കോവിഡ് കാലത്ത് വീടുകളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആരംഭിച്ച വാര്‍ റൂം പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ബോധവത്ക്കരണ പരിപാടി ശ്രദ്ധ നേടുന്നു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് വാര്‍ റൂം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, കില, കുടുംബശ്രീ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മേയ് 13ന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത് പരിപാടി കില, കുടുംബശ്രീ എന്നിവയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്, യൂട്യൂബ് ചാനല്‍ എന്നിവ വഴി തത്സമയം വീക്ഷിക്കാനും ക്ലാസ്സുകള്‍ നയിക്കുന്ന വിദഗ്ധരോട് സംശയങ്ങള്‍ ചോദിച്ച് ഉത്തരം തേടാനും കഴിയുന്നു.
ഉദ്ഘാടന ദിനത്തില്‍ കോവിഡിന്റെ ഗൃഹപരിചരണം, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കോവിഡ് പ്രതിരോധത്തിന് എങ്ങനെ ഇടപെടാം എന്നീ വിഷയങ്ങളില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് മെഡിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ ക്ലാസ്സുകള്‍ നയിച്ചു. എം.എ.എ റിസര്‍ച്ച് സെല്‍ ആന്‍ഡ് ഡിജിറ്റല്‍ ചെയര്‍മാന്‍ ഡോ. ആര്‍.സി. ശ്രീകുമാര്‍ മോഡറേറ്ററായിരുന്നു. മേയ് 15ന് കോവിഡ് ഗൃഹപരിചരണം എങ്ങനെ ചെയ്യാം പരിചാരകര്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്ന വിഷയത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. സജിത് കുമാറും കോവിഡ് രോഗിയും ഹൃദ്രോഗ്രവും എന്ന വിഷയത്തില്‍ എന്ന വിഷയത്തില്‍ തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലെ ചീഫ് കാര്‍ഡിയോളജിസ്റ്റായ ഡോ. ആനന്ദ് മാര്‍ത്താനും ക്ലാസ്സുകള്‍ നയിക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. കോവിഡാനന്തര പ്രശ്‌നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. ആര്‍. അരവിന്ദും കോവിഡ് ചികിത്സ- മാനസിക സമ്മര്‍ദ്ദം എന്ന വിഷയത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. മോഹന്‍ റോയും ക്ലാസ്സുകള്‍ നയിച്ചു.
തദ്ദേശ സ്ഥാപനതല പ്രതിനിധികള്‍, വാര്‍ഡ്തല കമ്മിറ്റി മെമ്പര്‍മാര്‍, വാര്‍ റൂം നോഡല്‍ ഓഫീസര്‍മാര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വര്‍ത്തിക്കുന്ന വോളന്റിയര്‍മാരും ഉദ്യോഗസ്ഥറും, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, അയല്‍ക്കൂട്ടാംഗങ്ങള്‍, ട്രെയിനിങ് ടീം അംഗങ്ങള്‍, കാസ് അംഗങ്ങള്‍, മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്റുമാര്‍, ജാഗ്രതാ സമിതി അംഗങ്ങള്‍, കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ്, ബാലസഭാ പ്രതിനിധികള്‍, ബഡ്‌സ് സ്‌കൂള്‍ ടീച്ചര്‍മാര്‍, ഡി.ഡി.യു.ജി.കെ.വൈ പരിശീലനാര്‍ത്ഥികള്‍, പൊതുജനങ്ങളെന്നിവരെല്ലാം ബോധവത്ക്കരണ ക്ലാസ്സുകള്‍ തത്സമയം കാണുകയും സംശയങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവരുന്നു. യൂട്യൂബിലും ഫേസ്ബുക്കിലും ഈ ക്ലാസ്സുകളുടെ വീഡിയോകള്‍ ലഭ്യമാണ്.
എം.എ.എ പ്രസിഡന്റ് ഡോ. പി.ടി. സക്കറിയ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ സ്റ്റേറ്റ് സെക്രട്ടറി ഡോ. പി. ഗോപികുമാര്‍ സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പദ്ധതി അവതരണം നടത്തി. കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ പങ്കെടുത്തു. മേയ് 17, 19, 21, 23 തിയതികളിലും ഉച്ചയ്ക്ക് 2.30ന് വിവിധ വിഷയങ്ങളെ സംബന്ധിച്ച വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും.