തിരുവനന്തപുരം: ഉന്നതമായ ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും കുട്ടികളുടെ മനസില് ഉറപ്പിച്ചു നിര്ത്താന് കുടുംബശ്രീ ബാലപാര്ലമെന്റ് പ്രവര്ത്തനങ്ങള് സഹായകരമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പറഞ്ഞു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില് സംഘടിപ്പിച്ച ബാലപാര്ലമെന്റിന്റെ സംസ്ഥാനതല ഉദ്ഘാടനം പഴയ നിയമസഭാ മന്ദിരത്തില് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പ്രക്രിയ ഏറ്റവും സവിശേഷതയോടെ കൈകാര്യം ചെയ്യുന്ന മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ജനാധിപത്യ മൂല്യങ്ങള് മതനിരപേക്ഷതയുടെ അടിത്തറ ഇതോടൊപ്പം ബഹുസ്വരതയും സംരക്ഷിക്കാന് കഴിയണം. കുട്ടികളുടെ സര്ഗാത്മകശേഷി, വ്യക്തിത്വ വികാസം, സംഘാടന മികവ്, സഹകരണ മനോഭാവം എന്നിവയെ പരിപോഷിപ്പിക്കാന് ബാലസഭയുടെ നേതൃത്വത്തില് നടത്തുന്ന പ്രവര്ത്തനങ്ങള്ക്ക് സാധിക്കും. നാലര ലക്ഷത്തോളം അംഗങ്ങള് ഉള്ള ബാലസഭാ കൂട്ടായ്മയിലെ കുട്ടികളുടെ സര്ഗശേഷി പ്രയോജനപ്പെടുത്തി രാജ്യത്തെ ക്രിയാത്മകമായ മാറ്റങ്ങളിലേക്കും അവബോധത്തിലേക്കും നയിക്കുന്ന തരത്തില് ബാലപാര്ലമെന്റുകളുടെ പ്രവര്ത്തനങ്ങള് മാറണം. പാര്ശ്വവല്ക്കരിക്കപ്പെടുന്നവരുടെ കൂടി അവകാശങ്ങള് സംരക്ഷിക്കാന് കഴിയുന്ന വിധത്തില് ജനാധിപത്യ പ്രക്രിയയെ മാറ്റിയെടുക്കാനും കഴിയണം.
ജനാധിപത്യ നടപടിക്രമങ്ങള് ഈ സമൂഹത്തിന്റെ നന്മയ്ക്കും വികസനത്തിനും അടിസ്ഥാന മൂല്യങ്ങള് സംരക്ഷിക്കുന്നതിനും വേണ്ടിയുള്ളതാണ്. അതിനാല് ബാലപാര്ലമെന്റ് എന്ന പദ്ധതിക്ക് തുടര് പ്രവര്ത്തനങ്ങള് വേണം. രാജ്യത്ത് നിലനില്ക്കുന്ന നിയമങ്ങള് ജനങ്ങള്ക്ക് വേണ്ടിയാണെന്നുള്ള ബോധ്യം ജനപ്രതിനിധികള്ക്കുണ്ടാവണം. ജനാധിപത്യത്തിന്റെ ചരിത്രം കൂടി പഠിച്ചുകൊണ്ട് രാജ്യത്തിന് പുതുതായി എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന് കഴിയുകയും മതനിരപേക്ഷ മൂല്യങ്ങള് കാത്തുസൂക്ഷിക്കുകയും വേണം. നല്ല മനുഷ്യനായിത്തീരാനാണ് കുട്ടികള് ശ്രമിക്കേണ്ടത്. ബാലപാര്ലമെന്റുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് മതനിരപേക്ഷ മൂല്യങ്ങളില് ഉറപ്പിച്ചു നിര്ത്താന് കഴിയണം. ബാലപാര്ലമെന്റുമായി ബന്ധപ്പെട്ട പ്രവര്ത്തനങ്ങള് കുട്ടികള്ക്ക് ശരിയുടെ പാതയിലേക്ക് മുന്നേറാനുള്ള കരുത്ത് നല്കും.. പാര്ലമെന്ററി നടപടിക്രമങ്ങള് ഏറ്റവും മികച്ച രീതിയില് അവതരിപ്പിക്കാന് ബാലസഭാംഗങ്ങള്ക്കു കഴിഞ്ഞുവെന്നും ബാലപാര്ലമെന്റില് മികച്ച രീതിയില് അവതരിപ്പിച്ച കുട്ടികളെ അദ്ദേഹം അഭിനന്ദിച്ചു. പാര്ലമെന്റില് പങ്കെടുത്ത കുട്ടികള്ക്ക് സര്ട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിര്വഹിച്ചു.
ബാലപാര്ലമെന്റില് പ്രധാനമന്ത്രിയായി എത്തിയ അഭിമന്യു. എ.എസ് (തിരുവനന്തപുരം), സ്പീക്കര് സൂര്യ സുരേഷ് (കോട്ടയം), ഡെപ്യൂട്ടി സ്പീക്കര് ആദിത്യ (കണ്ണൂര്), രാഷ്ട്രപതി അഭിഷേക്. എല്. നമ്പൂതിരി (കോട്ടയം), പ്രതിപക്ഷ നേതാവ് അലീന (ആലപ്പുഴ) എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
കുടുംബശ്രീ ഡയറക്ടര് ആശാ വര്ഗീസ് സ്വാഗതം പറഞ്ഞു. വാര്ഡ് കൗണ്സിലര് ജയലക്ഷ്മി ആശംസാ പ്രസംഗം നടത്തി. കുടുംബശ്രീ മലപ്പുറം ജില്ലാമിഷന് കോ-ഓര്ഡിനേറ്റര് ഹേമലത സി.കെ നന്ദി പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി അനില്, അഡീഷണല് പ്രൈവറ്റ് സെക്രട്ടറി എ.സന്തോഷ് കുമാര്, പ്രോഗ്രാം ഓഫീസര് അമൃത. ജി.എസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്മാരായ ജോമോന്, ജിജിന് ഗംഗാധരന്, ജില്ലാ പ്രോഗ്രാം മാനേജര്മാര്, ബ്ളോക്ക് കോ-ഓര്ഡിനേറ്റര്മാര്, റിസോഴ്സ് പേഴ്സണ്മാര് തുടങ്ങിയവര് പങ്കെടുത്തു.
കുട്ടികളുടെ അവകാശങ്ങള് ഉറപ്പുവരുത്തുന്നതിനും തലമുറകളില് നിന്നും തലമുറകളിലേക്കുള്ള ദാരിദ്ര്യ വ്യാപനം തടയുന്നതിനുമായി കുടുംബശ്രീ രൂപീകരിച്ചിട്ടുള്ള കുട്ടികളുടെ അയല്ക്കൂട്ടമാണ് ബാലസഭ. കുട്ടികളില് പാര്ലമെന്റ് നടപടിക്രമങ്ങള്, ഭരണ സംവിധാനങ്ങള്, നിയമനിര്മാണം, ഭരണഘടനാ മൂല്യം തുടങ്ങിയ വിവിധ വിഷയങ്ങളില് അവബോധം സൃഷ്ടിക്കാന് ലക്ഷ്യമിട്ടുകൊണ്ടാണ് ബാലപാര്ലമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. ഓരോ ജില്ലാ പാര്ലമെന്റില് നിന്നും 10 കുട്ടികളെ (5 ആണ്കുട്ടികളും 5 പെണ്കുട്ടികളും) വീതം തെരഞ്ഞെടുത്തുകൊണ്ടാണ് സംസ്ഥാന ബാലപാര്ലമെന്റ് സംഘടിപ്പിക്കുന്നത്. വിനോദങ്ങളിലൂടെയുള്ള വിജ്ഞാന സമ്പാദനം, സംഘബോധം, നേതൃത്വശേഷി, സഹകരണ മനോഭാവം, അവകാശാധിഷ്ഠിത പ്രവര്ത്തനങ്ങളിലൂടെ ജനാധിപത്യബോധം, സര്ഗശേഷി, വ്യക്തിവികാസം, പരിസ്ഥിതി ബോധം തുടങ്ങിയ മൂല്യങ്ങള് കുട്ടികളിലുണ്ടാക്കാന് ബാലസഭകള് ലക്ഷ്യമിടുന്നു. വിവിധങ്ങളായ ശിശു കേന്ദ്രീകൃത പ്രവര്ത്തന പരിപാടികളിലൂടെ അവരുടെ കഴിവുകള്/ശേഷികള് വിപുലപ്പെടുത്തുന്നതിനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെടുന്നു.
- 994 views