കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്ന 60ാം കേരള സ്‌കൂള്‍ കലോത്സവത്തിലും മികച്ച നേട്ടം കൊയ്ത് കുടുംബശ്രീ സംരംഭകര്‍. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 1 വരെ നടന്ന മേളയില്‍ ഭക്ഷണവിഭവങ്ങള്‍ തയാറാക്കി നല്‍കി കുടുംബശ്രീ സംരംഭകര്‍ നേടിയത് 15 ലക്ഷം രൂപ വരുമാനമാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്ന് 8000ത്തോളം യുവ പ്രതിഭകളാണ് കാഞ്ഞങ്ങാട് മത്സരിക്കാനായെത്തിയത്.
കലോത്സവ വേദികളില്‍ കുടുംബശ്രീ ഫുഡ് കോര്‍ട്ടുകളും ജ്യൂസ് സ്റ്റാളുകളും പ്രവര്‍ത്തിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറും കലോത്സവത്തിന്റെ സംഘാടകസമിതിയും അനുമതി നല്‍കുകയായിരുന്നു. ആ അവസരം കുടുംബശ്രീ സൂക്ഷ്മ സംരംഭകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. 35 കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണ-പാനീയ സ്റ്റാളുകള്‍ 17 വേദികളില്‍ ഒരുക്കിയത്. ആകെയുള്ള 28 സ്റ്റേജുകളിലും ഹരിതകര്‍മ്മ സേനാംഗങ്ങളായ കുടുംബശ്രീ വനിതകള്‍ തണ്ണീര്‍മത്തന്‍ ജ്യൂസ് സ്റ്റാളുകളും നടത്തി. 112 കുടുംബശ്രീ വനിതകള്‍ ചേര്‍ന്നാണ് ഈ സ്റ്റാളുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ചായയും കാപ്പിയും ചെറുകടികളും വിവിധതരം ജ്യൂസുകളും പായസവും അവല്‍ മില്‍ക്കും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഇവിടെ നല്‍കുന്നു. പരമ്പരാഗത ഭക്ഷണം ലഭിക്കുന്ന എത്‌നിക് ഫുഡ് കോര്‍ട്ടും ഏറെ ശ്രദ്ധ നേടി.
ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഭക്ഷണം ഒരുക്കി നല്‍കാന്‍ ഇപ്പോള്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്ഥിരമായി അവസരം ലഭിക്കുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കലോത്സവത്തില്‍ ലഭിച്ച ഈ ഒരു വലിയ അവസരത്തെ ഞങ്ങള്‍ കാണുന്നത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 2018 നവംബറില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍ കുടുംബശ്രീയുടെ പത്ത് യൂണിറ്റുകള്‍ ഭക്ഷണ വിഭവങ്ങളൊരുക്കി നല്‍കിയിരുന്നു. അന്ന് പതിനൊന്ന് കൗണ്ടറുകളിലായി പത്ത് കുടുംബശ്രീ യൂണിറ്റുകളാണ് ഏഴായിരത്തോളം കാണികള്‍ക്ക് വേണ്ട ഭക്ഷണമൊരുക്കിയത്. 3000ത്തോളം പേര്‍ പങ്കെടുത്ത നവകേരള മിഷന്‍ യോഗത്തിലും കുടുംബശ്രീ യൂണിറ്റുകള്‍ ഭക്ഷണം തയാറാക്കി നല്‍കിയിരുന്നു.
- 84 views