തൊഴിലുറപ്പ് : പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് കുടുംബശ്രീ വഴി മുന്‍കൂര്‍ വേതനം, ആദ്യഘട്ടം അട്ടപ്പാടി ബ്ളോക്കില്‍ ആരംഭിച്ചു

Posted on Wednesday, October 17, 2018

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുടുംബശ്രീ മുഖേന തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരമൊരുക്കുന്നതിന്‍റെയും  ഭാഗമായാണിത്. ഇതു പ്രകാരം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്കിലെ ഷോളയൂര്‍, അഗളി, പുതൂര്‍ പഞ്ചായത്തുകളിലെ ചേരമണ്‍കണ്ടി, വീട്ടിക്കുണ്ട്, ഉമത്തന്‍പടി എന്നീ ഊരുകളില്‍ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ ഊരുസമിതികള്‍ വഴിയാണ് വേതനം മുന്‍കൂറായി നല്‍കുക. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് കുടുംബശ്രീക്ക് 11 കോടി രൂപ അനുവദിച്ചു.  
 
കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ എന്നിവ സംയുക്തമായി പട്ടികവര്‍ഗ മേഖലയില്‍ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ  ഭാഗമായാണ് ഈ പദ്ധതി. വേതനം ലഭിക്കുന്നതിലെ കാലതാമസം കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞതോടൊപ്പം അവരുടെ കൃഷിഭൂമിയില്‍ തൊഴില്‍ ചെയ്യുന്നതിന്‍റെ തോതും താഴ്ന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.

പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കുന്ന ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതിക്കായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നാണ് ഇതു വിതരണം ചെയ്യുക.   ഇപ്രകാരം ഊരുസമിതികളില്‍ കൂടി മുന്‍കൂര്‍ വേതനം കൈപ്പറ്റിയ തൊഴിലാളികളില്‍ നിന്നും കേന്ദ്രഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ആ തുക തിരികെ ക്രമീകരിക്കുന്നതിനുമാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ ആഴ്ചയിലൊരിക്കല്‍ തൊഴിലുറപ്പ് വേതനം മുന്‍കൂറായി ലഭിക്കുന്നതിലൂടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നതാണ് നേട്ടം.  

തൊഴിലുറപ്പ് വേതനം കൃത്യമായി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നതിനും കേന്ദ്ര ഫണ്ട് ലഭിക്കുന്നതനുസരിച്ച് തുക തിരികെ ക്രമീകരിക്കുന്നതും സംബന്ധിച്ച  കാര്യങ്ങള്‍  നിര്‍വഹിക്കുന്നതിനുള്ള ഒരുക്കങ്ങളും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തൊഴിലുറപ്പ് എന്‍ജിനീയര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, പട്ടികവര്‍ഗ അനിമേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഊരുസമിതികളുടെ സെക്രട്ടറി, പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, എന്നിവര്‍ക്ക് സാങ്കേതിക പരിശീലനവും നല്‍കിയിരുന്നു.

അട്ടപ്പാടി കൂടാതെ വയനാട് ജില്ലയിലും തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നുണ്ട്.  വയനാട് ജില്ലയില്‍ കുടുംബശ്രീ എ.ഡി.എസുകള്‍ വഴിയാണ് വേതനം നല്‍കുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരാഴ്ചക്കകം വൈത്തിരി, പുല്‍പ്പള്ളി, പനമരം എന്നീ പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും.   

 

Content highlight
പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കുന്ന ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.