മുളിയാറില്‍ നിന്ന് തലസ്ഥാനത്തേക്ക് പറന്നെത്തിയ കുട്ടിക്കൂട്ടം

Posted on Monday, February 13, 2023
കാസര്ഗോഡ് ജില്ലയിലെ മുളിയാര് ഗ്രാമപഞ്ചായത്തിലെ 11 കുടുംബശ്രീ ബാലസഭാംഗങ്ങള് തിരുവനന്തപുരത്ത് എത്തി. വെറുതേ ഒരു വരവായിരുന്നില്ല അത്. 'ആകാശത്ത് ഒരു കുട്ടിയാത്ര' എന്ന മുളിയാര് സി.ഡി.എസിന്റെ പ്രത്യേക പരിപാടിയുടെ ഭാഗമായി വിമാനയാത്ര എന്ന സ്വപ്‌നം സഫലമാക്കിയുള്ള വരവായിരുന്നു അവരുടേത്.
 
വിമാനയാത്ര ചെയ്യാന് ആഗ്രഹിക്കുന്ന പഞ്ചായത്തിലെ ബാലസഭാംഗങ്ങളില് നിന്ന് അപേക്ഷ ക്ഷണിച്ച് അവര്ക്കായി പരീക്ഷ നടത്തി അതില് നിന്ന് തെരഞ്ഞെടുത്ത 11 പേരാണ് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തില് നിന്നും ഫെബ്രുവരി 8ന് തിരുവനന്തപുരത്തേക്ക് വിമാനത്തിലെത്തിയത്. വിശ്രുത് പ്രഭാകരന്, കെ. കൃഷ്‌ണേന്തു, സി.കെ.പി സനിത്ത്, വി. മായ. കെ.ആര്. ശിവരാജ്, ആദിത്യ സത്യന്, ടി. പ്രജ്വല്, ബി. ശിവകൃഷ്ണ, വിധു വിജയ്, ഋഷികേശ്, ദീക്ഷ എന്നിവരുള്പ്പെടുന്നതായിരുന്നു ഈ ആകാശയാത്ര നടത്തിയ കുട്ടിസംഘം.
 
   രാവിലെ പത്തിന് മുളിയാറില് നിന്നും പഞ്ചായത്ത് ഏര്പ്പെടുത്തിയ ട്രാവലറില് യാത്ര തിരിച്ച സംഘം ഉച്ചകഴിഞ്ഞ് രണ്ടിന് കണ്ണൂര് എയര്പോര്ട്ടിലെത്തി. അവിടെ നിന്ന് 3.50നുള്ള വിമാനത്തില് തിരുവന്തപുരത്തേക്ക്. തിരുവനന്തപുരത്ത് എത്തിയ സംഘം നിയമസഭ, മ്യൂസിയം, വേളി, മൃഗശാല എന്നിങ്ങനെ കേട്ടുപരിചയം മാത്രമുള്ള പല ഇടങ്ങളും രണ്ട് ദിനങ്ങള്ക്കൊണ്ട് സന്ദര്ശിച്ചു.
9ന് കുടുംബശ്രീ സംസ്ഥാന മിഷനിലെത്തി എക്‌സിക്യൂട്ടീവ് ഡയറക്ടര് ജാഫര് മാലിക് ഐ.എ.എസിനെ സന്ദര്ശിച്ച ഇവര് ബാലസഭയുടെ ഭാവി പ്രവര്ത്തന റിപ്പോര്ട്ടും കൈമാറി. സ്വപ്‌നങ്ങളും യാത്രാവിശേഷങ്ങളും പഠനകാര്യങ്ങളും ഉള്പ്പെടെയുള്ള കാര്യങ്ങള് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായി പങ്കുവച്ചു.
 
മുളിയാര് സി.ഡി.എസ് ചെയര്പേഴ്‌സണ് ഖൈറുന്നിസ, പഞ്ചായത്ത് മെമ്പര് സെക്രട്ടറി ബിനുമോന്. എന്, ബാലസഭ റിസോഴ്‌സ് പേഴ്‌സണ് ശ്രീനേഷ്, അക്കൗണ്ടന്റ് സക്കീന പി.എസ് എന്നിവര് കുട്ടികള്ക്കൊപ്പമുണ്ടായിരുന്നു. കെ.എസ്.ഇ.ബി എംപ്ലോയ്‌സ് യൂണിയനാണ് സംഘത്തിന് താമസ സൗകര്യം ഒരുക്കി നല്കിയത്. സ്‌പോണ്സര്ഷിപ്പിലൂടെയും മറ്റുമാണ് യാത്രാ ചെലവുകളും മറ്റും സി.ഡി.എസ് ഈ പരിപാടിക്കായി കണ്ടെത്തിയത്. കുഞ്ഞുപ്രായത്തിലെ വലിയ സ്വപ്‌നങ്ങള് പലതും പിടിയിലൊതുക്കിയതിന്റെ സന്തോഷത്തിലായിരുന്നു ഇന്ന് സ്വന്തം നാട്ടിലേക്കുള്ള കുട്ടിക്കൂട്ടത്തിന്റെ മടക്കയാത്ര.
Content highlight
Balasabha members from Mooliyar CDS flies to Thiruvananthapuram