൂപ ബാങ്കില് നിക്ഷേപിക്കുകയും ചെയ്തു.
 
ധന്യശ്രീ എന്ന് പേരിട്ട വീടിന്റെ താക്കോലും ഭൂമിയുടെ രേഖയും ബാങ്ക് പാസ് ബുക്കും ഏപ്രില് മാസത്തില് സംഘടിപ്പിച്ച ചടങ്ങില് ബഹുമാനപ്പെട്ട തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ. എം.ബി രാജേഷ് കൈമാറി. പയ്യാവൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യര്, സി.ഡി.എസ് ചെയര്പേഴ്‌സണ് ബിന്ദു ശിവദാസ്, ജില്ലയിലെ മറ്റ് സി.ഡി.എസുകളിലെ ചെയര്പേഴ്‌സണ്മാര്, അക്കൗണ്ടന്റുമാര് എന്നിവര് മറ്റ് കുടുംബശ്രീ ഉദ്യോഗസ്ഥര് എന്നിവരുമായി തോളോട് തോള് ചേര്ന്ന് നിന്നാണ് ഈ പ്രവര്ത്തനം നടത്തിയത്.
 
kannur house

 

Content highlight
kudumbashree kannu district mission build house for needy ml