ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

Posted on Monday, May 11, 2020

ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്. എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.

ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കപ്പെടുന്നതിന് കര്‍ശനമായി നടപ്പിലാക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

1. സ്വന്തം വാസസ്ഥലത്ത് പ്രത്യേകമായി ഒരു മുറിയും അനുബന്ധമായി ഒരു ബാത്ത്‌റൂമും ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ഹോം ക്വാറന്റൈന്‍ അനുവദിക്കാന്‍ പാടുള്ളു. ഈ സൗകര്യങ്ങള്‍ മാര്‍ഗരേഖ പ്രകാരം ലഭ്യമാണോ എന്ന വസ്തുത സ്ഥലത്തെ ആരോഗ്യ, തദ്ദേശസ്വയം ഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം പരിശോധന നടത്തി ഉറപ്പുവരുത്തേണ്ടതാണ്. മാര്‍ഗരേഖ പ്രകാരം സൗകര്യം ലഭ്യമല്ലെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ അനുവദിക്കാവുന്നതാണ്.
2. ക്വാറന്റൈനിലുള്ള വ്യക്തി വീട്ടിലെ മുതിര്‍ന്ന വ്യക്തികള്‍/മറ്റ് രോഗബാധയുള്ള വ്യക്തികള്‍ എന്നിവരുമായി യാതൊരു വിധത്തിലും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
3. നേരത്തെ തീരുമാനിച്ച പ്രകാരം ആരോഗ്യ, തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെ ഒരു ടീം ഇവരെ നിരീക്ഷണത്തില്‍ വെക്കേണ്ടതാണ്.
4. ഹോം ക്വാറന്റൈന്‍ ചട്ടങ്ങള്‍ അനുസരിച്ചുകൊളളാമെന്ന് വ്യക്തിയുടെ സമ്മതപത്രം ആവശ്യമാണ്.
5. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടാത്തപക്ഷം ഇത് തെറ്റിക്കുന്ന വ്യക്തിയെ പകര്‍ച്ചാവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ്, മറ്റ് അനുബന്ധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയുടെ വ്യവസ്ഥകള്‍ പ്രകാരം ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റേണ്ടതാണ്.

857/2020/H&FWD Dated 10/05/2020

ആരോഗ്യ ക്ഷേമ വകുപ്പ്-സംസ്ഥാനത്ത് കോവിഡ് 19 നിയന്ത്രണം –ഹോം ക്വാറന്റൈന്‍ പരിശോധന നടപടിക്രമങ്ങള്‍ -വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച ഉത്തരവ്