ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍

Posted on Sunday, March 1, 2020

സംസ്ഥാനത്ത് ജല ഗുണനിലവാര പരിശോധനയ്ക്ക് സമഗ്ര സംവിധാനവുമായി ഹരിതകേരളം മിഷന്‍. ഇതിന്‍റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പരിശോധനാ ലാബുകള്‍ സജ്ജമാക്കും. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബുകളോടനുബന്ധിച്ചാണ് ജലഗുണനിലവാരലാബുകള്‍ സ്ഥാപിക്കുന്നത്. സ്കൂളിലെ ശാസ്ത്രാധ്യാപകര്‍ക്ക് ഇതിനുള്ള പരിശീലനം നല്‍കും. ഫര്‍ണിച്ചര്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സജ്ജമാക്കല്‍, പരിശോധനാ കിറ്റ് വാങ്ങല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അധികമായി ചെയ്യേണ്ടിവരിക. ഇതിനായി എം.എല്‍.എ.മാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പണം വിനിയോഗിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. കിണറുകളും കുളങ്ങളും ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസ്സുകളിലെ ഗുണനിലവാരം പരിശോധിക്കുകയാണ് ലക്ഷ്യം. വേനല്‍ കടുക്കുന്നതോടെ ശുദ്ധജല ലഭ്യത കുറയുകയും ജലമലിനീകരണം കൂടു കയും അതുവഴി പകര്‍ച്ച വ്യാധി സാധ്യത വര്‍ദ്ധിക്കുകയും ചെയ്യും. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ജലഗുണനിലവാരം പരിശോധിക്കാനുള്ള സൗകര്യങ്ങള്‍വ്യാപിപ്പിക്കാന്‍ പദ്ധതിയിട്ടത്. കേരളത്തിലെ 60 ലക്ഷത്തിലധികം വരുന്ന കിണറുകളിലെജലം പരിശോധിച്ച് കുടിവെള്ള യോഗ്യമാണോ എന്ന് നിശ്ചയിക്കുന്നതിനുള്ള പദ്ധതിയാണ് ഹരിതകേരളം മിഷന്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മണ്ഡലത്തിലുള്ള അഞ്ചുതെങ്ങ്,അഴൂര്‍, ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍, കിഴുവിലം, മുദാക്കല്‍, കഠിനംകുളം, മംഗലപുരം, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ മണ്ഡലത്തിലുള്ള ചിറ്റൂര്‍-തത്തമംഗലംമുനിസിപ്പാലിറ്റി, എരുത്തമ്പതി, കൊഴിഞ്ഞാംപാറ, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുമാട്ടി, വടക്കരപതി, പെരുവേമ്പ, പൊല്‍പ്പുള്ളി, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലത്തിലുള്ള അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂര്‍, മുഴപ്പിലങ്ങാട്, പെരളശ്ശേരി,ധര്‍മ്മടം, പിണറായി, വേങ്ങാട്, എന്നീ തദ്ദേശ സ്ഥാപനങ്ങളില്‍ ആദ്യ ഘട്ടമായി അടുത്തമാസം പദ്ധതിക്ക് തുടക്കം കുറിക്കും. മറ്റ് നിയോജക മണ്ഡലങ്ങളിലെ എം.എല്‍.എ മാര്‍ ഇതിനകംതന്നെ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഹരിതകേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ അറിയിച്ചു.