കേരള പോലീസിന്റെ പാരാമിലിട്ടറി വിഭാഗമായ മലബാര്‍ സ്പെഷ്യല്‍ പോലീസ് വിഭാഗത്തിലെ ഓഫീസര്‍മാര്‍ക്കായി മലപ്പുറം ജില്ലാ മിഷന് ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടി സംഘടിപ്പിച്ചു. ലിംഗപദവി സ്വയം പഠന പ്രക്രിയയുടെ ഭാഗമായാണ് ജൂണ്‍ 18നും 26നും കുടുംബശ്രീ ടീം ക്ലാസ്സുകള്‍ സംഘടിപ്പിച്ചത്. 102 ഓഫീസര്‍മാര്‍ പങ്കെടുത്തു. കുടുംബശ്രീ സംസ്ഥാന ജെന്‍ഡര്‍ പൂളില്‍ ഉള്‍പ്പെട്ട സാവിത്രി, രേഷ്മ, ഫെബിന എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.
പോലീസ് ഓഫീസര്‍മാരെ നാല് സംഘങ്ങളായി തിരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സെക്സ്, ജെന്‍ഡര്‍ എന്നിവ എന്താണെന്നുള്ള അവബോധവും നല്കി. ലൈംഗിക ആകര്‍ഷണത്വം, സാമൂഹ്യവത്ക്കരണം, ലൈംഗിക സ്വത്വം, പുരുഷ മേല്‍ക്കോയ്മ തുടങ്ങിയ വിഷയങ്ങളില്‍ ഓഫീസര്‍മാര്‍ക്ക് വിശദമായ പരിശീലനങ്ങളും നല്കി.
ട്രാന്‍സ്ജെന്‍ഡര്‍ എന്ന വിഷയത്തിലും പ്രത്യേക ക്ലാസ്സുകള്‍ നല്‍കിയതിനൊപ്പം വനിതാ സംവരണത്തെക്കുറിച്ച് പ്രത്യേക സംഘസംവാദവും നടത്തി. ഈ ജെന്‍ഡര്‍ സെന്‍സിറ്റൈസേഷന്‍ പരിശീലനം തങ്ങളുടെ കണ്ണ് തുറപ്പിച്ചെന്ന അഭിപ്രായമാണ് പല ഓഫീസര്‍മാരും രേഖപ്പെടുത്തിയത്. സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്കിന്റെ സേവനങ്ങളെക്കുറിച്ചുള്ള ധാരണയും പോലീസ് ഓഫീസര്‍മാര്‍ക്ക് നല്കി.
- 42 views