സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുളള അയല്‍ക്കൂട്ടങ്ങള്‍ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനുളള തെരഞ്ഞെടുപ്പിന് തുടക്കം. ഇന്ന് മുതല്‍ 13 വരെയാണ് അയല്‍ക്കൂട്ട തെരഞ്ഞെടുപ്പ്. ഓരോ അയല്‍ക്കൂട്ടത്തിനും പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന ഉപസമിതി കണ്‍വീനര്‍, സാമൂഹ്യ വികസന ഉപസമിതി കണ്‍വീനര്‍, അടിസ്ഥാന സൗകര്യ വികസന ഉപസമിതി കണ്‍വീനര്‍ എന്നിങ്ങനെ അഞ്ചംഗ ഭരണസമിതിയെയാണ് തെരഞ്ഞെടുക്കുക. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച അയല്‍ക്കൂട്ടങ്ങളിലെ ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പും ഇതോടൊപ്പം നടത്തും.
അയല്‍ക്കൂട്ടം, ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി (എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവ ഉള്‍പ്പെടുന്ന കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന് പുതിയ ഭരണസാരഥികളെ കണ്ടെത്തുന്നതിനാണ് തെരഞ്ഞെടുപ്പ്. ഇതിന്റെ ആദ്യഘട്ടമാണ് അയല്‍ക്കൂട്ട തലത്തില്‍ നടത്തുന്നത്. ജനുവരി 16 മുതല്‍ 21 വരെ 19,489 എ.ഡി.എസുകളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പാണ് രണ്ടാംഘട്ടം. മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് ജനുവരി 25നാണ്. 1069 സി.ഡി.എസുകളിലേക്കുള്ള ഭാരവാഹികളെയാണ് ഇതുവഴി കണ്ടെത്തുക. പുതിയ ഭാരവാഹികള്‍ ജനുവരി 26ന് ചുമതലയേല്‍ക്കും.
ജില്ലാ കളക്ടര്‍മാര്‍ക്കാണ് കുടുംബശ്രീ തെരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല. ഇതിന്റെ ഭാഗമായി 14 ജില്ലകളിലും ജില്ലാ കളക്ടര്‍മാര്‍ ഓരോ ജില്ലയിലും ജില്ലാ വരണാധികാരിയെ നിയോഗിച്ചിട്ടുണ്ട്. എല്ലാ സി.ഡി.എസുകളിലും ഒരു വരണാധികാരിയും ഉപവരണാധികാരിയുമാണ് തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം വഹിക്കുക. കൂടാതെ തെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വരണാധികാരികള്‍, തെരഞ്ഞെടുപ്പിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍മാര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ബ്ളോക്ക് കോര്‍ഡിനേറ്റര്‍മാര്‍, സിറ്റി മിഷന് മാനേജര്‍മാര്‍, പതിനാല് സംസ്ഥാനതല റിസോഴ്സ് പേഴ്സണ്‍മാര്‍, അഞ്ഞൂറിലേറെ ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍, സി.ഡി.എസ് ഭരണാധികാരികള്‍, സി.ഡി.എസ് മെമ്പര്‍ സെക്രട്ടറിമാര്‍, അക്കൗണ്ടന്റുമാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടത്തിലും ഇവരുടെ സജീവ പങ്കാളിത്തം ഉണ്ടാകും.
- 1622 views