'എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം'- മാലിന്യമുക്ത കേരളത്തിനായി രംഗത്ത് 'രംഗശ്രീ'യും.

Posted on Thursday, March 23, 2023
നമ്മുടെ സ്വന്തം കേരളത്തെ മാലിന്യമുക്തമാക്കാന് അക്ഷീണ പരിശ്രമം നടത്തുന്ന ഹരിത കര്മ്മസേന. ഓരോ വീടുകളിലുമെത്തി അജൈവ മാലിന്യം ശേഖരിക്കല്, അവ തരംതിരിക്കല്, പുനരുപയോഗ സാധ്യമാകുന്നവ അതിനായുള്ള കമ്പനികള്ക്ക് കൈമാറല്, അല്ലാത്തവ റോഡ് ടാറിങ് പോലുള്ള പ്രവര്ത്തനങ്ങള്ക്ക് കൈമാറല്, ജൈവ മാലിന്യ സംസ്‌ക്കരണത്തിനുതകുന്ന പരിഹാരങ്ങളും നിര്ദ്ദേശങ്ങളും നല്കല്... എന്നിങ്ങനെ നീളുന്നു ഹരിത കര്മ്മസേന നടത്തുന്ന വിവിധ പ്രവര്ത്തനങ്ങള്.
 
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന കടമ ഓരോ പൗരന്മാരെയും ഓര്മ്മിപ്പിച്ച്, ഹരിതകര്മ്മസേന നടത്തിവരുന്ന വിലമതിക്കാനാകാത്ത സേവനങ്ങളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്കെത്തിച്ചുവരികയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി നാടക സംഘമായ രംഗശ്രീ.
'നല്ല ഭൂമിയുടെ പാട്ടുകാര്' എന്ന പേരില് തയാറാക്കിയിരിക്കുന്ന നാടകം ഉള്പ്പെട്ട കലാജാഥയാണ് ഓരോ ജില്ലയിലെയും വിവിധ കേന്ദ്രങ്ങളില് അതാത് ജില്ലകളിലെ രംഗശ്രീ ടീം അംഗങ്ങള് അവതരിപ്പിക്കുന്നത്. കോഴിക്കോട്, പാലക്കാട്, കണ്ണൂര്, തിരുവനന്തപുരം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില് കലാജാഥ സംഘടിപ്പിച്ചു കഴിഞ്ഞു.
Content highlight
rangashree team for waste management campaign