കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവര്‍ത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
സ്ത്രീശാക്തീകരണത്തിന്റെ മുഖശ്രീയായ കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് അനന്തപുരിയുടെ മണ്ണില്‍ നിറപ്പകിട്ടാര്‍ന്ന പരിസമാപ്തി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തേക്ക് മേയ് 17ന് ഒഴുകിയെത്തിയ പതിനായിരത്തോളം പേരെ സാക്ഷി നിര്‍ത്തി കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചപ്പോള് അത് പെണ്‍കരുത്തിന്റെ വഴികളില്‍ പുതിയൊരു ചരിത്രമായി.
കേരളത്തിലെ സ്ത്രീകളെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതില്‍ കുടുംബശ്രീ നട്ടെല്ലായി പ്രവത്തിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കുടുംബശ്രീ രജത ജൂബിലി സമാപന ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ദിന പ്രഖ്യാപനം, റേഡിയോശ്രീ ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളിലായി 46.16 ലക്ഷം വനിതകള്‍ അംഗങ്ങളായ കുടുംബശ്രീ, ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളെക്കാള്‍ ബഹുദൂരം മുന്നിലെത്തിക്കുന്നതില്‍ സവിശേഷമായ പങ്കു വഹിച്ചു. ഉല്പാദന സേവന മേഖലകളിലായി 1,08,464 സംരംഭങ്ങളും 90242 കൃഷി സംഘങ്ങളിലൂടെ 33,172.06ഹെക്ടര്‍ സ്ഥലത്ത് കൃഷിയും കൂടാതെ 60625 പേര് മൃഗസംരക്ഷണ മേഖല വഴിയും ഉപജീവനം കണ്ടെത്തുന്നു. സംരംഭ വികസനം, നൈപുണ്യ വികസനം, തൊഴില്‍ പരിശീലനം എന്നീ മേഖലകളില്‍ സമഗ്രമായ മുന്നേറ്റമാണ് കുടുംബശ്രീയുടേത്.
പണത്തിന്റെ അഭാവം മാത്രമല്ല, സ്ത്രീകള്‍ക്കിടയിലെ ദാരിദ്ര്യം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ജനാധിപത്യപരമായ അവകാശങ്ങളുടെ നിഷേധം എന്നിവയും അവരുടെ ദാരിദ്യമാണ്. സ്ത്രീകളുടെ ഉന്നമനം സമൂഹത്തിന്റെയാകെ ഉന്നമനത്തിന് അനിവാര്യമാണെന്ന് മനസിലാക്കി ഇത്തരം ദാരിദ്ര്യാവസ്ഥകളെ മറികടക്കാനുള്ള സാമൂഹിക സംഘടനാ സംവിധാനം സജ്ജമാക്കുകയാണ് കുടുംബശ്രീ ചെയ്തത്. സാമൂഹ്യ കൂട്ടായ്മയിലൂടെ അവകാശങ്ങള്‍ നേടിയെടുക്കുക എന്നതില്‍ ഊന്നിക്കൊണ്ടാണ് കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ തുടക്കം മുതല്‍ നടപ്പാക്കുന്നത്. ദാരിദ്ര്യ നിര്‍ണയത്തിന്റെ എല്ലാ സൂചികകളിലും രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യമുള്ള സംസ്ഥാനമായി മാറുന്നതില്‍ കേരളത്തിന് മികച്ച പിന്തുണ നല്കാന് കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. അതിദാരിദ്ര്യ സര്‍വേയിലൂടെ കണ്ടെത്തിയ 64006 കുടുംബങ്ങളെയും 2025 നവംബര്‍ ഒന്നിനകം ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇനിയുള്ള നാളുകളില്‍ കേരളം ഏറ്റെടുക്കുക. കുടുംബശ്രീയുടെ പൂര്‍ണപങ്കാളിത്തം ഇതിനായി പ്രയോജനപ്പെടുത്തുന്നതോടൊപ്പം എല്ലാ വകുപ്പുകളുമായുളള ഏകോപനവും ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെസ്റ്റ് സി.ഡി.എസ് അവാര്‍ഡ് നേടിയ ആലപ്പുഴ കഞ്ഞിക്കുഴി സി.ഡി.എസ്, വയനാട് വെള്ളമുണ്ട സി.ഡി.എസ്, തിരുവനന്തപുരം കോട്ടുകാല്‍ സി.ഡി.എസ്, പാലക്കാട് ശ്രീകൃഷ്ണപുരം സി.ഡി.എസ്, ഇടുക്കിമറയൂര്‍ സി.ഡി.എസ്, 'ഒപ്പം-കൂടെയുണ്ട് കരുതലോടെ ക്യാമ്പെയ്നില്‍ മികച്ച പ്രകടനം കാഴ്ച വച്ച കോഴിക്കോട് കോര്‍പ്പറേഷനും മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു.
ആധുനിക കേരളത്തിലെ സ്ത്രീജീവിത ചരിത്രത്തിന് കുടുംബശ്രീ നല്കിയ സംഭാവനകള്‍ മഹത്തരമാണെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാല് നൂറ്റാണ്ടു കൊണ്ട് ദാരിദ്ര്യ നിര്‍മാര്‍ജനമെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കുടുംബശ്രീക്ക് സാധിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ മുന്നോട്ടു പോകണം. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന്റെ പ്രതിശീര്‍ഷ വരുമാനം വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. പെണ്‍കരുത്തിന്റെ മഹാ പ്രസ്ഥാനമായ കുടുംബശ്രീയുടെ അരക്കോടി വരുന്ന അംഗങ്ങളുടെ കൈയ്യൊപ്പ് എല്ലാ മേഖലകളിലും പ്രകടമാണെന്നും മന്ത്രി വ്യക്തമാക്കി. കുടുംബശ്രീ മുദ്രഗീതം പ്രകാശനം, മുദ്രഗീത രചന നിര്‍വഹിച്ച ശ്രീകല ദേവയാനത്തിനുള്ള അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
കുടുംബശ്രീയുടെ കാല്‍നൂറ്റാണ്ടിന്റെ ചരിത്രം മാറ്റത്തിന്റെ ചരിത്രമാണെന്നും സ്ത്രീശാക്തീകരണം പ്രാവര്‍ത്തികമാക്കുന്നതില്‍ കുടുംബശ്രീ വഹിച്ച പങ്ക് നിര്‍ണായകമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു. കുടുംബശ്രീയുടെ പുതുക്കിയ ലോഗോയുടെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.
കുടുംബശ്രീ വനിതകളുടെ കവിതകള്‍ ഉള്‍പ്പെടുത്തിയ 'നിലാവ് പൂക്കുന്ന വഴികള്‍' പുസ്തക പ്രകാശനം മുന്‍ എം.പി സുഭാഷിണി അലി തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫിന് നല്കി പ്രകാശനം ചെയ്തു. രജത ജൂബിലിയോടനുബന്ധിച്ച് പോസ്റ്റല്‍ വകുപ്പ് പുറത്തിറക്കിയ പോസ്റ്റല്‍ കവര്‍, പോസ്റ്റല്‍ വകുപ്പ് ഡയറക്ടര്‍ അലക്സിന് ജോര്‍ജ് പ്രകാശനം ചെയ്ത് മന്ത്രി എം.ബി രാജേഷിന് കൈമാറി.
മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഓണ്‍ലൈനായി ആശംസ അറിയിച്ചു.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്.ബിന്ദു, മുന്‍ എം.പിമാരായ സുഭാഷിണി അലി, പി.കെ.ശ്രീമതി ടീച്ചര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ഷര്‍മ്മിള മേരി ജോസഫ്, കുടുംബശ്രീ ഗവേണിങ്ങ് ബോഡി അംഗങ്ങളായ അഡ്വ.സ്മിത സുന്ദരേശന്, ചാല കൗണ്‍സിലര്‍ സിമി ജ്യോതിഷ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷൈന.എ എന്നിവര്‍ മുഖ്യാതിഥികളായി
കുടുംബശ്രീ കുടുംബത്തിലെ മുതിര്‍ന്ന അംഗമായ വാസന്തി.കെ സ്വാഗതവും കോഴിക്കോട് മരുതോങ്കല്‍ സി.ഡി.എസിലെ കൃഷ്ണ ബാലസഭാംഗവുമായ കാദംബരി വിനോദ് നന്ദിയും പറഞ്ഞു. കുടുംബശ്രീ തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നൃത്തശില്പം പുതുമകൊണ്ടും പ്രമേയം കൊണ്ടും ആകര്‍ഷകമായി.
- 302 views