പി.എം.എ.വൈ - ലൈഫ് - 1030 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം നഗരസഭ

Posted on Monday, January 28, 2019

പി.എം.എ.വൈ - ലൈഫ് പദ്ധതിപ്രകാരം 1,000 ഭവനങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ നഗരസഭയായി തിരുവനന്തപുരം നഗരസഭ. പി.എം.എ.വൈ - ലൈഫ് പദ്ധതിപ്രകാരം ആകെ തെരഞ്ഞെടുക്കപ്പെട്ട 9,027 ഗുണഭോക്താക്കളാണ് ഉള്ളത്. ഇതില്‍ നാളിതുവരെ 1,030 ഗുണഭോക്താക്കള്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരി ച്ചിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഒരു നഗരസഭ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയധികം ഗുണഭോക്താക്കളുടെ വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നത്. പദ്ധതി തുകയായ നാലു ലക്ഷം രൂപയില്‍, നഗരസഭാ വിഹിതമായി 2 ലക്ഷം രൂപയും, കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ 2 ലക്ഷം രൂപയുമാണ് വിനിയോഗിക്കുന്നത്. തിരുവനന്തപുരം നഗരസഭയുടെ 6 ഡിപിആറികളിലായി 9,027 ഗുണഭോക്താക്കളാണുള്ളത്. ഒന്നാം ഡിപിആറില്‍ 1,370 ഉം, രണ്ടാം ഡിപിആറില്‍ 1,834 ഉം, മൂന്നാം ഡിപിആറില്‍ 1,851 ഉം, നാലാം ഡിപിആറില്‍ 2,103 ഉം, അഞ്ചാം ഡിപിആറില്‍ 585 ഉം, ആറില്‍ 1,284 ഉം ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഈ പദ്ധതിയ്ക്കായി 4 ലക്ഷം രൂപ നിരക്കില്‍ ആകെ 361 കോടി രൂപയാണ് ചെലവ് വരുന്നത്. പ്രസ്തുത പദ്ധതിയില്‍ കേന്ദ്ര - സംസ്ഥാന വിഹിതമായി 49.47 കോടി രൂപയും, നഗരസഭാ വിഹിതമായി 51.13 കോടി രൂപയും ലഭ്യമായിട്ടുണ്ട്. നാളിതുവരെ 97.6 കോടി രൂപ ചിലവഴിച്ചിട്ടുണ്ട്. നിലവില്‍ പൂര്‍ത്തിയായ ഭവനങ്ങള്‍ക്ക് പുറമേ വരുന്ന ഒരു വര്‍ഷത്തിനകം മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഭവനം നിര്‍മ്മിച്ചുനല്‍കുവാന്‍ കഴിയും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ നേട്ടം കൈവരിച്ച നഗരസഭയുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്. പി.എം.എ.വൈ - ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഗുണഭോക്താക്കളെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപയ്ക്ക് പുറമേ 24,390/- രൂപ ധനസഹായവും നഗരസഭ നല്‍കിവരുന്നു. പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും, പി.എം.എ.വൈ - ലൈഫ് ഗുണഭോക്താക്കള്‍ക്ക് അയ്യങ്കാളി തൊഴിലുറപ്പ് കാര്‍ഡും, ഗഡു വിതരണവും, ഉള്‍പ്പെടെയുള്ള പരിപാടികള്‍ വരുംദിവസങ്ങളില്‍ നടക്കും.