കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം (എസ്.വി.ഇ.പി) തെലുങ്കാന, ത്രിപുര സംസ്ഥാനങ്ങളിലേക്കും

Posted on Wednesday, October 31, 2018

തിരുവനന്തപുരം: പ്രാദേശിക വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഗ്രാമീണ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയും അതോടൊപ്പം അയല്‍ക്കൂട്ട വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കുന്ന കുടുംബശ്രീയുടെ സ്റ്റാര്‍ട്ടപ് വില്ലേജ് എന്‍റര്‍പ്രണര്‍ഷിപ് പ്രോഗ്രാം(എസ്.വി.ഇ.പി) തെലുങ്കാന ത്രിപുര എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന്‍റെ ഉപപദ്ധതിയാണ്  എസ്.വി.ഇ.പി.  ഇതുപ്രകാരം തെലുങ്കാനയിലെ രംഗറെഡ്ഢി ജില്ലയിലെ അമങ്കല്‍, മെഹബൂബ് നഗര്‍ ജില്ലയിലെ മക്താല്‍, നല്‍കോണ്ട ജില്ലയിലെ ദേവരാകോണ്ട എന്നീ ബ്ളോക്കുകളില്‍ പദ്ധതി കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അധികൃതരുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ധാരണാപത്രം ഒപ്പു വച്ചതിനുശേഷം അടുത്ത നാലു മാസത്തിനുള്ളില്‍ ഈ ബ്ളോക്കുകളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ പദ്ധതി രേഖ കുടുംബശ്രീ തയ്യാറാക്കും.

ത്രിപുര സംസ്ഥാനവും പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്നോട്ടു വന്നതിന്‍റെ ഭാഗമായി പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടു പോവുകയാണ്.  പദ്ധതി നിര്‍വഹണത്തിനും അതോടൊപ്പം സുഗമമായ നടത്തിപ്പിനു വേണ്ടി കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍റെ സാങ്കേതിക പിന്തുണ നേടുന്നതിനും ത്രിപുര സ്റ്റേറ്റ് റൂറല്‍ ലൈവ്ലിഹുഡ് മിഷന്‍റെ നേതൃത്വത്തില്‍ എന്‍.ആര്‍.എല്‍.എമ്മിന്‍റെ കീഴിലുള്ള എംപവേര്‍ഡ് കമ്മിറ്റിയുടെ അനുമതി നേടുന്നതിനുള്ള   കാര്യങ്ങള്‍ പുരോഗമിക്കുകയാണ്. ഈ രണ്ട് സംസ്ഥാനങ്ങളുമായി കരാര്‍ ഒപ്പിടുന്നതോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എസ്.വി.ഇ.പി പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളുടെ  എണ്ണം പത്താകും.
    
പ്രാദേശിക സാധ്യതകള്‍ മനസിലാക്കി ആരംഭിക്കുന്ന സംരംഭങ്ങളുടെ സമഗ്ര വികസനവും അതിലൂടെ പ്രാദേശിക സാമ്പത്തിക വികസനവും ലക്ഷ്യമിട്ടാണ് പ്രധാനമായും എസ്.വി.ഇ.പി പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഓരോ ബ്ളോക്കിലും  കൂടാതെ ബീഹാര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഘട്ട്, ആന്ധ്രപ്രദേശ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കുടുംബശ്രീയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ പരിശീലനം നേടിയ മെന്‍റര്‍മാരെ നിയമിച്ചുകൊണ്ടാണ്  ഓരോ ബ്ളോക്കിലും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.  ഇവര്‍ മുഖേന ഓരോ ബ്ളോക്കിലും ആ സംസ്ഥാനത്തു നിന്നുള്ള മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റ്മാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് മികച്ച രീതിയിലുള്ള പരിശീലനവും നല്‍കി വിവിധ രീതിയിലുള്ള സംരംഭങ്ങളും  തുടങ്ങാന്‍ സാധിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി ഇതിനകം കേരളത്തില്‍ 1210 ഓളം സംരംഭങ്ങള്‍ തുടങ്ങിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളില്‍ 6722 സംരംഭങ്ങളും ആരംഭിച്ചു.

ഓരോ പ്രദേശത്തെയും ലഭ്യമായ വിഭവങ്ങള്‍ എന്തൊക്കെയാണെന്ന് മനസിലാക്കി അതിനനുയോജ്യമായ ചെറുകിട സംരംഭങ്ങള്‍ രൂപീകരിക്കുകയും അതിലൂടെ ഗുണമേന്‍മയുള്ള ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിച്ച് പ്രാദേശികമായി തന്നെ വിറ്റഴിക്കുകയും വരുമാനം നേടാന്‍ സഹായിക്കുകയുമാണ്  പദ്ധതി വഴി ചെയ്യുന്നത്. ഓരോ പ്രദേശത്തും നിലവില്‍ ഉപയോഗിച്ചു വരുന്ന ഉല്‍പന്നങ്ങള്‍, പുതിയ ഉല്‍പന്നങ്ങളുടെ ആവശ്യകത, വിപണന സാധ്യതകള്‍ എന്നിവ സംബന്ധിച്ച് വിശദമായ സര്‍വേ നടത്തിയ ശേഷമായിരിക്കും ഓരോ പ്രദേശത്തിനും ഇണങ്ങുന്ന വിധത്തിലുളളതും വിജയസാധ്യതയുളളതുമായ പ്രോജക്ടുകള്‍ തയ്യാരാക്കുന്നത്.

പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരംഭകത്വ വികസന പരിശീലനവും ബാങ്ക് വായ്പയും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. സംരംഭങ്ങള്‍ നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തനപുരോഗതി കൈവരിക്കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആവശ്യമായ എല്ലാ പിന്തുണയും ലഭിക്കും. ഇപ്രകാരം ഗ്രാമീണ വനിതകള്‍ക്ക് തങ്ങളുടെ അറിവും തൊഴില്‍ വൈദഗ്ധ്യശേഷിയും ഉപയോഗിച്ചുകൊണ്ട് സംരംഭങ്ങള്‍ തുടങ്ങുന്നതിനും അതിലൂടെ വരുമാനം നേടാനും കഴിയുമെന്നതാണ് പദ്ധതിയുടെ നേട്ടം. ഗ്രാമീണ മേഖലയിലുള്ള നിര്‍ദ്ധന അയല്‍ക്കൂട്ട കുടുംബങ്ങള്‍ക്കും പട്ടിക ജാതി പട്ടിക വര്‍ഗവിഭാഗത്തില്‍ പെട്ടവര്‍ക്കും സാമ്പത്തിക സ്വാശ്രയത്വം നേടുന്നതിനും അതുവഴി ജീവിത നിലവാരം ഉയര്‍ത്തുന്നതിനും പദ്ധതി സഹായകമാകും.    

 

Content highlight
പുതുതായി സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവരെ കണ്ടെത്തി അവര്‍ക്കാവശ്യമായ സംരംഭകത്വ വികസന പരിശീലനവും ബാങ്ക് വായ്പയും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക