സര്‍ക്കാരിന്റെ പുതിയ 100 ദിന കര്‍മ്മ പദ്ധതിയിലും കുടുംബശ്രീ ഭാഗമായി. ഇതില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്. ജൂണ്‍ 11 മുതല്‍ സെപ്റ്റംബര്‍ 19 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുന്‍ 100 ദിന പദ്ധതികളിലും കുടുംബശ്രീ ഭാഗമായിരുന്നു. പുതിയ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതികളും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ 100 ദിന പദ്ധതികളില്‍ ആറ് പദ്ധതികളാണ് കുടുംബശ്രീയുടേതായുള്ളത്.
1. വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഹോട്ടലുകള്‍ക്ക് ഗ്രേഡിങ് നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം.
2. നിലവില്‍ സംരംഭകത്വ പരിശീലനം പൂര്‍ത്തിയാക്കി, നൈപുണ്യ പരിശീലനം ആരംഭിക്കുകയും ലോക്ഡൗണിനെത്തുടര്‍ന്ന് അത് പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്ന കുടുംബശ്രീ അംഗങ്ങളുണ്ട്. ഇവരുടെ നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കി 2000 പേരെങ്കിലും സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കും.
3. കോവിഡ് നിയന്ത്രണങ്ങളുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അനുഭവിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്ക് ധനസഹായത്തിനായി 20,000 ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ (എ.ഡി.എസ്) വഴി സംസ്ഥാനത്താകെ 200 കോടി രൂപയുടെ ധനസഹായ വിതരണം നടത്തും.
4. കെ.എസ്.എഫ്.ഇ യുമായി ചേര്‍ന്നുകൊണ്ടുള്ള വിദ്യാശ്രീ പദ്ധതിയുടെ കീഴില്‍ 50,000 ലാപ്‌ടോപ്പുകളുടെ വിതരണ ഉദ്ഘാടനം.
5. അതീവദാരിദ്ര്യം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി ദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കും. കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്തും.
6. പി.എം.എ.വൈ (അര്‍ബന്‍)- ലൈഫ് പദ്ധതി പ്രകാരം 2000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
കുടുംബശ്രീ മുഖേന നടത്തുന്ന 100 ദിന പദ്ധതികളുടെ ഫലങ്ങളും പുരോഗതിയും കുടുംബശ്രീ വെബ്‌സൈറ്റിലെ www.kudumbashree.org/pages/876 എന്ന ലിങ്കില്‍ ലഭിക്കും.
- 32 views