വാർഷിക പദ്ധതി: മികവിന്റെ വർഷമാകണമെന്നു മന്ത്രി മൊയ്തീന്‍

Posted on Thursday, May 16, 2019

Regional review meeting KILA

ജനകീയാസൂത്രണ ചരിത്രത്തിൽ രേഖപെടുത്തുന്ന മികവിന്റെ വർഷമായിരിക്കണം 2019-20 വാർഷിക പദ്ധതിയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ. സി മൊയ്‌ദീൻ. വാർഷിക പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ മേഖല യോഗം കിലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അടുത്ത വർഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മുഴുവൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും തങ്ങളുടെ കഴിവ് പദ്ധതി നിർവ്വഹണത്തിനു ഉപയോഗിക്കണം. തനതു പദ്ധതികളിൽ മികവ് പുലർത്തുന്നതോടൊപ്പം നവകേരള മിഷന്റെ ഭാഗമായ നാലു മിഷനുകളുടെ പ്രവർത്തനവും മികച്ചതാക്കണം. തനതു വരുമാനം വർദ്ധിപ്പിക്കണം. തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നു മന്ത്രി പറഞ്ഞു. പ്രസ്തുത പരിപാടിയിൽ തൃശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മേരീ തോമസ് അധ്യക്ഷത വഹിക്കുകയും, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ഡോ. കെ എൻ ഹരിലാൽ, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ് ഐ.എ.എസ്, കില ഡയറക്ടർ ഡോ ജോയ് ഇളമൺ, പഞ്ചായത്ത് ഡയറക്ടർ ബി എസ് തിരുമേനി ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്ജിനീർ, വിവിധ വകുപ്പ് മേധാവികൾ, തൃശൂർ മേയർ അജിത വിജയൻ, എസ് ആർ ജി കാൺവീനർ ആർ എസ് സനൽ കുമാർ, തൃശൂർ, എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.