കേരളത്തിലെ ആദ്യത്തെ സർക്കാർ - തദ്ദേശ സ്വയംഭരണ സ്ഥാപന സംയുക്ത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്കരണ ഫാക്ടറി കുന്നന്താനം കിൻഫ്രാ പാർക്കിൽ സജ്ജമായി

Posted on Sunday, January 5, 2025

സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്ക്കരണ കേന്ദ്രം - ഗ്രീൻ പാർക്ക് ജനുവരി 10ന്  വൈകുന്നേരം 4.30 ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.

റീബിൽഡ് കേരളാ പദ്ധതി വഴി തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള ക്ലീൻ കേരളാ കമ്പനിയുo പത്തനംതിട്ട ജില്ലാ പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും സംയുക്തമായി എട്ടു കോടി രൂപ ചെലവഴിച്ചാണ് കേരളത്തിലെ ഈ തരത്തിലുള്ള ആദ്യ സംയുക്ത ഫാക്ടറി പ്രവർത്തനപഥത്തിലെത്തുന്നത്.

കേരളത്തെ മാലിന്യ മുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ കേരള സർക്കാരിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിൽ  നടന്നു വരികയാണ്. 2025 മാർച്ച് 30ന് മാലിന്യ മുക്ത നവകേരളo പ്രഖ്യാപനവും നടക്കും

ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കൾ തദ്ദേശ സ്ഥാപനതലത്തിൽ തരംതിരിക്കുകയും പുന: ചക്രമണ യോഗ്യമായവ കുന്നന്താനം കിൻഫ്രാ പാർക്കിലെ സംയോജിത പ്ലാസ്റ്റിക്ക് പാഴ് വസ്തു സംസ്ക്കരണ കേന്ദ്രത്തിൽ എത്തിച്ച് ഗ്രാനുൾസ് ഉല്പാദിപ്പിക്കുകയാണ്  പദ്ധതി. നിലവിൽ ക്ലീൻ കേരളാ കമ്പനി ശേഖരിച്ച്   ആർ.ആർ.എഫുകൾ മുഖാന്തിരം സ്വകാര്യ പുന:ചക്രമണ കേന്ദ്രങ്ങൾക്കാണ് കൈമാറിയിരുന്നത്. ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങൾ വഴി ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കിൽ വലിയ വർദ്ധനവാണ് വന്നിരിക്കുന്നത്. പുന:ചക്രമണ യോഗ്യമായ 100-150 ടൺ വരെ പ്ലാസ്റ്റിക്കാണ് ജില്ലയിൽ ഒരു മാസം കിട്ടുന്നത്.മുൻവർഷങ്ങളിൽ 7 ടൺ തൊട്ട് 35 ടൺ എന്നതാണ് ഇപ്പോഴത്തെ അളവ്. പുന:ചക്രമണ യോഗ്യമല്ലാത്ത 200 ടണ്ണും ശേഖരിക്കുന്നുണ്ട്.

തദ്ദേശ സ്ഥാപനങ്ങളിലെ എം.സി.എഫുകളിൽ നിന്ന് വേഗത്തിൽ തരം തിരിച്ച് കുന്നന്താനത്തെ ഫാക്ടറിയിൽ എത്തിക്കുന്നതാണ്. ഒരു ദിവസം രണ്ട് ടൺ പ്ലാസ്റ്റിക്ക് തുടക്കത്തിലും പിന്നീട് 5 ടണ്ണും സംസ്ക്കരിക്കാനും പറ്റും.
എല്ലാ ആധുനിക സംവിധാനങ്ങളും ഫാക്ടറിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനായിരം സ്ക്വയർ ഫീറ്റ് കെട്ടിടം, എക്സ്റ്റ്യൂഡർ, ബെയിലിംഗ്, വാഷിംഗ് യന്ത്രങ്ങൾ പ്ലാൻ്റിൽ സ്ഥാപിച്ചീട്ടുണ്ട്. മഴവെള്ള സംഭരണി, സോളാർ പവർപ്ലാൻറ്, എസ്.റ്റി.പി, ഫയർ സേഫ്റ്റി സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ഗ്രാന്യൂൾസ് സൂക്ഷിച്ചു വെക്കാൻ ഗോഡൗൺ, ആഫീസ് എന്നിവയും നിർമ്മിച്ചിട്ടുണ്ട്.

ഒരേ സമയം പത്ത് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തരംതിരിച്ച പ്ലാസ്റ്റിക്ക് ശേഖരിച്ചു വെക്കാൻ 7000 സ്ക്വയർ ഫീറ്റ് ഗോഡൗൺ നിർമ്മാണം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിൽ ഉടനെ ആരംഭിക്കും. പ്രവർത്തനം വിലയിരുത്തി അവിടെ ഉല്പാദിപ്പിക്കുന്ന ഗ്രാന്യൂൾസ് ഉപയോഗിച്ച് വിവിധ ഉല്പന്നങ്ങൾ നിർമ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

കേരളത്തിലെ വിവിധ ജില്ലകളിൽ പത്തനംതിട്ടയുടെ ചുവട് പിടിച്ച് സംയുക്ത സ്ഥാപനങ്ങൾ നടപ്പിലാക്കി പരമാവധി പ്ലാസ്റ്റിക്ക് പാഴ് വസ്തുക്കളെ പുന:ചക്രമണ വിധേയമാക്കുകയാണ് ലക്ഷ്യം.

Pathanamthitta Green Park

Pathanamthitta Green Park