റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയിലൂടെ 250 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കണക്ടു ടു വര്‍ക്ക് എന്ന പുതിയൊരു ആശയം കുടുംബശ്രീ നടപ്പാക്കുന്നു. സമൂഹത്തില്‍ അഭ്യസ്ത വിദ്യരായ ധാരാളം പേരുണ്ടെങ്കിലും ജോലി കണ്ടെത്താനായി അഥവാ ജോലിയിലേക്ക് കണക്ട് ചെയ്യാനായി നിരവധി ബുദ്ധിമുട്ടുകള്‍ ഇവര്‍ നേരിടാറുണ്ട്. സോഫ്ട് സ്‌കില്‍സ് ഇല്ലാത്തതും ഇന്റര്‍വ്യൂകള്‍ നേരിടാന്‍ വേണ്ടത്ര അറിവ് ഇല്ലാത്തതും ഓണ്‍ലൈന്‍ ഉള്‍പ്പെടെയുള്ള വിവിധ മാധ്യമങ്ങളിലൂടെയും മറ്റും തൊഴിലവസരങ്ങള്‍ അറിഞ്ഞ് ഈ അവസരങ്ങളെ ജോലിയാക്കി മാറ്റാന്‍ കഴിവില്ലാത്തതുമെല്ലാം ഇവര്‍ക്ക് വെല്ലുവിളിയാകുകയും ആഗ്രഹിക്കുന്ന ജോലി ആഗ്രഹിക്കുന്ന സമയത്ത് ലഭിക്കാതെ വരാന്‍ ഇടയാകുകയും ചെയ്യുന്നു. സമൂഹത്തില്‍ ഇത്തരത്തിലൊരു അവസ്ഥ നേരിടുന്ന പലരുമുണ്ടെന്നതും അവര്‍ക്ക് സഹായം ആവശ്യമുണ്ടെന്നും കണ്ടറിഞ്ഞതോടെയാണ് ജോലി ലഭിക്കാന്‍ വേണ്ടി ഒരു ഫിനിഷിങ് സ്‌കൂള്‍ എന്ന നിലയില്‍ 'കണക്ട് ടു വര്‍ക്ക്' എന്ന ആശയം നടപ്പിലാക്കാന്‍ കുടുംബശ്രീ തീരുമാനിച്ചത്.
ആദ്യഘട്ടത്തില്‍ കേരളത്തിലെ 152 ബ്ലോക്കുകളില്‍ നിന്നും ഓരോ പഞ്ചായത്തുകള്‍ വീതം തെരഞ്ഞെടുക്കുകയും ഓരോ പഞ്ചായത്തിലും 33 പേര്‍ക്ക് പരിശീലനം നല്‍കി അവരെ ജോലി ലഭിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഇപ്രകാരം 5000ത്തോളം പേരെ ജോലിയിലേക്കെത്തിക്കാന്‍ ലക്ഷ്യമിടുന്നു. ഈ തെരഞ്ഞൈടുക്കപ്പെടുന്നവര്‍ക്ക് 120 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സാണ് നല്‍കുക. പേഴ്സണല്‍ സ്‌കില്‍സ്, സോഷ്യല്‍ സ്‌കില്‍സ്, ഓര്‍ഗനൈസേഷണല്‍ സ്‌കില്‍സ്, പ്രൊഫഷണല്‍ സ്‌കില്‍സ്, പ്രെസന്റേഷന്‍ സ്‌കില്‍സ്, എന്റര്‍പ്രണര്‍ഷിപ്പ് സ്‌കില്‍സ് തുടങ്ങിയവ പഠിപ്പിക്കും. ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി ലഭിക്കാനുള്ള സാധ്യത ഏറെ വര്‍ദ്ധിക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ആദ്യഘട്ടത്തിന്റെ വിജയം അനുസരിച്ച് പിന്നീടുള്ള ഘട്ടങ്ങള്‍ ആരംഭിക്കുന്നതാണ്.
ഇപ്രകാരം 152 സി ഡി എസ് കളെ തെരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കണക്ട് ടു വര്‍ക്ക് പദ്ധതി നടപ്പാക്കാന്‍ ഈ സി ഡി എസ് കളോട് പഞ്ചായത്തിന്റെ സ്വന്തം സൗകര്യങ്ങള്‍ ഉപയോഗിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കമ്പ്യൂട്ടര്‍, പ്രോജക്ടര്‍, ബോര്‍ഡ്, മേശ, കസേര, പഠിതാക്കള്‍ക്കുള്ള യാത്രബത്ത, പരിശീലന കേന്ദ്രം ഏകോപിപ്പിക്കാനായി തെരഞ്ഞെടുത്ത റിസോഴ്‌സ് പേഴ്‌സണുള്ളള ഓണറേറിയം തുടങ്ങിയവയ്ക്കായി 2,10,000 രൂപ വീതം എല്ലാ സി ഡി സ് കള്‍ക്കും നല്‍കിക്കഴിഞ്ഞു. പഞ്ചായത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ സി ഡി എസിലും ഓരോ റിസോഴ്‌സ് പേഴ്‌സണെ വീതവും നിയോഗിച്ചു കഴിഞ്ഞു. ആദ്യഘട്ട പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന പ്രവര്‍ത്തനവും ആരംഭിച്ചു. ഓഗസ്റ്റ് 15നകം പരിശീലനാര്‍ത്ഥികളെ തെരഞ്ഞെടുക്കും. കോവിഡ്- 19 പ്രതിസന്ധി അവസാനിച്ച ശേഷം സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിക്കുന്നത് അനുസരിച്ച് പരിശീലനം നല്‍കി തുടങ്ങും. പരിശീലനം നല്‍കാന്‍ അസാപുമായി (അഡീഷണല്‍ സ്‌കില്‍സ് അക്വസിഷന്‍ പ്രോഗ്രാം) കരാറിലെത്തിക്കഴിഞ്ഞു. അസാപ് പരിശീലകരാകും 152 കേന്ദ്രങ്ങളിലും ക്ലാസ്സുകള്‍ നയിക്കുക. പരിശീലന മൊഡ്യൂള്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. അതാത് പ്രദേശത്തെ സിഡിഎസിന്റെ കീഴിലാകും പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുക.
ഓരോ വ്യക്തിയുടെയും പോരായ്മകള്‍ മനസ്സിലാക്കി, അത് പരിഹരിച്ച് ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പരിശീലനം നല്‍കുന്ന ഈ പദ്ധതി ഇപ്പോള്‍ നടപ്പിലാക്കല്‍ ഘട്ടത്തിലെത്തിക്കഴിഞ്ഞിരിക്കുകയാണ്. സമൂഹത്തില്‍ വലിയൊരു മാറ്റമുണ്ടാക്കാനും സ്വയം മെച്ചപ്പെടുത്തി ഉപജീവനം കണ്ടെത്താനും ഈ പദ്ധതി ഏറെപ്പേരെ തുണയ്ക്കും. ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്ക് ഈ പരിശീലന പദ്ധതിയില്‍ പങ്കെടുക്കാനാകും. പരിശീലനാര്‍ത്ഥികളുടെ കുടുംബത്തില്‍ ആരെങ്കിലും കുടുംബശ്രീ അംഗമായിരിക്കണം അല്ലെങ്കില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം. പരമാവധി പ്രായം 35. താത്പര്യമുള്ളവര്‍ തൊട്ടടുത്ത സിഡിഎസില്‍ ബന്ധപ്പെടണം.
- 34 views