അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഹില്‍ വാല്യു ബ്രാന്‍ഡില്‍ രണ്ട് കാര്‍ഷിക ഉപജീവന സംരംഭങ്ങള്‍ക്ക് കുടുംബശ്രീ തുടക്കം കുറിച്ചു. ചെറുധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോത്സാഹിപ്പിക്കുക, നല്ലഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മില്ലറ്റ് കഫേ ആരംഭിച്ചത്. ചിത്രശലഭം കാര്‍ഷിക ഗ്രൂപ്പിലെ രേശി, ലക്ഷ്മി വെള്ളിങ്കിരി, ലക്ഷ്മി ബാലന് എന്നിവരാണ് പുതൂരിലുള്ള ഈ കഫേയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ചെറുധാന്യങ്ങളുപയോഗിച്ച് തയ്യാറാക്കുന്ന റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ...തുടങ്ങിയ വിഭവങ്ങള്‍ ഇവിടെ ലഭിക്കും.
അഗളി പഞ്ചായത്ത് സമിതിയ്ക്ക് കീഴിലാണ് വൈഗ എന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ചെല്ലി, ലക്ഷ്മി നഞ്ചന്, പാപ്പ കക്കി, ആശ, രാധ എന്നീ സംരംഭകര്‍ ചേര്‍ന്നാണ് ദോശമാവും മസാലപ്പൊടികളും മറ്റും ഉത്പാദിപ്പിക്കുന്ന ഈ സംരംഭം നടത്തുന്നത്. ഹില്‍ വാല്യു എന്ന കുടുംബശ്രീയുടെ കാര്‍ഷിക ഉത്പന്ന ബ്രാന്‍ഡിന്റെ കീഴിലാണ് ഈ രണ്ട് സംരംഭങ്ങളും ആരംഭിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13ാം സംരംഭമാണ് മില്ലറ്റ് കഫേ.
കുടുംബശ്രീയുടെ ഭാഗമായി 1037 ജെ എല്‍ജികളിലായി 4606 കര്‍ഷകര്‍ വിവിധ വിളകള്‍ അട്ടപ്പാടിയില്‍ കൃഷി ചെയ്യുന്നുണ്ട്. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി ,ചാമ, ചോളം, വരഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്ത് വരുന്നു.
- 54 views