ബഡ്‌സ് പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കുമായി ഓണ്‍ലൈനായി ഓണാഘോഷം സംഘടിപ്പിച്ച് കുടുംബശ്രീ

Posted on Wednesday, August 25, 2021

ബഡ്‌സ് സ്ഥാപന പരിശീലനാര്‍ത്ഥികള്‍ക്കും ബാലസഭാ അംഗങ്ങള്‍ക്കുമായി ഓണപ്പുലരി, പൂവേ പൊലി എന്നീ ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ച് കുടുംബശ്രീ. കോവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലെത്തിയ ഓണം അതിന്റെ തനിമയോടും മികവോട് കൂടിയും ആഘോഷിക്കാനുള്ള അവസരമാണ് ഈ ഓണ്‍ലൈന്‍ ആഘോഷങ്ങളിലൂടെ കുടുംബശ്രീ ഒരുക്കിയത്. വിവിധ മത്സരങ്ങള്‍ അടങ്ങിയ ഈ ഓണാഘോഷങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്നവര്‍ക്ക് സമ്മാനങ്ങളും നല്‍കും.

  തദ്ദേശ സ്ഥാപനതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്ഥാപനങ്ങളിലെ പരിശീലനാര്‍ത്ഥികള്‍ക്ക് 'ഓണപ്പുലരി 2021' എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ മത്സരങ്ങള്‍ ഓഗസ്റ്റ് 19ന് ആരംഭിച്ചു.  ആദ്യ ദിവസങ്ങള്‍ മുതല്‍ മത്സരത്തില്‍ മികച്ച പങ്കാളിത്തമുണ്ടായി. 5000ത്തോളം കുട്ടികളാണ് ഓഗസ്റ്റ് 23 വരെ നടന്ന മത്സരങ്ങളുടെ ഭാഗമായത്. ജൂനിയര്‍- സീനിയര്‍ വിഭാഗങ്ങളിലായി മലയാളി മങ്ക, കേരള ശ്രീമാന്‍/മഹാബലി, ഓണപ്പാട്ട്, ഞാനും എന്റെ പൂക്കളവും, ചിത്രരചന എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രകടനത്തിന്റെ വീഡിയോ/ഫോട്ടോ എടുത്ത് മാതാപിതാക്കള്‍ ബഡ്‌സ് അധ്യാപകര്‍ക്ക് അയച്ചു നല്‍കുന്നു. ഇങ്ങനെ ലഭിക്കുന്ന എന്‍ട്രികള്‍ ജഡ്ജസ് പരിശോധിച്ച് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുന്നു. മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കൂടാതെ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെമെന്റോയും നല്‍കും.

onappulari


  ബാലസഭാ അംഗങ്ങള്‍ക്കായി 'പൂവേ പൊലി 2021' എന്ന പേരിലാണ് ഓണം മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 ന് ആരംഭിച്ച പൂവേ പൊലിയില്‍ മാവേലിക്കൊരു കത്ത്, ഓണപ്പാട്ട്, അത്തപ്പൂക്കളം എന്നീ മത്സരങ്ങളാണുള്ളത്. ബാലസഭകളെ പ്രതിനിധീകരിച്ച് അംഗങ്ങള്‍, സംഘമായി മത്സരങ്ങളുടെ ഭാഗമാകുകയായിരുന്നു. ഓഗസ്റ്റ് 23 വരെ നടന്ന മത്സരങ്ങളില്‍ 4 ലക്ഷത്തോളം ബാലസഭാ അംഗങ്ങള്‍ പങ്കെടുത്തു. മത്സരിക്കുന്ന വീഡിയോ അല്ലെങ്കില്‍ ഫോട്ടോ സി.ഡി.എസില്‍ ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കുന്നു. ഇങ്ങനെ ലഭിക്കുന്ന എന്‍ട്രികളില്‍ നിന്ന് സമ്മാനര്‍ഹരെ തെരഞ്ഞെടുക്കുന്നു. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്കെത്തുന്നവര്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
 

Content highlight
Kudumbashree organized 'Onapulari' & 'Poove Poli'-Online Onam celebrations for BUDS children and Balasabha membersml