തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശ്ശൂര്‍, തിരൂര്‍ റെയില്‍വേ സ്റ്റേഷനുകളിലെ ശീതീകരിച്ച വിശ്രമമുറികളുടെ (എസി വെയിറ്റിങ് ഹാള്‍) മാതൃകയില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും കുടുംബശ്രീ അംഗങ്ങള്‍ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വിശ്രമമുറി ആരംഭിച്ചു. കണ്ണൂര്‍ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എം. സുര്‍ജിത്ത് സെപ്റ്റംബര്‍ അഞ്ചിന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹാളില്‍ മണിക്കൂറിന് 30 രൂപ നിരക്കിലാണ് ഈടാക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ക്കായി പ്രത്യേക ഇടവും ഹാളിലുണ്ട്. ടെലിവിഷനും വായിക്കാനായി പുസ്തകങ്ങളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വൃത്തിയുള്ള ശുചിമുറികളും മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാനുള്ള ഇടങ്ങളും ഹാളിലുണ്ട്. ദിവസേന ലഭിക്കുന്ന വരുമാനം 50-50 ശരാശരിയില്‍ പങ്കിടാനാണ് കുടുംബശ്രീയും റെയില്‍വേയും തമ്മില്‍ ധാരണയിലെത്തിയിരിക്കുന്നത്.
വെയിറ്റിങ് ഹാള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാല് കുടുംബശ്രീ അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബറോടെ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും എസി വെയിറ്റിങ് ഹാള്‍ ആരംഭിക്കും. നിരവധി യാത്രക്കാര്‍ക്ക് അനുഗ്രഹമായി മാറിയിരിക്കുകയാണ് കേരളത്തില്‍ വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ ശീതീകരിച്ച വിശ്രമമുറികള്‍.
- 16 views