'നഗര ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് നൂതന സമീപനങ്ങള്‍' എന്ന വിഷയത്തെ അധികരിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ ശില്‍പശാല സമാപിച്ചു. നഗര ദാരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ മികച്ച മാതൃകകളും പ്രവര്‍ത്തനാനുഭവങ്ങളും പങ്കു വയ്ക്കുന്നതിനായി ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്‍പശാലയില്‍ എന്‍.യു.എല്‍.എം പദ്ധതി നടപ്പാക്കുന്ന വിവിധ സംസ്ഥാനങ്ങള്‍, ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
നഗരദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള നൂതന ആശയങ്ങള്‍ കൊണ്ട് സമ്പന്നമായിരുന്നു ശില്‍പശാലയുടെ രണ്ടു ദിനങ്ങളും. ഇതു വഴി ലഭിച്ച മികച്ച നിര്‍ദേശങ്ങളും മാതൃകകളും ദേശീയ നഗര ഉപജീവന ദൗത്യം. പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഉപയോഗിക്കും. കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നതിനെ തുടര്‍ന്നാണിത്.
ശില്‍പശാലയുടെ രണ്ടാം ദിവസമായ ഇന്നലെ (24-6-2023) 'ഇന്‍റര്‍ നാഷണല്‍ ബെസ്റ്റ് പ്രാക്ടീസസ് ഇന്‍ അര്‍ബന്‍ പോവര്‍ട്ടി റിഡക്ഷന്‍' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ദീന്‍ ദയാല്‍ അന്ത്യോദയ, പി.എം. സ്വാനിധി മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍ മോഡറേറ്ററായി. യു.എന്‍.ഡി.പി ലൈവ്ലിഹുഡ്സ് ആന്‍ഡ് വാല്യു ചെയിന്‍ സ്പെഷ്യലിസ്റ്റ് ഡോ.രവി ചന്ദ്ര, മൈക്രോ സേവ് പാര്‍ട്ണര്‍ അഭിഷേക് ആനന്ദ്, കില അസിസ്റ്റന്‍റ് പ്രൊഫ.ഡോ.മോനിഷ് ജോസ്, അര്‍ബന്‍ മാനേജ്മെന്‍റ് ഡയറക്ടര്‍ മന്‍വിതാ ബാരദി, സംസ്കൃതി, സെന്‍റര്‍ ഫോര്‍ സിവില്‍ സൊസൈറ്റി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ് 'കണ്‍വെര്‍ജന്‍സ് ഫോര്‍ ഇന്‍ക്ളൂസീവ് അര്‍ബന്‍ ലൈവ്ലിഹുഡ്' എന്ന വിഷയത്തില്‍ മോഡറേറ്ററായി. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ ഡെപ്യൂട്ടി അഡ്വൈസര്‍ പ്രകൃതി മേത്ത, ആസാം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ പഞ്ചമി ചൗധരി, അമൃത, ലൈറ്റ്ഹൗസ് കമ്യൂണിറ്റി പൂനെ, യു.എം.സി ഡെപ്യൂട്ടി ഡയറക്ടര്‍ മേഘന മല്‍ഹോത്ര, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ജഹാംഗീര്‍.എസ് എന്നിവര്‍ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ മൂന്നു ബാച്ചുകളായി തിരിഞ്ഞ് ഫീല്‍ഡ് സന്ദര്‍ശനം നടത്തി. കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയും ദീന്‍ ദയാല്‍ അന്ത്യോദയ ദേശീയ നഗര ഉപജീവന ദൗത്യം മിഷന്‍ ഡയറക്ടറുമായ രാഹുല്‍ കപൂര്‍ ഉള്‍പ്പെടെയുള്ള സംഘം കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ, കുടുംബശ്രീ ഇനിഷ്യേറ്റീവ് ഫോര്‍ ബിസിനസ് സൊല്യൂഷന്‍സ്-കിബ്സ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റയുമായി സംഘം ആശയ വിനിമയം നടത്തി. കൊച്ചി കോര്‍പ്പറേഷനില്‍ കുടുംബശ്രീ നടത്തുന്ന സമൃദ്ധി ഹോട്ടലും സംഘം സന്ദര്‍ശിച്ചു.
എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി ഗുരുവായൂരില്‍ നഗരസഭയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍റര്‍, കുടുംബശ്രീ പ്രീമിയം ഫുഡ് കോര്‍ട്ട്, നഗര ഉപജീവന കേന്ദ്രം, കുന്നംകുളത്തെ ഗ്രീന്‍പാര്‍ക്കിലെ ഹരിതകര്‍മസേന, കയര്‍ ഡീഫൈബറിങ്ങ് യൂണിറ്റ്, ജൈവ മാലിന്യത്തില്‍ നിന്നും വളം നിര്‍മിക്കുന്ന യൂണിറ്റ് എന്നിവയും സംഘം സന്ദര്‍ശിച്ചു.
- 54 views