തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുകച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭാപ്രദേശങ്ങളില്‍ ഇവര്‍ക്കായി പ്രത്യേക തെരുവു ചന്തകള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും കുടുംബശ്രീയുടെ പദ്ധതി. ഇതു പ്രകാരം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനായി നഗരസഭകള്‍ സമര്‍പ്പിച്ച വിശദമായ പദ്ധതി നിര്‍വഹണ രേഖയ്ക്ക് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അധ്യക്ഷനായ സംസ്ഥാനതല പ്രോജക്ട് സാങ്ങ്ഷനിങ്ങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന നഗര ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യ(എന്‍.യു.എല്‍.എം)ത്തിന്റെ ഭാഗമായാണിത്.
സംസ്ഥാനത്തെ എല്ലാ നഗരപ്രദേശങ്ങളിലും തെരുവോര കച്ചവട സംരക്ഷണ നിയമം നടപ്പാക്കി വരികയാണ്. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന എന്‍.യു.എല്‍.എം പദ്ധതി ഘടകമായ തെരുവോര കച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതിയില്‍ ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം തെരുവു കച്ചവടക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നല്കി അവരെ പുനരധിവസിപ്പിക്കുന്നതിനായി നഗരസഭകള്‍ പദ്ധതി സമര്‍പ്പിച്ചാല്‍ അനുമതി നല്കാന് വ്യവസ്ഥയുണ്ട്. പദ്ധതി പ്രകാരം പ്രത്യേകമായി നിര്‍മിക്കുന്ന തെരുവോര ചന്തയില്‍ കച്ചവടം നടത്തുന്നവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും അതത് നഗരസഭകള്‍ മുഖേന ലഭ്യമാക്കും. ജലം, വൈദ്യുതി, പൊതുവായ സംഭരണ കേന്ദ്രങ്ങള്‍, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍, പ്രത്യേക തരം ഉന്തുവണ്ടികള്‍, ഖര ദ്രവ മാലിന്യങ്ങള്‍ സംസ്ക്കരിക്കാനും മലിനജലം ഒഴുക്കി വിടാനുമുള്ള ഫലപ്രദമായ സജ്ജീകരണങ്ങള്‍, വൈദ്യുത-സൗരോര്‍ജ വിളക്കുകള്‍, ശുചിമുറികള്‍, ടൈലുകള്‍ പാകിയ നടപ്പാതകള്‍ എന്നിവയും ഇതോടൊപ്പം ഉണ്ടാകും. നഗരത്തിലെ തെരുവോര കച്ചവട മേഖലകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഇതുപ്രകാരം പദ്ധതി സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് ജില്ലയിലെ പുതിയ ബസ് സ്റ്റാന്‍ഡിനു സമീപവും എറണാകുളം ജില്ലയിലെ വടക്കന്‍ പരവൂരിലും തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിനുള്ള അനുമതി ലഭിച്ചിട്ടുള്ളത്. ഇവിടെ പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിച്ച് തെരുവു കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതു വഴി ഇരുനൂറോളം പേര്‍ക്ക് തങ്ങളുടെ തൊഴില്‍ രംഗം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുളള അവസരമൊരുങ്ങും.
തെരുവോര കച്ചവടം നടത്തുന്നതു വഴി നഗരത്തിലുണ്ടാകുന്ന ഗതാഗത കുരുക്കിനു പരിഹാരം കാണുകയെന്നതും പ്രത്യേക തെരുവോര ചന്തകള്‍ നിര്‍മിക്കുന്നതിന്റെ ലക്ഷ്യമാണ്. വ്യത്യസ്തങ്ങളായ ഉല്പന്നങ്ങള് വില്‍ക്കുന്ന എല്ലാ തെരുവു കച്ചവടക്കാരെയും അവര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് ഒരു കുടക്കീഴില് കൊണ്ടു വരുന്നതിലൂടെ ആളുകള്‍ക്ക് തങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ ഒരു സ്ഥലത്തു നിന്നു തന്നെ വാങ്ങുന്നതിനും അതോടൊപ്പം ഫുട്പാത്തുകള്‍ പൂര്‍ണമായും കാല്‍നടക്കാര്‍ക്ക് വേണ്ടി മാത്രം ലഭ്യമാവുകയും ചെയ്യും. പ്രത്യേക തെരുവോര ചന്തകള്‍ രൂപീകരിക്കുന്നതിനായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് മറ്റ് നഗരസഭകള്‍ സമര്‍പ്പിക്കുന്ന പദ്ധതികള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം അംഗീകാരം നല്‍കുന്നതിനും ഉദ്ദേശിക്കുന്നു.
നഗരസഭകള്‍ പ്രോജക്ടുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിച്ചുകൊണ്ട് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് കുടുംബശ്രീ അനുമതിയും ധനസഹായവും നല്‍കും. തെരുവു കച്ചവടക്കാരുടെ തൊഴില്‍ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇവര്‍ക്ക് തൊഴില്വൈദഗ്ധ്യ പരിശീലനം നല്‍കുന്നതിനും മെച്ചപ്പെട്ട ഉപജീവനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള സഹായങ്ങള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. നിലവില്‍ ആലപ്പുഴ, തൊടുപുഴ, മൂവാറ്റുപുഴ, കൊടുങ്ങല്ലൂര്‍, മലപ്പുറം, കോട്ടയം, തൃക്കാക്കര, വടക്കാഞ്ചേരി, ചാലക്കുടി, കൊയിലാണ്ടി എന്നീ നഗരസഭകളിലായി കാറ്ററിങ്ങ് മേഖലയില്‍ തെരുവു കച്ചവടം നടത്തി വരുന്നുണ്ട്. ഇരുനൂറ് പേര്‍ക്ക് ഇപ്രകാരം വിദഗ്ധ പരിശീലനം നല്കി കഴിഞ്ഞു.
എന്‍.യു.എം.എം പദ്ധതിയുടെ ഭാഗമായി എല്ലാ നഗരപ്രദേശങ്ങളിലും വിവിധങ്ങളായ ഏഴു വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്നുണ്ട്. തെരുവോര കച്ചവടക്കാരുടെ സര്‍വേയും തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണവും, നഗരത്തിന്റെ തെരുവോര വാണിഭത്തിന്റെ രൂപരേഖ തയ്യാറാക്കല്‍, നഗരത്തിലെ തെരുവോര കച്ചവടമേഖലകളുടെ അടിസ്ഥാന സൗകര്യവികസനം, പരിശീലനവും നൈപുണ്യവികസനവും, ധനകാര്യ സ്ഥാപനങ്ങളുമായി ഉള്‍ച്ചേര്‍ക്കല്‍, വായ്പാ സൗകര്യം ലഭ്യമാക്കല്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുമായി കണ്ണി ചേര്‍ക്കല്‍ എന്നിവയാണത്.
- 388 views