തിരുവനന്തപുരം: റബര്‍ ടാപ്പിംഗ് മേഖലയിലെ തൊഴിലവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കൂടുതല്‍ കുടുംബശ്രീ വനിതകള്‍ ഈ രംഗത്തേക്ക്. നിലവിലെ തൊഴില്‍ സംരംഭങ്ങളില്‍ നിന്നും പുതിയൊരു വരുമാനദായക തൊഴില്‍മേഖല കണ്ടെത്തുന്നതിനോടൊപ്പം പ്രകൃതിദത്ത റബറിന്റെ ഉല്പാദനം വര്‍ധിപ്പിക്കുകയാണ് പദ്ധതി വഴി കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ വൈദഗ്ധ്യമുളള തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന്റെ ഭാഗമായി ഈ രംഗത്ത് നിലവിലുള്ള പതിനേഴ് ഹരിത തൊഴില്‍ കര്‍മസേനകള്‍ക്കു പുറമേ 210 വനിതകള്‍ക്കു കൂടി വിദഗ്ധ പരിശീലനം നല്കി പതിനാല് പുതിയ ഹരിത തൊഴില്‍ കര്‍മസേനകള്‍ രൂപീകരിക്കുന്നതിനുളള നടപടികള്‍ ഊര്‍ജിതമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിവിധ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്ത 255 അയല്‍ക്കൂട്ട വനിതകള്‍ക്ക് കുടുംബശ്രീയും റബര്‍ ബോര്‍ഡും സംയുക്തമായി റബര്‍ ടാപ്പിങ്ങില്‍ പരിശീലനം നല്കി പതിനേഴ് ഹരിത തൊഴില്‍ കര്‍മസേന രൂപീകരിച്ചിരുന്നു. ഇവര്‍ക്ക് യൂണിഫോം, തിരിച്ചറിയല്‍ കാര്‍ഡ്, ടാപ്പിങ്ങിനാവശ്യമായ ഉപകരണങ്ങള്‍ എന്നിവയും നല്കി. ഇപ്രകാരം പരിശീലനം പൂര്‍ത്തിയാക്കിയ എല്ലാവര്ക്കും റബര്‍ ബോര്‍ഡിന്റെ തന്നെ പ്ളാന്റേഷനില്‍ തൊഴില്‍ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. റബര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്ന പ്ളാന്റേഷന് ദൂരെയുള്ള സ്ഥലങ്ങളിലാണെങ്കില്‍ അവിടെ പോയി തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത അംഗങ്ങള്‍ക്ക് സമീപ പ്രദേശങ്ങളില്‍ റബര്‍ ടാപ്പിങ്ങിനുള്ള സാധ്യതകള്‍ കണ്ടെത്തി വരുമാനം കണ്ടെത്താനും അവസരമുണ്ട്.
നിലവില്‍ ഹരിത തൊഴില്‍ കര്‍മസേനയിലെ പല അംഗങ്ങളും സമീപ പ്രദേശങ്ങളിലെ റബര്‍ ടാപ്പിങ്ങ് ചെയ്യുന്നതു വഴി പ്രതിമാസം ആറായിരത്തിലേറെ രൂപ വരുമാനം നേടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലും മറ്റ് മേഖലകളിലും ജോലി ചെയ്യുന്ന ഹരിത തൊഴില്‍ കര്‍മസേനയിലെ അംഗങ്ങള്‍ക്ക് അതോടൊപ്പം തന്നെ റബര്‍ ടാപ്പിങ്ങിലൂടെയും അധിക വരുമാനം നേടാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അയല്‍ക്കൂട്ട വനിതകള്‍ക്ക് സുസ്ഥിര വരുമാനമാര്‍ഗമൊരുക്കുന്നതിനായി റബര്‍ ടാപ്പിങ്ങിനൊപ്പം തേനീച്ച വളര്‍ത്തല്‍ പോലുള്ള ആകര്‍ഷകമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ പിന്തുണയും തൊഴില്‍ വൈദഗ്ധ്യ പരിശീലനവും കുടുംബശ്രീയും റബര്‍ ബോര്‍ഡും സംയുക്തമായി നല്‍കും. നിലവില്‍ ഈ മേഖലയില്‍ സജീവമായ എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും റബര്‍ ഉല്പാദക സംഘങ്ങളില്‍ അംഗത്വം നല്‍കിയിട്ടുണ്ട്. ഇതിലൂടെ പദ്ധതി നടപ്പാക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഹരിത തൊഴില്‍ കര്‍മസേനയിലെ അംഗങ്ങള്‍ക്ക് പ്രതിദിന വരുമാനത്തിനു പുറമേ അര്‍ഹമായ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
നൂതനമായ തൊഴില്‍ സംരംഭങ്ങളിലൂടെ കേരളത്തിലെ സാധാരണക്കാരായ വനിതകള്‍ക്ക് മികച്ച ജീവനോപാധികളൊരുക്കിയ കുടുംബശ്രീയുടെ മറ്റൊരു ശ്രദ്ധേയമായ തുടക്കമാണിത്. ആദ്യഘട്ടത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എറണാകുളം ജില്ലയിലെ പതിനേഴ് കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം പരിശീലനം നല്കിയ ശേഷം രാമമംഗലം റബര്‍ ഉല്പാദക സംഘത്തിന്റെ നേതൃത്വത്തില്‍ 'ഹരിത' എന്ന പേരില്‍ തൊഴില്‍ സേനയും രൂപീകരിച്ചിരുന്നു. ഇതു വിജയിച്ചതോടെയാണ് കൂടുതല്‍ വനിതകള്‍ക്ക് ഈ മേഖലയില്‍ പരിശീലനം നല്കാന് തീരുമാനിച്ചത്. റബര്‍ കൃഷി ഏറ്റവും കൂടുതലായുള്ള കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ അയല്‍ക്കൂട്ട വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
- 70 views