തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയബാധിതരെ സഹായിക്കുന്നതിനായി 43 ലക്ഷം അയല്‍ക്കൂട്ട സഹോദരിമാരുടെ അകമഴിഞ്ഞ കാരുണ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഇവരില്‍ നിന്നും 11.18 കോടി രൂപ സ്വരൂപിച്ചു. ഇക്കഴിഞ്ഞ ആഗസ്റ്റ് 29ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. ഇതു കൂടാതെ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ 4.18 കോടി രൂപയുടെ ചെക്ക് അടുത്ത ആഴ്ച മുഖ്യമന്ത്രിക്ക് കൈമാറും.
പ്രകൃതിക്ഷോഭത്തില്‍ വീടും ജീവനോപാധികളും നഷ്ടമായവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായാണ് കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ 43 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങളില്‍ നിന്നും ദുരിതാശ്വാസത്തിനായി ഒരാഴ്ച കാലത്തെ ലഘുസമ്പാദ്യം നല്‍കാന്‍ അപേക്ഷിച്ചത്. പ്രളയദുരന്തം ഏറ്റവുമധികം അനുഭവിക്കേണ്ടി വന്ന അയല്‍ക്കൂട്ട അംഗങ്ങളും തങ്ങളുടെ വ്യക്തിപരമായ പ്രയാസങ്ങള്‍ മാറ്റി വച്ചുകൊണ്ടാണ് തങ്ങളുടെ ലഘുസമ്പാദ്യം നല്‍കിയത്.
അയല്‍ക്കൂട്ട അംഗങ്ങള്‍ തങ്ങളുടെ ഒരാഴ്ചയിലെ സമ്പാദ്യവും ചിലര്‍ അതില്‍ കൂടുതലും നല്‍കി. ഇങ്ങനെ സംസ്ഥാനത്തെ ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ശേഖരിച്ച മുഴുവന്‍ തുകയും സി.ഡി.എസ് മുഖേന ജില്ലാമിഷനില്‍ ഏല്‍പ്പിച്ചു. ഈ തുക പിന്നീട് സംസ്ഥാന മിഷന്‍റെ നേതൃത്വത്തില്‍ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതിനായി പ്രത്യേകം രൂപീകരിച്ച അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്തത്. ഇതില്‍ നിന്നാണ് കഴിഞ്ഞ ആഗസ്റ്റ് 29ന് ആദ്യഘട്ടമായി ഏഴു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ കൂടാതെ മൂവായിരം റിസോഴ്സ് പേഴ്സണ്‍മാര്‍, പരിശീലന ഗ്രൂപ്പുകളിലെ 300 അംഗങ്ങള്‍, 1065 സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍, 1065 അക്കൗണ്ടന്‍റ്മാര്‍ തുടങ്ങി എല്ലാവരുടെയും പിന്തുണ ധനസമാഹരണത്തിനായി ഉറപ്പാക്കിയിരുന്നു. ഓരോ ജില്ലയില്‍ നിന്നും സമാഹരിച്ച തുകയുടെ പൂര്‍ണ വിവരങ്ങള്‍ കുടുംബശ്രീയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
- 78 views