തിരുവനന്തപുരം: കലയും സംസ്കാരവും വിദ്യയും സമന്വയിക്കുന്ന നാലാമത് കൊച്ചി മുസിരിസ് ബിനാലെയില്‍ സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായി തിളങ്ങാന്‍ കുടുംബശ്രീയും. നേതൃത്വം വഹിക്കുന്നത് മുതല്‍ ശ്രദ്ധേയമായ എല്ലാ പരിപാടികളിലും വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖരായ സ്ത്രീകളുടെ സാന്നിധ്യമാണ് ഈ വര്‍ഷത്തെ മുസിരിസ് ബിനാലെയുടെ പ്രത്യേകത. ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 31 വരെയാണ് ബിനാലെ സംഘടിപ്പിക്കുന്നത്. ബിനാലെയില്‍ കുടുംബശ്രീ പ്രമുഖ പങ്കാളിത്തം വഹിക്കുന്നത് സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, മുസിരിസ് ബിനാലെ ഫൗണ്ടേഷന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി എന്നിവര്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി. മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.
കല, സംസ്കാരം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഏറെ പ്രോത്സാഹനം നല്കുന്ന കൊച്ചി ബിനാലെയും കുടുംബശ്രീയും തമ്മില്‍ പരസ്പര സംയോജനവും വിജ്ഞാനം പങ്കുവയ്ക്കലുമാണ് മൂന്നു മാസം നീണ്ടു നില്ക്കുന്ന ബിനാലെയിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളിലെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്ത്രീകള്‍ക്ക് ജനാധിപത്യ സംവിധാനത്തിലും സമൂഹത്തിന്റെ മുഖ്യധാരയിലും തങ്ങളുടേതായ ഇടം കണ്ടെത്താന്‍ സഹായിക്കുകയും സാധാരണക്കാരായ സ്ത്രീകളുടെ കലാസാംസ്ക്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തതിലൂടെ സ്ത്രീശാക്തീകരണത്തിന് മികച്ച സംഭവാനകള്‍ നല്കിയ പ്രസ്ഥാനമെന്ന നിലയ്ക്കാണ് ഇത്തവണ കൊച്ചി മുസിരിസ് ബിനാലെയില്‍ പങ്കാളിത്തം വഹിക്കാനുള്ള അവസരം കുടുംബശ്രീക്ക് ലഭിച്ചത്.
ബിനാലെ നടക്കുന്ന തൊണ്ണൂറു ദിവസങ്ങളിലും മുഖ്യവേദികളിലൊന്നായ കബ്രാല്‍ യാര്‍ഡില്‍ തിരുവിതാംകൂര്‍-കൊച്ചി-മലബാര്‍ മേഖലയിലെ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കി കഫേ കുടുംബശ്രീ വനിതകളുടെ ഫുഡ്കോര്‍ട്ട് സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീയുടെ കീഴിലുള്ള ഇരുപതോളം യൂണിറ്റുകളാണ് ഇതില്‍ പങ്കെടുക്കുക. കഫേ കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ വിപണനത്തെ സഹായിക്കുന്നതിനുളള ആവശ്യമായ പിന്തുണ ബിനാലെ നല്‍കും. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് കുടുംബശ്രീ ഉല്പന്നങ്ങള് കാണുന്നതിനും വാങ്ങുന്നതിനും അവസരമൊരുക്കി കുടുംബശ്രീ സൂക്ഷ്മസംരംഭകര്‍ നിര്‍മിക്കുന്ന പന്ത്രണ്ടോളം വ്യത്യസ്ത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കുന്നുണ്ട്. പരമ്പരാഗത കരകൗശല രംഗത്തു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ വനിതകള്‍ ഉല്പന്നങ്ങള് നിര്‍മിക്കുന്നതു നേരിട്ടു കാണുന്നതിനുള്ള അവസരവും പ്രമുഖ വേദിയില്‍ ലഭിക്കും. മുള കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍, കളിമണ്‍ പാത്ര നിര്‍മാണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കും ഇതിനായി എത്തുക. ഇവര്‍ നിര്‍മിക്കുന്ന ഉല്പന്നങ്ങള് കൂടുതല്‍ കലാമൂല്യമുള്ളതാക്കി മാറ്റുന്നതിനായി ചിത്രകലാ- പെയിന്റിങ്ങ് രംഗത്തെ നിരവധി കലാകാരന്മാരും ഇവര്‍ക്കൊപ്പം അണിനിരക്കും. എല്ലാ ദിവസങ്ങളിലും കുടുംബശ്രീയെ കുറിച്ചുള്ള വീഡിയോയും ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. കൂടാതെ കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്ത്രീശാക്തീകരണം വിഷയമാക്കി സെമിനാര്‍ സംഘടിപ്പിക്കും. കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍ ബിനാലെയുടെ വേദിയില്‍ നാടകവും അവതരിപ്പിക്കുന്നുണ്ട്. ബിനാലെയില്‍ കുടുംബശ്രീയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 1072 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെയും ബിനാലെയില്‍ പങ്കെടുപ്പിക്കുന്നതിനായി ലക്ഷ്യമിടുന്നു.
കഴിഞ്ഞ വര്‍ഷം കൊച്ചി ബിനാലെയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച ചിത്രകലാ പരിശീലന കളരി 'വരയുടെ പെണ്മ' ഇത്തവണയും ഇവര്‍ക്കായി അരങ്ങേറുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രകലയില്‍ ഏറെ കഴിവുകളുണ്ടായിട്ടും പല കാരണങ്ങള്‍ കൊണ്ടും അത് പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാതെ പോകുന്ന കുടുംബശ്രീ വനിതകള്‍ക്ക് ചിത്രകലാ വിദഗ്ധരുടെ കീഴില്‍ നവീന രീതികള്‍ പരിശീലിക്കാനും ഈ രംഗത്തെ പ്രമുഖരുമായി പരിചയപ്പെടാനും ബിനാലെ വഴിയൊരുക്കും. ഇതിനായി എല്ലാ ജില്ലകളില്‍ നിന്നുമായി ചിത്രരചനയില്‍ താല്പര്യമുള്ള നൂറോളം വനിതകളെ തിരഞ്ഞെടുത്തിട്ടുണ്ട്. കൂടാതെ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് ഈ മേഖലയില്‍ വിജയം കൈവരിച്ച സ്ത്രീകളെ ഉള്‍പ്പെടുത്തി സെമിനാറുകളും സംഘടിപ്പിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.പി.അനില്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സന്തോഷ് കുമാര്‍. എസ്, കൊച്ചിന് ബിനാലെ ഫൗണ്ടേഷന് സെക്രട്ടറി വി.സുനില്‍, ട്രഷറര്‍ ബോണി തോമസ്, ഡെവലപ്മെന്റ് ഓഫീസര്‍ എസ്.രാജേന്ദ്രന് നായര്‍, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ പ്രിയ.ഇ എന്നിവര്‍ ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
- 199 views