തിരുവനന്തപുരം: സംസ്ഥാനത്തെ 43 ലക്ഷം അയല്‍ക്കൂട്ട വനിതകളുടെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന സമൂഹാധിഷ്ഠിത സ്വയം പഠന പ്രക്രിയ 'കുടുംബശ്രീ സ്കൂള്‍' രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ ഡിസംബര്‍ ഒന്നിന് ആരംഭിക്കും. കേരളത്തിലെ രണ്ടര ലക്ഷം അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന ഈ അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയിലൂടെ കുടുംബശ്രീ വനിതകളുടെ ബൗദ്ധിക നിലവാരവും ഇച്ഛാശക്തിയും ഉയര്‍ത്തുന്നതിനായി വിവിധ വിഷയങ്ങളില്‍ അറിവ് നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഡിസംബര്‍ ഒന്നു മുതല്‍ 2019 ജനുവരി 13 വരെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാംഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
കുടുംബശ്രീ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിന്‍റെ അടിത്തറയായ അയല്‍ക്കൂട്ടങ്ങള്‍ക്ക് സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തോടൊപ്പം അവരുടെ വിജ്ഞാന നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള കുടുംബശ്രീയുടെ പരിശ്രമങ്ങളുടെ ഭാഗമാണ് പദ്ധതി. സാധാരണക്കാരായ അയല്‍ക്കൂട്ട വനിതകളെ സാമൂഹ്യ ഉത്തരവാദിത്വത്തെ കുറിച്ച് ബോധവതികളാക്കുന്നതോടൊപ്പം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനും മദ്യവും മയക്കുമരുന്നും പോലുളള വിപത്തുകളില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുമുള്ള പരിശ്രമങ്ങളുടെ ഭാഗമാകുന്നതിനും കുടുംബശ്രീ സ്കൂള്‍ ഒന്നാം ഘട്ട പദ്ധതിക്ക് കഴിഞ്ഞിരുന്നു. ഇതുവഴി സാമൂഹ്യമാറ്റത്തിനായി ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താനും സാധിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായിട്ടാണ് രണ്ടാം ഘട്ടവും നടപ്പാക്കുന്നത്. പരിശീലനത്തില്‍ അയല്‍ക്കൂട്ടങ്ങളുടെ പൂര്‍ണപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി സംസ്ഥാനജില്ലാമിഷന്‍ ഉദ്യോഗസ്ഥരും സി.ഡി.എസ് ഭാരവാഹികളും സംയുക്തമായി മേല്‍നോട്ടം വഹിക്കും.
സ്ത്രീകളുടെ വ്യക്തിത്വ വികസനം, നേതൃത്വപാടവം, അവകാശങ്ങളെ കുറിച്ചുള്ള അറിവ്, കാര്യശേഷി വികസനം എന്നിവയില്‍ പരിശീലനം നല്‍കും. അയല്‍ക്കൂട്ട വനിതകളെ കുടുംബത്തിന്‍റെയും അയല്‍ക്കൂട്ടത്തിന്‍റെയും കാര്യക്ഷമമായ ധനവിനിയോഗത്തിന് പ്രാപ്തരാക്കുക, പ്രകൃതി ദുരന്തങ്ങളെ നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ സന്നദ്ധ സേനയായി പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവു നേടുക, കുടുംബശ്രീ പദ്ധതികളുടെ നടത്തിപ്പിലും വിലയിരുത്തലിലും ക്രിയാത്മകമായ പിന്തുണ നല്‍കുക, അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെയും ലഘുസമ്പദ്യ വായ്പാ പ്രവര്‍ത്തനങ്ങളെയും ക്രമപ്പെടുത്തുക, അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കണക്കെഴുത്തുകള്‍ കുറ്റമറ്റ രീതിയില്‍ നടത്താനുള്ള പ്രായോഗികമായ അറിവും കഴിവും നല്‍കുക, പ്രാദേശിക വികസനത്തിലും അതുമായി ബന്ധപ്പെട്ട ആസൂത്രണത്തിലും പദ്ധതികളുടെ നടത്തിപ്പിലും പ്രാദേശിക കൂട്ടായ്മ എന്ന നിലയില്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ടം നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ടവനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിദഗ്ധരുടെ നേതൃത്വത്തില്‍ ആറ് വ്യത്യസ്ത പാഠ്യവിഷയങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. പരിശീലനത്തിന്‍റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച കുടുംബശ്രീ സ്കൂള്‍ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടക്കും. പരിശീലന പരിപാടിയുടെ ഭാഗമായി നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി തല്‍സമയം രേഖപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.
ഇത്തവണ ഏഴ് അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരധ്യാപകന്‍ എന്ന കണക്കില്‍ സംസ്ഥാനമൊട്ടാകെ സന്നദ്ധ സേവന മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള 43,000 അധ്യാപകരുടെ നേതൃത്വത്തിലാണ് കുടുംബശ്രീ സ്കൂള്‍ രണ്ടാം ഘട്ട ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വിരമിച്ച അധ്യാപകര്‍, സാമൂഹ്യ സാംസ്കാരിക മേഖലയിലെ വിദഗ്ധര്‍, സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ മുന്‍ ഭാരവാഹികള്‍, പരിശീലകര്‍, വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം നേടിയ വ്യക്തികള്‍ എന്നിവരായിരിക്കും കുടുംബശ്രീ സ്കൂളില്‍ അയല്‍ക്കൂട്ട വനിതകള്‍ക്ക് പരിശീലനം നല്‍കുക. അയല്‍ക്കൂട്ട യോഗങ്ങള്‍ ചേരുമ്പോള്‍ രണ്ടു മണിക്കൂര്‍ വീതം ഏഴ് ആഴ്ചകളിലായാണ് പരിശീലനം. ഇപ്രകാരം 12 മണിക്കൂറും സജീവമായി പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. പദ്ധതി നടപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ സംയോജനവും തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണവും കുടുംബശ്രീ ഉറപ്പു വരുത്തിയിട്ടുണ്ട്. കൂടാതെ പരിശീലന പരിപാടിയ്ക്ക് കൂടുതല്‍ പ്രചാരം നല്‍കുന്നതിന്‍റെ ഭാഗമായി എല്ലാ ജില്ലകളിലും ജനപ്രതിനിധികളും പങ്കെടുക്കും. ഓരോ ജില്ലയിലും നടക്കുന്ന പരിശീലന പരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട ചുമതല അതത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ്.
- 2067 views