കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ലോക ബാങ്കിന്റെ സഹായത്തോടെ നാഷണല്‍ റൂറല്‍ എക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രോജക്ട് (എന്‍.ആര്‍.ഇ.ടി.പി) വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്നു. സംരംഭ മാതൃക ഉയര്‍ന്നതലത്തില്‍ കൊണ്ടുവരികയെന്നതാണ് ഈ പ്രോജക്ടിന്റെ ലക്ഷ്യം. ഈ പ്രോജക്ടിന്റെ ഭാഗമായി സംരംഭങ്ങളുടെ ബിസിനസ് വര്‍ദ്ധിപ്പിക്കാനായി നിയമിക്കുന്ന ബിസിനസ് ഡെവലപ്പ്‌മെന്റ് സപ്പോര്‍ട്ട് പ്രൊവൈഡേഴ്‌സിന് (ബി.ഡി.എസ്.പി) പരിശീലനം നല്‍കാനുള്ള സഹായം എന്‍.ആര്‍.എല്‍.എം (ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം) കുടുംബശ്രീയോട് ആവശ്യപ്പെട്ടിരുന്നു . പരിശീലനത്തിനുള്ള മൊഡ്യൂള്‍ തയാറാക്കി ഉചിതമായ രീതിയില്‍ അവരുടെ കാര്യശേഷി വര്‍ദ്ധിപ്പിക്കുകയെന്നതാണ് പരിശീലന ലക്ഷ്യം.
സ്റ്റാര്‍ട്ടപ്പ് വില്ലെജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോജക്ടിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് കുടുംബശ്രീ പരിശീലനം നല്‍കിയിരുന്നു. എസ്.വി.ഇ.പി പ്രോജക്ടിന്റെ മാതൃകയിലാണ് എന്‍.ആര്‍.ഇ.ടി.പി എന്നതിനാല്‍ തന്നെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് പരിശീലനം നല്‍കയതിന്റെ അനുഭവജ്ഞാനത്തില്‍ കുടുംബശ്രീയ്ക്ക് ബി.ഡി.എസ്.പിമാര്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുമെന്നതാണ് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം കുടുംബശ്രീയുടെ സഹായം തേടാന്‍ കാരണമായത്. ഇതേത്തുടര്‍ന്ന് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യവുമായി പരിശീലനം നല്‍കുന്നതിന് കുടുംബശ്രീ കരാറിലൊപ്പിട്ടു. അസാം, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങള്‍ എന്‍.ആര്‍.ഇ.ടി.പിയുടെ ഭാഗമായി ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനം നല്‍കാനായി ഇപ്പോള്‍ തന്നെ കുടുംബശ്രീയെ സമീപിച്ചിട്ടുണ്ട്. നാഷണല്‍ റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍.ആര്‍.ഒ) മുഖേനയാണ് പരിശീലനം നല്‍കുക.
എസ്.വി.ഇ.പിയിലെ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പ്രവര്‍ത്തനത്തേക്കാള്‍ കൂടുതല്‍ വ്യാപകമാണ് എന്‍.ആര്‍.ഇ.ടി.പിയിലെ ബി.ഡി.എസ്.പിമാരുടെ പ്രവര്‍ത്തനം. അതിനാല്‍ തന്നെ ഇവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതണ്ട്. കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് നല്‍കുന്ന പരിശീലന മൊഡ്യൂള്‍ ബി.ഡി.എസ്.പിമാര്‍ക്കുള്ള പരിശീലനത്തിന്റെ അടിസ്ഥാന മൊഡ്യൂളാക്കി പരിഗണിക്കാനും, ഉയര്‍ന്ന നിലവാരത്തിലുള്ള കഴിവും കാര്യശേഷിയും നേടിക്കൊടുക്കാന്‍ വേണ്ടി ഗ്രോത്ത് മൊഡ്യൂള്‍ എന്ന രീതിയില്‍ മറ്റൊരു പുതിയ പരിശീലന മൊഡ്യൂള്‍ കൂടി തയാറാക്കി ഇവര്‍ക്ക് പരിശീലനം നല്‍കാനുമാണ് കുടുംബശ്രീ തയാറെടുക്കുന്നത്. അടിസ്ഥാന മൊഡ്യൂളും ഗ്രോത്ത് മൊഡ്യൂളും അടങ്ങിയ പരിശീലന പദ്ധതിയാകും എന്‍.ആര്‍.എല്‍.എമ്മിന്റെ നിര്‍ദ്ദേശ പ്രകാരം ബി.ഡി.എസ്.പിമാര്‍ക്ക് വേണ്ടി കുടുംബശ്രീ തയാറാക്കുകയെന്ന് ചുരുക്കം.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതി അവലംബിച്ച് ഈ പരിശീലനം നല്‍കാനാണ് കുടുംബശ്രീയ്ക്ക് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. സംരംഭങ്ങള്‍ക്ക് പിന്തുണയേകാനുള്ള മികച്ച കമ്മ്യൂണിറ്റി കേഡര്‍മാരെ വാര്‍ത്തെടുക്കാനുള്ള ഒരു പരിശീലനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ രീതിയിലാക്കുകയെന്നത് കുടുംബശ്രീ നേരിടുന്ന കനത്ത വെല്ലുവിളിയാണ്. ആവശ്യമായ പരിശീലനവും നൈപുണ്യ വികസനവുമൊക്കെ ഓണ്‍ലൈനായി പരിശീലനാര്‍ത്ഥികള്‍ക്ക് നല്‍കുന്നതിനായി ഒരു ലേണിങ് മാനേജ്‌മെന്റ് സിസ്റ്റവും കുടുംബശ്രീ രൂപീകരിക്കും. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമേ വിവിധ വിഷയങ്ങളിലുള്ള വീഡിയോകളും കേസ് സ്റ്റഡികളും പരിശീലനങ്ങളും ഉള്‍പ്പെടെയുള്ള വ്യത്യസ്ത പഠന സാമഗ്രികളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്കുപരിയായി ഈ പഠന സാമഗ്രികളും പിന്തുടര്‍ന്ന് പരിശീലനം മികച്ചതാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.
എന്‍.ആര്‍.എല്‍.എമ്മിന്റെ ഭാഗമായുള്ള ഈ പരിശീലന മൊഡ്യൂളുകള്‍ക്ക് അന്തിമ അംഗീകാരം ലഭിച്ചശേഷം പരിശീലന പരിപാടികള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
- 23 views