പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

Posted on Wednesday, September 5, 2018

പ്രളയനാശനഷ്ടം: വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' ആപ്പ്

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണത്തിന് 'റീബില്‍ഡ് കേരള' മൊബൈല്‍ ആപ്പ് .ഐ.ടി മിഷന്‍ രൂപകല്‍പന ചെയ്ത ആപ്പ് വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്.സാങ്കേതിക വൈദഗ്ധ്യമുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന മേഖല രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in എന്ന പോര്‍ട്ടലില്‍ സൗകര്യമുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വോളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കാനാകും. ഇവര്‍ക്ക് മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയൂ. വീടുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേടുപാടുണ്ടായവര്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി വിവരങ്ങള്‍ രേഖപ്പെടുത്താനാകും. ഒപ്പം, ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ ജിയോ ടാഗിംഗിലൂടെ സ്ഥലത്തിന്റെ ലൊക്കേഷനും ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. ഭാഗികമായി തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.75 ശതമാനത്തില്‍ കൂടുതലുള്ള നഷ്ടത്തെ പൂര്‍ണ നഷ്ടമായി കണക്കാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിര്‍മാണ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും. ഗൂഗില്‍ പ്ലേ സ്‌റ്റോറില്‍ 'റീബില്‍ഡ് കേരള ഐ.ടി മിഷന്‍' എന്ന് തിരഞ്ഞാല്‍ ആപ്പ് ലഭിക്കും

 

 

source:prd.