നഗരവാസികള്‍ക്കായി നഗര ഉപജീവന കേന്ദ്രങ്ങള്‍

Posted on Thursday, February 1, 2018

The bridge between Urban service providers and beneficiaries

 

കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ (എന്‍യുഎല്‍എം) ഭാഗമായി കോട്ടയം ജില്ലാ മിഷന്‍റെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ഒരു പദ്ധതിയാണ് നഗര ഉപജീവന കേന്ദ്രം (സിറ്റി ലൈവ്ലിഹുഡ് സെന്‍റര്‍). കോട്ടയം നഗരത്തില്‍ വ്യാപാരഭവന് സമീപം തടത്തില്‍പ്പറമ്പ് കെട്ടിടത്തിലാണ് ഇപ്പോള്‍ ജില്ലയിലെ ഈ ഉപജീവന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നഗരസഭയുമായുള്ള സംയോജനം വഴിയാണ് പദ്ധതി

ആശയത്തിലേക്കെത്തിയ വഴി

ദേശീയ നഗര ഉപജീവന ദൗത്യത്തിലെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ചാണ് കോട്ടയം ജില്ലാ മിഷന് കീഴില്‍ സിറ്റി ലൈവ്ലി ഹുഡ് ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. കോട്ടയത്ത് കൂടാതെ തിരുവനന്തപുരം ജില്ലയിലും ലൈവ്ലി ഹുഡ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. നഗരവാസികളായ പാവപ്പെട്ടവരുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ലഭ്യതയും അവയുടെ ആവശ്യകതയും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വഴി നഗരത്തിലെ പാവപ്പെട്ടവരുടെ ഉപജീവന ശ്രമങ്ങള്‍ക്ക് സ്ഥിരമായ പിന്തുണ നല്‍കുകയും അതുവഴി അവരെ സാമ്പത്തികമായും സാമൂഹികമായും ശാക്തീകരിക്കുന്നതിനുമുള്ള സംവിധാനമാണ് നഗര ഉപജീവന കേന്ദ്രങ്ങള്‍.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍, തുടക്കം

ജില്ലയില്‍ സിഎല്‍സി ആരംഭിക്കാന്‍ തീരുമാനിച്ച ശേഷം ഇതിന്‍റെ വിശദമായ പ്രൊജക്ട് കുടുംശ്രീ സ്റ്റേറ്റ് മിഷനില്‍ സമര്‍പ്പിക്കുകയായിരുന്നു. പത്ത് ലക്ഷം രൂപയാണ് പ്രൊജക്ടിനായി അനുവദിച്ചിരുന്ന ഫണ്ട്‌. കെട്ടിട നവീകരണം, മാനേജര്‍, അക്കൗണ്ടന്‍റ് എന്നീ രണ്ട് ഉദ്യോഗസ്ഥരെ നിയമിക്കുക, കമ്പ്യൂട്ടര്‍, പ്രിന്‍റര്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക ഇതിനെല്ലാമാണ് ഈ ഫണ്ട്‌ അനുവദിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള ശമ്പളം എന്‍യുഎല്‍എം ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. വിറ്റുവരവില്‍ നിന്ന് നേടുന്ന ലാഭത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ ശമ്പളം നല്‍കി തുടങ്ങണമെന്നാണ് മാര്‍ഗ്ഗനിര്‍ദേശത്തിലുള്ളത്. കോട്ടയം നഗരസഭ സെന്‍റര്‍ പ്രവര്‍ത്തിക്കാനുള്ള കെട്ടിടം സൗജന്യമായി നല്‍കി. നഗരസഭയുടെ ഉടമസ്ഥതയിലാണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. 2017 മേയില്‍ കേന്ദ്രത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നടന്നു.

ഇടനിലക്കാര്‍ക്ക് വിട, തുടക്കം അസംസ്കൃത വസ്തു വിതരണത്തില്‍

അസംസ്കൃത വസ്തു വിതരണത്തോടെയാണ് ഈ ഉപജീവന കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങിയത്. നഗരത്തിലെ സിഡിഎസിന് കീഴിലുള്ള അയല്‍ക്കൂട്ടങ്ങളില്‍ വിവിവിധ സൂക്ഷ്മ സംരംഭങ്ങള്‍ നടക്കുന്നുണ്ട്. ആ സൂക്ഷ്മ സംരംഭങ്ങളിലേക്ക് ആവശ്യമുള്ള അസംസ്കൃത വസ്തുക്കള്‍ ന്യായമായ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുന്ന രീതിയാണ് ഇവിടെ പിന്തുടരുന്നത്. ഡിഷ് വാഷ്, ടോയ്ലറ്റ് ക്ലീനര്‍, ഡിറ്റര്‍ജന്‍റ്, സോപ്പ്, ഹാന്‍ഡ് വാഷ്, ഗ്ലിസറിന്‍ സോപ്പ്, അഗര്‍ബത്തി എന്നിവയുണ്ടാക്കുന്നതിനുള്ള അസംസ്കൃത പദാര്‍ത്ഥങ്ങള്‍ സെന്‍റര്‍ വഴി വിറ്റുവരുന്നു. സൂക്ഷ്മ സംരംഭങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നവര്‍ക്ക് പലപ്പോഴും അസംസ്കൃത വസ്തുക്കള്‍ കൂടുതല്‍ വില നല്‍കി എടുക്കേണ്ടി വരുന്നു. അത് അവരുടെ ഉത്പന്നങ്ങളുടെ വില വിപണിയിലെ സമാന ഉത്പന്നങ്ങളുടേതില്‍ നിന്നും കൂടാനും ഇടയാക്കുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് അസംസ്കൃത വസ്തു വിതരണം ആരംഭിച്ചത്. സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അതിനായുള്ള നടപടികളെല്ലാം നടത്തിക്കൊടുക്കുന്ന സേവനവും ഇതിനൊപ്പം നല്‍കി വരുന്നു. ഇത് കൂടാതെ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാനുള്ളവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നു. അതാത് മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് പരിശീലനം നല്‍കുന്നത്. ഇതുവരെ 50 അയല്‍ക്കൂട്ടങ്ങളില്‍ ഇത്തരത്തിലുള്ള പരിശീലനം നല്‍കി കഴിഞ്ഞു.

പ്രവര്‍ത്തനരീതി

എറണാകുളം, ആലപ്പുഴ, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് അസംസ്കൃത വസ്തുക്കള്‍ എടുക്കുന്നത്. നഗര പ്രദേശത്ത് രണ്ട് സിഡിഎസുകള്‍ക്ക് കീഴിലാണ് അയല്‍ക്കൂട്ടങ്ങളുള്ളത്. ഈ അയല്‍ക്കൂട്ടങ്ങള്‍ വഴി ഇങ്ങനെ അസംസ്കൃത ഉത്പന്നങ്ങള്‍ സെന്‍ററില്‍ ലഭ്യമാണെന്ന് അറിയിക്കും. ആവശ്യക്കാര്‍ നേരിട്ട് വന്ന് വാങ്ങും.

തൊഴില്‍, നിയമന, സേവന കേന്ദ്രം

നഗരങ്ങളില്‍ അധിവസിക്കുന്ന തൊഴില്‍ തേടുന്നവര്‍ക്കും വിവിധ സേവനങ്ങള്‍ തേടുന്ന നഗരവാസികള്‍ക്കും ആശ്രയിക്കാനാകുന്ന ഇടമായി തൊഴില്‍ നിയമന സേവന കേന്ദ്രമായും ഈ ഉപജീവ ന സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. നഗരവാസികളില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള നഗര ദരിദ്രര്‍ക്ക് (50000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍) ഈ കേന്ദ്രത്തില്‍ രജിസ്ട്രര്‍ ചെയ്യാം. ഈ സേവനങ്ങള്‍ ആവശ്യമുള്ളവര്‍ കേന്ദ്രത്തെ സമീപിക്കുമ്പോള്‍ ആ സേവനം ഇവിടെ നിന്ന് നല്‍കും. ഇലക്ട്രീഷ്യന്മാര്‍, പെയിന്‍റര്‍, പ്ലംബര്‍, വീട്ടുജോലി, ശുചീകരണ ജോലി, ഡ്രൈവര്‍, സെക്യൂരിറ്റി, പ്രസവാനന്തര ശുശ്രൂഷ ജോലിക്കാര്‍, മരപ്പണിക്കാര്‍, പൂന്തോട്ട പരിചരണക്കാര്‍, ഹോം നേഴ്സ് എന്നിങ്ങനെ വ്യത്യസ്ത മേഖലയില്‍ സേവനദാതാക്കളാകാന്‍ തയാറുള്ളവരുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.

പ്രവര്‍ത്തന രീതി

50 രൂപ രജിസ്ട്രേഷന്‍ തുക ഈടാക്കിയാണ് ലേബര്‍ ബാങ്കിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നത്. 232 പേര്‍ ഇതുവരെ ബാങ്കില്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. അവരുടെ സേവനത്തിനുള്ള പ്രതിഫലത്തിന്‍റെ ലിസ്റ്റും നല്‍കിയിട്ടു്. സേവനങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിലെ നമ്പരിലേക്ക് വിളിക്കുമ്പോള്‍ പ്രതിഫലത്തെക്കുറിച്ച് പറയും. സേവനദാതാക്കള്‍ ആവശ്യക്കാരുടെ അടുത്തെത്തിയ ശേഷം തുക വ്യക്തമായി തീരുമാനിക്കും. അതിന് ശേഷം ഉപജീവന കേന്ദ്രം വഴിയാണ് പ്രതിഫലം കൈമാറുന്നത്. പത്രങ്ങള്‍ വഴിയുള്ള വാര്‍ത്തകള്‍, കൗണ്‍സിലര്‍മാര്‍ സിഡിഎസ് അധികൃതര്‍ എന്നിവര്‍ വഴിയും ഈ വിവരം ഏവരിലും എത്തിക്കാന്‍ ശ്രമിക്കും. എന്‍യുഎല്‍എം നൈപുണ്യ പരിശീലനം വഴി ഹോം ഹെല്‍ത്ത് എയ്ഡ് എന്ന കോഴ്സില്‍ പരിശീലനം നേടിയ 14 പേരുള്‍പ്പെടുന്ന ഹോം ഹെല്‍ത്ത് ഗാര്‍ഡ് എന്ന പേരില്‍ സ്ത്രീകളുടെ ഒരു സേവന ദാതാക്കളുടെ സംഘവും പ്രവര്‍ത്തിക്കുന്നു. രോഗീപരിചരണത്തില്‍ എല്ലാവിധ സേവനവും നല്‍കും. പകല്‍ നില്‍ക്കുന്നതിന് 350 രൂപയും രാത്രി നില്‍ക്കുന്നതിന് 400 രൂപയുമാണ് ഒരു ദിനം ഈടാക്കുന്ന ഫീസ്.

ഗവേണിങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ് ഉപജീവന കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. നഗരസഭ ചെയര്‍പേഴ്സണ്‍, എല്ലാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരും, ദേശീയ നഗര ഉപജീവന ദൗത്യത്തിന്‍റെ സിറ്റി പ്രോഗ്രാം ഓഫീസര്‍ (നഗരസഭയിലെ ആരോഗ്യ വിഭാഗത്തിന്‍റെ പരമാധികാരി), മുനിസിപ്പല്‍ സെക്രട്ടറി എന്നിവരുള്‍പ്പെടുന്നതാണ് ഗവേണിങ് ബോഡി. സിറ്റി പ്രോഗ്രാം ഓഫീസര്‍, രണ്ട് സിഡിഎസിന്‍റെയും ചെയര്‍പേഴ്സണ്‍മാരും വൈസ് ചെയര്‍പേഴ്സണ്‍മാരും 3 നഗര ദരിദ്രര്‍ എന്നിവരുള്‍പ്പെടുന്നതാണ് എക്സിക്യൂട്ടീവ് കമ്മറ്റി.

ഭാവി

അസംസ്കൃത വസ്തു വിതരണം

ഗോതമ്പ്, അരി തുടങ്ങിയ കൂടുതല്‍ തരത്തിലുള്ള അസംസ്കൃത വസ്തുക്കള്‍ കൂടുതലായി വാങ്ങി ഉപജീവന കേന്ദ്രം വഴി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നു.

ലേബര്‍ ബാങ്ക്

ഒരു ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്താനും ഹൗസ്കീപ്പിങ്, അര്‍ബന്‍ സര്‍വീസ് ടീം (ഇലക്ട്രീഷ്യന്‍, പ്ലംബിങ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്ന) എന്നിവയും രൂപീകരിക്കും. ടാക്സി സേവനം ആരംഭിക്കാനും ലക്ഷ്യമിടുന്നു. മാര്‍ക്കറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സിഎല്‍സി വഴി കോട്ടയം ജില്ലാ മിഷന്‍ ലക്ഷ്യമിടുന്നുണ്ട്.