ചരിത്ര നേട്ടവുമായി കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ

Posted on Saturday, March 3, 2018

സംസ്ഥാനത്ത്  2018-19 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം ലഭിച്ച ആദ്യ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, ചെമ്മരുതി ഗ്രാമ പഞ്ചായത്തുകൾ. കാട്ടാക്കട ഗ്രാമ പഞ്ചായത്തിന്റെ 987.56 ലക്ഷം രൂപ അടങ്കലുള്ള 147 പ്രോജക്ടുകൾക്കും ചെമ്മരുതി ഗ്രാമ പഞ്ചായത്തിന്റെ 877.71  ലക്ഷം രൂപ അടങ്കലുള്ള 128 പ്രോജക്ടുകൾക്കും 03/03/2018 നു  ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. അംഗീകാരത്തിനു വേണ്ടി പ്രവർത്തിച്ച ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ജില്ലാ ആസൂത്രണ സമിതി ചെയർമാൻ അഭിനന്ദിച്ചു.

 

"നവ കേരളത്തിന് ജനകീയാസൂത്രണം" പ്രവർത്തനത്തിലെ ഒരു സുപ്രധാന നേട്ടമാണ് ഇതിലൂടെ കൈവരിച്ചിരിക്കുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നിർവ്വഹണത്തിന് 12 മാസം ലഭ്യമാക്കുക എന്ന സർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്. ചരിത്രത്തിൽ ആദ്യമായി തദ്ദേശ ഭരണ സ്ഥാപന ബഡ്ജറ്റും വാർഷിക പദ്ധതിയും സംയോജിപ്പിക്കുക എന്ന ലക്ഷ്യവും 2018-19 വാർഷിക പദ്ധതിയ്ക്ക് കൈവരിക്കാനാകും.